ഐഎസ്എൽ

ഐ.എസ്.എല്ലിന് ഒക്ടോബറിൽ കിക്കോഫ്? ഫുട്ബാൾ ഫെഡറേഷനും എഫ്.എസ്.ഡി.എലും തമ്മിൽ ധാരണയായെന്ന്

ന്യൂഡൽഹി: അനിശ്ചിതത്വത്തിലായ ഇന്ത്യൻ സൂപ്പർ ലീഗിന് ശാപമോചനമായി ഒക്ടോബർ അവസാനത്തിൽ കിക്കോഫ്? അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ്‍ ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

പുതിയ സീസൺ ഐ.എസ്.എൽ സീസൺ ഒക്ടോബർ 24ന് പുനരാരംഭിക്കാൻ തീരുമാനമായെന്നാണ് റിപ്പോർട്ട്. ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താൻ നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരം അവസാന ഹിയറിങ് തീയതിയായ ആഗസ്റ്റ് 28നു നിർദേശം കോടതിയെ അറിയിക്കുമെന്ന് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.

അനിശ്ചിതത്വം തുടർന്നത് ടീമുകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ചില ടീമുകൾ താരങ്ങൾക്ക് ശമ്പളം നൽകുന്നത് വെട്ടിക്കുറച്ചും പരിശീലനമടക്കം നിർത്തിവെച്ചും സാമ്പത്തിക ഭാരം കുറക്കാൻ നടപടികൾ ആരംഭിച്ചു. ഈ സീസണിൽ കളി നടത്താനായില്ലെങ്കിൽ ഐ.എസ്.എൽ തന്നെ അവതാളത്തിലാകുമെന്ന ആശങ്കകളുമുയർന്നു. ഇതിനിടെയാണ് അവസാനവട്ട ശ്രമങ്ങൾ. ഫെഡറേഷന്റെ നിലവിലെ കരട് ഭരണഘടന പ്രകാരം എഫ്.എസ്.ഡി.എലുമായി കരാർ പുതുക്കാൻ പറ്റില്ലെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതും പ്രശ്നങ്ങൾ പരിഹരിക്കുന്നത് പ്രയാസത്തിലാക്കി.

ഐലീഗ് ടീമുകൾക്കുമുണ്ട് നിർദേശങ്ങൾ

അതിനിടെ, ഐ ലീഗ് ടീമുകളും പുതിയ സീസൺ മുതൽ തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. 10 ടീമുകളായി പരിമിതപ്പെടുത്തി തരംതാഴ്ത്തലും താഴെ ഡിവിഷനുകളിൽനിന്ന് സ്ഥാനക്കയറ്റവും വേണമെന്നാണ് ഒരാവശ്യം.

ഐസ്വാൾ, നാംധാരി, രാജസ്ഥാൻ യുനൈറ്റഡ്, ഡെംപോ, ഗോകുലം കേരള, റിയൽ കശ്മീർ, ശ്രീനിധി ഡെക്കാൺ, ഷില്ലോങ്, ലജോങ്, ഡയമണ്ട് ഹാർബർ, ചാൻമാരി എഫ്.സി എന്നിവ ചേർന്നാണ് നിലവിലെ ഭരണഘടന കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിക്ക് നിർദേശങ്ങൾ സമർപ്പിച്ചത്. എ.എഫ്.സി രൂപരേഖ പ്രകാരം തരംതാഴ്ത്തലും സ്ഥാനക്കയറ്റവും ഉണ്ടാകണം.

ഐലീഗിൽ കഴിഞ്ഞ ചാമ്പ്യന്മാരായ മുഹമ്മദൻ സ്പോർട്ടിങ് കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ കളിച്ചിരുന്നു.

Tags:    
News Summary - ISL to kick off in October? Football Federation and FSDL reach an agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.