മോഹൻ ബഗാൻ ക്ലബ് പ്രവർത്തനം നിർത്തിവെച്ചു, ബി.സി.സി.ഐയോട് സഹായം തേടി ഈസ്റ്റ് ബംഗാൾ; ഐ.എസ്.എൽ അനിശ്ചിതത്വത്തിൽ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് ക്ലബ് പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഐ.എസ്.എൽ സ്പോൺസർഷിപ്പിനുള്ള ടെൻഡർ സമയപരിധി അവസാനിച്ചിട്ടും ഒരു കമ്പനി പോലും താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടില്ലെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) അറിയിച്ചതിനു പിന്നാലെയാണ് ക്ലബ് പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.

താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്‍റെയും കരാർ അടുത്ത മാസം പുനപരിശോധിക്കുമെന്നും ക്ലബ് അറിയിച്ചു. ഐ.എസ്.എൽ പുതിയ സീസൺ ഡിസംബറിൽ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ അടുത്തയാഴ്ച ടീം ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് ക്ലബിന്‍റെ തീരുമാനം. ‘ഐ.എസ്.എൽ സീസണിൽ വ്യക്തതയില്ലാത്തതിനാൽ ടീം ക്യാമ്പ് അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുകയാണ്. അടുത്ത മാസം താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കരാർ പുനപരിശോധിക്കും. ആരുടെയും ശമ്പളം തടഞ്ഞുവെച്ചിട്ടില്ല’ -ക്ലബ് അധികൃതർ അറിയിച്ചു.

ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) മുന്നോട്ടുവരണമെന്ന് ഈസ്റ്റ് ബംഗാൾ സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത സർക്കാർ ആവശ്യപ്പെട്ടു. ‘വ്യക്തിപരമായി എനിക്കൊരു അഭ്യർഥനയുണ്ട്. ലോകത്തിലുടനീളവും ഇന്ത്യയിലും ഏറ്റവും ജയപ്രിയ കായിക ഇനങ്ങളിലൊന്നാണ് ഫുട്ബാൾ. അതുകൊണ്ട് ബി.സി.സി.ഐ ചുരുങ്ങിയത് നാല്-അഞ്ച് വർഷത്തേക്ക് ഇന്ത്യൻ ഫുട്ബാളിനെ സ്പോൺസർ ചെയ്യണമെന്നാണ് അഭ്യർഥന. അവർക്ക് 100-150 കോടി രൂപ അത്ര വലിയൊരു തുകയല്ല. അവർ ഏറ്റെടുത്താൽ, ഇന്ത്യൻ ഫുട്ബാളിന് മികച്ച രീതിയിൽ മുന്നോട്ട് പോകാനാകും. ഇതിനേക്കാൾ മികച്ച ഒന്നിനെ ഇനി കിട്ടില്ല’ - ദേബബ്രത പ്രതികരിച്ചു.

അതേസമയം, ഈസ്റ്റ് ബംഗാൾ ക്ലബ് പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടില്ല. സൂപ്പർ കപ്പ് സെമിയിൽ കടന്ന ടീമിന്‍റെ ക്യാമ്പ് തിങ്കളാഴ്ച പുനരാംരഭിക്കും. ഗോൾ വ്യത്യാസത്തിലാണ് മോഹൻ ബഗാനെ മറികടന്ന് ഈസ്റ്റ് ബംഗാൾ സെമിയിലെത്തിയത്. ഡിംസബർ നാലിനു നടക്കുന്ന സെമിയിൽ പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ.

കോടതിയും കേസും അവസാനിച്ചതോടെ, ഡിസംബറിൽ ഐ.എസ്.എൽ സീസൺ കിക്കോഫ് കുറിക്കുമെന്ന് എ.ഐ.എഫ്.എഫ് പ്രഖ്യാപിച്ചെങ്കിലും ടൂർണമെന്റ് സംഘാടനത്തിന് വാണിജ്യ പങ്കാളികളകാൻ ആരും സന്നദ്ധത അറിയിച്ച് രംഗത്തുവരാത്തതാണ് ടൂർണമെന്‍റിന്‍റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. സ്പോൺസർഷിപ്പിനുള്ള ടെൻഡർ സമയപരിധി വെള്ളിയാഴ്ച വൈകീട്ട് അവസാനിച്ചപ്പോൾ ഒരു കമ്പനി പോലും താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടില്ല. വരും ദിവസം തന്നെ ബിഡ് കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കുമെന്ന് ഫെഡറേഷൻ അറിയിപ്പിലൂടെ വ്യക്തമാക്കി.

ഒക്ടോബർ 16നായിരുന്നു പ്രസിഡന്റ് കല്യാൺ ചൗബെയുടെ നേതൃത്വത്തിൽ സ്പോൺസർഷിപ് ബിഡ് നടപടികൾക്ക് തുടക്കം കുറിച്ചത്. ഒക്ടോബറിൽ നടന്ന പ്രീ ബിഡ് കോൺഫറൻസിൽ റിലയൻസിനു കീഴിലെ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ), ഫാൻ കോഡ്, കൺസയന്റ് ഹെറിറ്റേജ് ഗ്രൂപ്പ്, ഒരു വിദേശ കൺസോർഷ്യം എന്നീ നാല് സംഘങ്ങൾ പങ്കെടുത്തുവെങ്കിലും ഇവരാരും ബിഡ് സമർപ്പിച്ചില്ല.

കഴിഞ്ഞ 11 സീസണിന്റെ നടത്തിപ്പ് ചുമതല വഹിച്ച എഫ്.എസ്.ഡി.എൽ മാസ്റ്റർ റൈറ്റ്റ് അഗ്രിമെന്റ് പ്രകാരമായിരുന്നു ടൂർണമെന്റ് നടത്തിയത്. ഗ്ലോബൽ കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജി നേതൃത്വത്തിൽ തയ്യാറാക്കിയ എ.ഐ.എഫ്.എഫിന്റെ ബിഡ് നിബന്ധനകളാണ് വിലങ്ങു തടിയാകുന്നത്. വർഷം 37.5 കോടി രൂപ അല്ലെങ്കിൽ ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനം എ.ഐ.എഫ്.എഫിന് നൽകണമെന്ന വ്യവസ്ഥയാണ് കമ്പനികളുടെ പ്രധാന തടസ്സം. എന്നാൽ, പ്രതിവർഷം 200-300 കോടി വരെ നഷ്ടമുള്ള ഐ.എസ്.എലിന്റെ വിപണി സാധ്യതകൾ വിശകലനം ചെയ്യുമ്പോൾ ഫുട്ബാൾ ഫെഡറേഷന്റെ ആവശ്യം ഉൾകൊള്ളാൻ കഴിയില്ലെന്നും വ്യക്തമാക്കി.

Tags:    
News Summary - ISL Crisis: Mohun Bagan Stops Football Activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.