ന്യൂഡല്‍ഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഭാവി അനിശ്ചിതത്വത്തിൽ. നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ 2025-26 സീസൺ അനിശ്ചിതമായി നീട്ടി. ഇതുസംബന്ധിച്ച് ക്ലബുകളെയും ഫുട്ബാള്‍ ഫെഡറേഷനെയും എഫ്.എസ്.ഡി.എൽ രേഖാമൂലം അറിയിച്ചു.
റിലയന്‍സ് ഗ്രൂപ്- സ്റ്റാർ സംയുക്ത സംരംഭമാണ് എഫ്.എസ്.ഡി.എൽ. 2010ലാണ് ഫുട്ബാൾ ഫെഡറേഷനും എഫ്.എസ്.ഡി.എലും തമ്മിൽ 15 വർഷത്തേക്ക് മത്സര സംപ്രേഷണ കരാറിലെത്തിയിരുന്നത്. നിലവിലെ വ്യവസ്ഥകൾ പ്രകാരം പ്രതിവർഷം 50 കോടിയോ മൊത്തം വരുമാനത്തിന്റെ 20 ശതമാനമോ എഫ്.എസ്.ഡി.എൽ നൽകണം. പകരം സംപ്രേഷണാവകാശം ഉൾപ്പെടെ വാണിജ്യാവകാശങ്ങൾ കമ്പനിക്കാകും. സാമ്പത്തികനഷ്ടം നേരിട്ട ലീഗിൽ തങ്ങൾക്കു കൂടി യുക്തമായ കരാറിലെത്തണമെന്നാണ് എഫ്.എസ്.ഡി.എൽ ആവശ്യം. ഇതുസംബന്ധിച്ച ചർച്ചകൾക്ക് കമ്പനി വിവിധ ക്ലബ് ഉടമകളെ ബന്ധപ്പെട്ടിരുന്നു.
ഫുട്ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട് കേസുകൾ തുടരുന്നതും പുതിയ ഭരണഘടന ഇനിയും സുപ്രീംകോടതി അംഗീകാരം നൽകാത്തതിനാൽ ഭാരവാഹികൾ പുതിയ കരാറിലെത്തുന്നതിന് വിലക്കുള്ളതുമാണ് വില്ലനാകുന്നത്.
സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസണ്‍ മത്സര കലണ്ടർ പുറത്തിറക്കിയത്. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
ഇന്ത്യൻ ഫുട്ബാളിന് ആഗോള മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ 2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടു. കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവത്കരിച്ച് ഐ.എസ്.എല്‍ നടത്താനാണ് എഫ്.എസ്.ഡി.എല്ലിന് താല്‍പര്യമെന്നും സൂചനയുണ്ട്. ഇതില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബുകള്‍ക്കാവും. എഫ്.എസ്.ഡി.എല്‍ 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.