ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തിയാണ് ഇന്ത്യ ഒമ്പതാം തവണയും സാഫ് കപ്പ് കിരീടം നേടിയത്. ബംഗളൂരു ശ്രീ കണ്ഡീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളുകളുമായി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. സഡൻ ഡെത്തിലായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ 5-4.
എന്നാൽ, സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ താരം ജീക്സൺ സിങ് വിവിധ നിറങ്ങളിലുള്ള മണിപ്പൂർ പതാക അണിഞ്ഞാണ് എത്തിയത്. വിജയാഘോഷത്തിലുടനീളം താരം ഈ പതാകയും അണിഞ്ഞാണ് നിന്നിരുന്നത്. ഈസമയം, ഗാലറിയിലുണ്ടായിരുന്ന ആരാധകരുടെയെല്ലാം ശ്രദ്ധ ഈ പതാകയിലായിരുന്നു. താരത്തിന്‍റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യങ്ങളിൽ ഉയരുന്നത്. ജീക്സൺ അണിഞ്ഞത് മെയ്തേയ് പതാകയാണെന്നും വിഘടനവാദ പതാകയുമായി താരം എന്താണ് ചെയ്യുന്നതെന്നും ട്വിറ്ററിൽ പലരും ചോദിച്ചു. എന്നാൽ, തന്റെ സംസ്ഥാനത്ത് ഐക്യത്തിന്റെയും സമാധാനത്തിനുള്ള ആഹ്വാനത്തിന്റെയും പ്രതീകമായാണ് താൻ ഈ പതാക ധരിച്ചതെന്നായിരുന്നു ജീക്സൺ സിങ് ഇതിനോട് പ്രതികരിച്ചത്.
‘ഇത് എന്‍റെ മണിപ്പൂർ പതാകയാണ്. ഇന്ത്യയിലെയും മണിപ്പൂരിലെയും എല്ലാവരോടും സമാധാനത്തോടെ ഇരിക്കാൻ അഭ്യർഥിക്കുന്നു. എനിക്ക് സമാധാനം വേണം’ -താരം പറഞ്ഞു. പതാക ഉയർത്തി ആഘോഷിച്ചതിലൂടെ ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ സ്വന്തം സംസ്ഥാനമായ മണിപ്പൂർ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് ഞാൻ ഉദ്ദേശിച്ചത്. ഈ വിജയം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു -താരം ട്വിറ്ററിൽ കുറിച്ചു.
എന്റെ സ്വന്തം സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീമിനെ പിന്തുണച്ചതിന് ആരാധകർക്ക് നന്ദി എന്ന് മറ്റൊരു കുറിപ്പും ട്വിറ്ററിൽ താരം പോസ്റ്റ് ചെയ്തു. ഇന്ത്യ, മണിപ്പൂരിനെ രക്ഷിക്കു, സമാധാനവും സ്നേഹവും എന്നീ ഹാഷ് ടാഗുകളും താരം ഉപയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.