സിറ്റിയെ ആരു രക്ഷിക്കും?

ആറു സീസണിൽ അഞ്ചു തവണയും പ്രീമിയർ ലീഗ് കിരീട ജേതാക്കൾ. പ്രീമിയർ ലീഗിനൊപ്പം ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പുമായി കിരീട ട്രിപ്പിളടിച്ചിട്ട് 18 മാസം. കഴിഞ്ഞ നവംബർ അവസാനം വരെ തോൽവിയറിയാതെ 32 കളികളുമായി കുതിപ്പു തുടർന്നവർ... ഇതത്രയും പഴങ്കഥയാകുമെന്നും തോൽവിത്തുടർച്ചകളുടെ കേട്ടുകേൾവിയില്ലാ കയത്തിൽ ടീം മുങ്ങിത്താഴുമെന്നും പെപ് ഗാർഡിയോളയെന്ന തന്ത്രങ്ങളുടെ ആശാൻ കരുതിക്കാണുമോ?

ആഴ്സനലിനോട് 5-1ന്റെ തോൽവി പോലുമിപ്പോൾ പെപ്പിന്റെ കുട്ടികളെ ഞെട്ടിക്കാൻ പോന്നതല്ലാതായിരിക്കുന്നു. ആറു കളികളിൽ ഒന്നുപോലും ജയിക്കാതെ നിന്നവർ സ്പോർട്ടിങ്ങിനോട് 4-1നും ടോട്ടൻഹമാനിനോട് 4-0നും ഫെയനൂർദിനു മുന്നിൽ 3-0നും വീണിട്ട് ഏറെയായിട്ടില്ല. ഡെർബിയിൽ സമീപകാല ചരിത്രം മാറ്റിയെഴുതി യുനൈറ്റഡ് വിജയിച്ചതും പുതുകാല ചരിത്രം.

പുതുവർഷത്തിൽ പക്ഷേ, അൽപം മാറ്റമൊക്കെയുണ്ടായിരുന്നു. പി.എസ്.ജിയോട് മാത്രമാണ് ടീം ആഴ്ചകൾക്കിടെ തോറ്റത്. അതിന്റെ സന്തോഷം അവസാനിക്കുന്നതായി ആഴ്സനലിനോടുള്ള വൻതോൽവി. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് സിറ്റിയെ സ്വന്തം തട്ടകത്തിൽ ഗണ്ണേഴ്സ് തരിപ്പണമാക്കിയത്. രണ്ടാം മിനിറ്റിൽ പ്രതിരോധത്തിലെ പിഴവിന് ഗോൾ സമ്മാനമായി നൽകിയവർ ഒരുവട്ടം ഒപ്പം പിടിച്ച ശേഷമായിരുന്നു നാലെണ്ണം കൂടി തിരിച്ചുവാങ്ങി കളി തോറ്റത്. സ്വന്തം ബോക്സിൽ മാനുവൽ അകാൻജിക്ക് പറ്റിയ പിഴവിൽനിന്നാണ് ആഴ്സനൽ ആദ്യ ഗോളും ലീഡും കുറിക്കുന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡീഗാർഡായിരുന്നു സ്കോറർ.

55ാം മിനിറ്റിൽ ഉയർന്നുചാടി എർലിങ് ഹാലൻഡ് സിറ്റിയെ ഒപ്പമെത്തിച്ചു. കളി സിറ്റിക്ക് അനുകൂലമാകുമെന്ന സൂചനകൾ അവസാനിപ്പിച്ച് രണ്ടു മിനിറ്റിനിടെ തോമസ് പാർട്ടി വീണ്ടും ഗണ്ണേഴ്സിന് ലീഡ് നൽകി. ഹാവർട്സും പയ്യന്മാരായ ലൂയിസ് സ്കെല്ലിയും എഥൻ വനേരിയും ചേർന്ന് പട്ടിക പൂർത്തിയാക്കി.

Tags:    
News Summary - Is this really the end of an era for Manchester City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.