മിലാൻ: തുടർച്ചയായി മൂന്ന് ലോകകപ്പുകൾക്ക് യോഗ്യത നേടാനാകാതെ നാണംകെട്ട ഇറ്റാലിയൻ ഫുട്ബാളിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ വമ്പൻ നീക്കങ്ങൾ. ഇതിഹാസ താരം പൗലോ മാൾഡീനി ഇറ്റാലിയൻ ഫുട്ബാളിന്റെ അമരക്കാരനായി എത്തിയതോടെയാണ് ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തകൾ പുറത്തുവരുന്നത്.
മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകനും ലോകത്തെ ഏറ്റവും മികച്ച തന്ത്രജ്ഞനുമായ പെപ് ഗ്വാർഡിയോളയെ ഇറ്റലിയുടെ കോച്ചായി കൊണ്ടുവരാനാണ് മാൾഡീനിയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.
ഇറ്റാലിയൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി പെപ് ഗ്വാർഡിയോളയുടെ പേര് സജീവ പരിഗണനയിലുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ തകർച്ചയിൽ നിന്ന് 'അസൂറികളെ' ഉയിർത്തെഴുന്നേൽപ്പിക്കാൻ പെപ്പിനെപ്പോലൊരു ലോകോത്തര കോച്ചിന് മാത്രമേ സാധിക്കൂ എന്ന വിലയിരുത്തലിലാണ് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ.
ആദ്യ വെല്ലുവിളിയുമായി മാൾഡീനി
ഇറ്റാലിയൻ ഫുട്ബാളിന്റെ ടെക്നിക്കൽ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് പൗലോ മാൽഡീനി ചുമതലയേറ്റത്. ഇറ്റലിക്കായി 1993 മുതൽ 2002 വരെ 127 മത്സരങ്ങളിൽ ബൂട്ടുുകെട്ടിയ ഈ മുൻ പ്രതിരോധ കോട്ടയുടെ വരവ് ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ മാൾഡീനിക്ക് മുന്നിലുള്ള ആദ്യത്തെയും ഏറ്റവും വലിയതുമായ വെല്ലുവിളി ദേശീയ ടീമിനായി ഒരു പുതിയ പരിശീലകനെ കണ്ടെത്തുക എന്നതാണ്.
പെപ് ഗ്വാർഡിയോളയ്ക്കൊപ്പം മുൻ കോച്ചുമാരായ അന്റോണിറ്റോ കോന്റെ, റോബർട്ടോ മാൻസീനി എന്നിവരുടെ പേരുകളും ഇറ്റാലിയൻ ഫെഡറേഷന്റെ ചുരുക്കപ്പട്ടികയിലുണ്ട്. എന്നാൽ ഇറ്റലിയെ മുൻപ് പരിശീലിപ്പിച്ച കോന്റെയ്ക്കും മാൻസീനിക്കും മാൾഡീനിയുടെ 'ഗുഡ്‌ലിസ്റ്റിൽ' സ്ഥാനമില്ലെന്നാണ് സൂചന. തകർന്നടിഞ്ഞ ഇറ്റാലിയൻ ഫുട്ബാളിന് ഒരു പുതിയ ശൈലിയും ഊർജ്ജവും നൽകാൻ പെപ് ഗ്വാർഡിയോള തന്നെ എത്തണമെന്ന വാശിയിലാണ് മാൾഡീനി.
ക്ലബ് ഫുട്ബാളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ പെപ് ഗ്വാർഡിയോള ഇറ്റലിയുടെ ഈ ഓഫർ സ്വീകരിക്കുമോ എന്നാണ് ഇപ്പോൾ ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. മാൾഡീനിയുടെ ഈ വമ്പൻ തന്ത്രം വിജയിച്ചാൽ ഇറ്റാലിയൻ ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവിനാകും വരും ദിവസങ്ങളിൽ കളമൊരുങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.