സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം; ഒഡിഷയെ വീഴ്ത്തിയത് 3-2ന്

കൊ​ച്ചി: സ്വന്തം മൈതാനത്ത് ആവേശപ്പോരിനൊടുവിൽ  കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഒഡിഷ എഫ്.സിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. പുതുവർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

കലൂർ സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ പതർച്ചയോടെയാണ് മഞ്ഞപ്പടയുടെ തുടക്കം. കളിതുടങ്ങി നാലാം മിനിറ്റിൽ തന്നെ ഒഡിഷ ലീഡെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പാളിച്ച മുതലെടുത്ത് ഒഡിഷ മിഡ്ഫീൽഡർ ജെറി മവിമിങ്താംഗയാണ് ഗോൾ നേടിയത് (സ്കോർ 1-0).

നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നുള്ള പന്ത് ഒഡിഷ കളിക്കാരുടെ കാലിലേക്കെന്തുമ്പോൾ പന്ത് മൈതാനമധ്യത്തില്‍ തൊട്ടടുത്ത് നിന്ന പ്രീതം കോട്ടാലിനെ കാഴ്ച്ചക്കാരനാക്കി ഡോറില്‍ട്ടണ്‍ ഗോമസ് പന്ത് ജെറി മവിമിങ്താംഗയ്ക്ക് ഹെഡ് ചെയ്തു നൽകുകയായിരുന്നു. രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ഗോളിയെയും മറികടന്ന് ജെറി പന്ത് കൃത്യം വലയിലാക്കി.

തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുത്ത് കളിച്ചുകയറാനുള്ള ശ്രമമായിരുന്നു പിന്നീടുള്ള ആദ്യ പകുതിയിലുടനീളം കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. 12ാം മിനിറ്റിൽ ലഭിച്ച ആദ്യ കോർണർ കിക്കും ഗോളാക്കാൻ ആതിഥേയർക്കായില്ല. നോഹ സദൂയിയുടെയും ക്വാമെ പെപ്രയുടെയും അഡ്രിയാൻ ലൂണയുടെയുമെല്ലാം പലവിധ പരിശ്രമങ്ങളും ഗോൾ രഹിതമായി നീങ്ങിയപ്പോൾ വിരസമായ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാനായില്ല.

ഒന്നിനു പകരം രണ്ടായി തിരിച്ചടി..

തുടക്കത്തിലെ ഇരുട്ടടിയിൽ നിന്നും തുടർന്നുള്ള തകർച്ചയിൽ നിന്നും പാഠമുൾക്കൊണ്ട് ആഞ്ഞുകളിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. 60ാം മിനിറ്റിൽ കോറോ സിങ് നൽകിയ പാസിലൂടെ ബ്ലാസ്റ്റേഴ്സിെൻറ പെപ്ര ആദ്യ ഗോളിന് തിരിച്ചടി നൽകി. അതുവരെ നിശബ്ദരായിരുന്ന ഗ്യാലറിയിൽ ആവേശത്തിരയിളക്കം. കോറു സിങ് വലതുഭാഗത്ത് നിന്ന് നല്‍കിയ പന്തുമായി മുന്നേറിയ പെപ്ര രണ്ട് ഒഡീഷ താരങ്ങളെയും വലക്കു മുന്നിൽ നിലയുറപ്പിച്ച അമരീന്ദര്‍ സിങിനെയും വെട്ടിച്ചു, വലക്കരികില്‍ വെച്ച് ആഞ്ഞടിച്ചപ്പോൾ കിറുകൃത്യം വലയിൽ പതിച്ചു(സ്കോർ 1-1).

ഈ ഗോളിെൻറ ആവേശവും അലയൊലിയും അണയും മുമ്പേ അലക്്‌സാണ്ടര്‍ കോയെഫിനു പകരക്കാരനായി എത്തിയ ജീസസ് ജെമിനിസ് അടിച്ച ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് കളിയിൽ ആധിപത്യമായി. 73ാം മിനിറ്റിലായിരുന്നു ഇത്. വലതുഭാഗത്ത് നിന്ന് ബോക്‌സിലേക്ക് ലൂണയുടെ ക്രോസ്, ഇടതുഭാഗത്തായി നിന്ന സദൂയി ഹെഡറിലൂടെ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജെമിനിസിന് നല്‍കിയപ്പോൾ പകരക്കാരനായി ഇറക്കിയത് ശരിയായ തീരമാനമെന്ന് തെളിയിച്ച് ജെമിനിസ് സുന്ദരമായൊരു ഷോട്ടുതിർത്തു. സ്കോർ(2-1).

80ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികെ നിന്ന് ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ഒഡീഷ രണ്ടാം ഗോള്‍ നേടി. ആദ്യ ഷോട്ട് സച്ചിന്‍ തട്ടിയകറ്റി, റീബൗണ്ട് ചെയ്ത പന്തില്‍ വീണ്ടും ഒഡീഷയുടെ പ്രഹരം. ഇത്തവണയും പന്ത് തടഞ്ഞെങ്കിലും കയ്യിലൊതുക്കാന്‍ സച്ചിന്‍ സുരേഷിനായില്ല. തൊട്ടരികെ നിന്ന ഡോറില്‍ട്ടണ്‍ അവസരം മുതലാക്കി, കളി വീണ്ടും സമനിലയിലായി. 83ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഒഡീഷയുടെ പകരം കാര്‍ലോസ് ഡെല്‍ഗാഡോ പുറത്തായി. അവസാന നിമിഷങ്ങളിൽ ഒരു ഗോൾ കൂടി അടിച്ച് വിജയം കൈവരിക്കാമെന്ന മഞ്ഞപ്പടയുടെ മോഹം നോഹ സദൂയി സാക്ഷാത്കരിക്കുകയായിരുന്നു. വിബിൻ മോഹനൻ നൽകിയ പാസിലൂടെയായിരുന്നു നോഹയുടെ വിജയഗോൾ.

രാഹുൽ ഇറങ്ങിയില്ല

പഞ്ചാബ് എഫ്‌സിക്കെതിരെ ജയിച്ച ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഡാനിഷ് ഫാറൂഖ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവരെ പുറത്തിരുത്തി. പ്രീതം കോട്ടാലും അലക്‌സാണ്ടര്‍ കോയെഫും ആദ്യ ഇലവനില്‍ ഇടം നേടി. സച്ചിന്‍ സുരേഷായിരുന്നു ഗോള്‍വലയ്ക്ക് മുന്നില്‍.

പ്രതിരോധത്തില്‍ പ്രീതം കോട്ടല്‍, സന്ദീപ് സിങ്, നവോച്ച സിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, അലക്്‌സാണ്ടര്‍ കോയെഫ്. മുന്നേറ്റത്തില്‍ നോഹ സദൂയി, കോറു സിങ്, ക്വാമെ പെപ്ര. ബ്ലാസ്റ്റേഴ്സിൽ നിന്നിറങ്ങി ഒഡിഷ എഫ്.സിയിലേക്ക് കൂടുമാറിയ മലയാളി താരം രാഹുൽ കെ.പിയെ ടീം ഇറക്കിയിരുന്നില്ല. ഒഡീഷയുടെ ഗോള്‍ കീപ്പറായി അമരീന്ദര്‍ സിങ് തുടര്‍ന്നു. അമയ് രണദാവെ, ജെറി ലാല്‍റിന്‍സുവാല, തോയ്ബ സിങ്, മൗര്‍ത്തദ ഫാള്‍ എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ റഹീം അലി, അഹമ്മദ് ജഹൗ, രോഹിത് കുമാര്‍, ജെറി മവിമിങ്താന. മുന്നേറ്റത്തില്‍ ദ്യേഗോ മൗറീസിയോയും ഡോറില്‍ട്ടനും.

Tags:    
News Summary - ISL: Kerala Blasters win against Odisha FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.