മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ്, സെമി ഫൈനൽ, ഫൈനൽ മത്സര തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 29, 30 തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ. സെമി ഫൈനൽ ഒന്നാംപാദം ഏപ്രിൽ രണ്ടിനും മൂന്നിനും രണ്ടാംപാദം ആറിനും ഏഴിനും നടക്കും. 12നാണ് കിരീടപ്പോരാട്ടം. ലീഗ് റൗണ്ട് മത്സരങ്ങൾ മാർച്ച് 12ന് സമാപിച്ചിരുന്നു. ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും എഫ്.സി ഗോവയും നേരിട്ട് സെമിയിലെത്തി. മൂന്നുമുതൽ ആറുവരെ സ്ഥാനക്കാരായി യഥാക്രമം ബംഗളൂരു എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ജാംഷഡ്പുർ എഫ്.സി, മുംബൈ സിറ്റി എഫ്.സി ടീമുകൾ പ്ലേ ഓഫിൽ ഇടംപിടിച്ചു.
29ന് ആദ്യ നോക്കൗട്ടിൽ മുംബൈ സിറ്റിയെ ബംഗളൂരു നേരിടും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. പിറ്റേന്ന് നോർത്ത് ഈസ്റ്റും ജാംഷഡ്പുരും ഏറ്റുമുട്ടും. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയമായിരിക്കും വേദി. രണ്ടിന് സെമി ഒന്നാംപാദം ഗോവയുമായി ഒന്നാം നോക്കൗട്ടിലെ വിജയികളുടെ മൈതാനത്ത് നടക്കും. മൂന്നിന് ബഗാനുമായി രണ്ടാം നോക്കൗട്ടിലെ വിജയികൾ സ്വന്തം തട്ടകത്തിൽ സെമിക്കിറങ്ങും. തുടർന്ന് ആറിനും ഏഴിനും യഥാക്രമം ഗോവ ഫത്തോർഡ സ്റ്റേഡിയത്തിലും കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലും രണ്ടാംപാദ മത്സരം നടക്കും. അവസാന രണ്ട് ടീമുകളിൽ, ലീഗ് പോയന്റ് പട്ടികയിൽ മുന്നിലുള്ളവരുടെ മൈതാനത്തായിരിക്കും 12ലെ കലാശക്കളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.