ഇന്ത്യൻ താരം ആഷിഖ് കുരുണിയന്റെ ഷോട്ട് ലബനാൻ ഗോൾ കീപ്പർ സബാഹ് തടഞ്ഞപ്പോൾ
ഭുവനേശ്വർ: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാളിലെ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യയും ലബനാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ച രാത്രി കലിംഗ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇരു ടീമും ഗോളവസരം വിനിയോഗിക്കുന്നതിൽ പരാജയമായപ്പോൾ ആർക്കും ജയിക്കാനായില്ല. വൈകീട്ട് നടന്ന മത്സരത്തിൽ മംഗോളിയയെ വനുവാതു ഏക ഗോളിന് വീഴ്ത്തിയതോടെതന്നെ ലബനാൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നതിനാൽ റിഹേഴ്സലായിരുന്നു ഈ കളി. ഇന്ത്യക്ക് ഏഴും ലബനാന് അഞ്ചും വനുവാതുവിന് മൂന്നും മംഗോളിയക്ക് ഒരു പോയന്റുമാണുള്ളത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബെഞ്ചിലിരുത്തി കോച്ച് ഇഗോർ സ്റ്റിമാക് പരീക്ഷിച്ച ആദ്യ ഇലവനിൽ മലയാളികളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുസ്സമദുമുണ്ടായിരുന്നു. പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ആഷിഖ് കളം നിറഞ്ഞു. ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇന്ത്യക്ക് രണ്ട് സുവർണാവസരങ്ങൾ ലഭിച്ചിരുന്നു. നാലാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ തുലച്ചുകളഞ്ഞു. ബോക്സിൽ ചാങ്തെ നൽകിയ പന്തിൽ ലബനാൻ ഗോളി സബാഹ് മാത്രം മുന്നിൽ നിൽക്കെ ഥാപ്പക്ക് പിഴച്ചു.
പിന്നാലെ ലബനാന്റെ പ്രത്യാക്രമണവുമുണ്ടായി. 19ാം മിനിറ്റിൽ ആഷിഖിന്റെ ഊഴം. ബോക്സിൽനിന്ന് പന്ത് തൊടുത്തത് ഗോളി ഡൈവ്ചെയ്ത് കൈകളിലൊതുക്കി. രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങളും ഫലം കണ്ടില്ല. 57ാം മിനിറ്റിൽ ആഷിഖിനെ പിൻവലിച്ച് റഹീം അലിയെയും 72ൽ സഹലിന് പകരം മഹേഷിനെയും ഇറക്കി. 81ൽ ഉദാന്ത സിങ്ങിനെ വലിച്ചപ്പോൾ ഛേത്രിയും കളത്തിൽ.
ലബനാൻ മുന്നേറ്റക്കാരെ പൂട്ടിയ സന്ദേശ് ജിങ്കാന് പകരം രാഹുൽ ഭെക്കെയെയും ഇറക്കി സ്റ്റിമാക്. ഇൻജുറി ടൈമിലും പക്ഷെ, അക്കൗണ്ട് തുറക്കാൻ ഇരു ടീമിനുമായില്ല. ഞായറാഴ്ചയാണ് ഇന്ത്യ-ലബനാൻ ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.