കൈറോ: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയോട് എതിർ ടീമിലെ താരങ്ങൾക്കുപോലും ആരാധനയുണ്ടാവുക സ്വാഭാവികം. അർജന്റീനയുമായാണ് കളിയെങ്കിൽ മറുഭാഗത്തുള്ളവർ ഏറ്റവുമധികം ഭയപ്പെടുന്നതും മെസ്സിയെത്തന്നെ. ഈ ആരാധനയും ഭയവും കുറക്കുന്നതിന് ഈജിപ്ത് പരിശീലകൻ ഹുസാൻ ഹസ്സൻ ഒരു സൂത്രം കണ്ടെത്തിയിരുന്നു. മെസ്സിയെന്ന പേര് ഒഴിവാക്കി ജഴ്സി നമ്പർ മാത്രം പറയുക. മെസ്സിയൊരു നീക്കം നടത്തുമ്പോൾ ‘നമ്പർ 10നെ’ ക്ലിയർ ചെയ്യാനായിരുന്നു ഹുസാം കളിക്കാരോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. പ്രീക്വാർട്ടറിൽ അർജന്റീനയോട് തോറ്റ് പുറത്തായശേഷം നാട്ടിലെത്തിയ പരിശീലകൻ ഈജിപ്ഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘ഒരു കളിക്കാരനെ മാത്രം ആശ്രയിക്കാതിരിക്കാൻ പാകത്തിലുള്ള സാങ്കേതികവും തന്ത്രപരവുമായ ഒരു ശൈലി ടീമിനുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിച്ചു. കൂടാതെ, മാനസികമായ കാര്യങ്ങൾ പരിഗണിക്കുമ്പോൾ, എതിർ ടീമിന്റെയോ അവരുടെ കളിക്കാരുടെയോ പേരുകൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ടീമിനുള്ളിൽ അപകർഷബോധം ഉണ്ടാകാതിരിക്കാൻ, എതിരാളികളുടെ ജഴ്സിയുടെ നിറം നോക്കാതെ, കളിക്കാരെ തുടക്കം മുതലേ സജ്ജരാക്കി. തന്ത്രപരമായ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ, മെസ്സി ഒരു നീക്കം നടത്തിയാൽ പോലും അദ്ദേഹത്തിന്റെ പേര് പറയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. കളിക്കാരുടെ മനസ്സിൽ അമിതമായ ബഹുമാനമോ ഭയമോ ഉണ്ടാകാതിരിക്കാൻ ‘പത്താം നമ്പർ താരം’ അല്ലെങ്കിൽ ‘ആ നമ്പർ താരം’ എന്നിങ്ങനെ വിളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’’ -ഹുസാം തുടർന്നു.
റൗണ്ട് ഓഫ് 16 മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച ഈജിപ്ഷ്യൻ പരിശീലകൻ, റഫറി തന്റെ തീരുമാനങ്ങളിലൂടെ ‘‘അനാവശ്യമായ സമ്മർദം സൃഷ്ടിച്ചു’’ എന്ന് ആവർത്തിച്ചു പറഞ്ഞു. ‘‘തുടർച്ചയായി സംഭവിച്ച കാര്യങ്ങൾ കളിക്കാരെ പരിഭ്രാന്തരാക്കി. അദ്ദേഹം തെറ്റായ രീതിയിൽ കാർഡുകൾ നൽകുകയും ഫൗളുകൾ വിളിക്കുകയും ചെയ്തു’’-ഹുസാം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.