താരങ്ങളെ വിട്ടുതരൂ...; ഐ.എസ്.എൽ ക്ലബുകളോട് ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ ഇഗോർ സ്റ്റിമാക്

ന്യൂഡൽഹി: അണ്ടർ -23 ദേശീയ ക്യാമ്പിനായി താരങ്ങളെ വിട്ടുതരണമെന്ന് ഐ.എസ്.എൽ ക്ലബുകളോട് അഭ്യർഥിച്ച് ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ ഇഗോർ സ്റ്റിമാക്. ഈമാസം 12 മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്.

ചൈന വേദിയാകുന്ന ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ടീമിനെ അയക്കണമെന്ന് അഭ്യർഥിച്ച് സ്റ്റിമാക് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രിക്കും കത്തെഴുതിയത് വലിയ വാർത്തയായിരുന്നു. ഗ്രൂപ്പ് ഇനങ്ങളിൽ ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകളെ മാത്രം അയച്ചാൽ മതിയെന്ന മാനദണ്ഡത്തിൽ ഫുട്ബാളിന് ഇളവ് നൽകിയത് ഇതിനു പിന്നാലെയാണ്.

ഐ.എസ്.എൽ ക്ലബുകളായ ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്.സിയും ദേശീയ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുനൽകുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് കത്തെഴുതുകയും ചെയ്തു. ഏഷ്യൻ ഗെയിംസ്, കിങ്സ് കപ്പ്, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ, ഏഷ്യ കപ്പ് ഉൾപ്പെടെയുള്ള നിർണായക ടൂർണമെന്‍റുകൾ നടക്കാനിരിക്കെ, ഹ്രസ്വ ക്യാമ്പുകൾകൊണ്ട് ഫലമില്ലെന്നും ദീർഘനാളത്തെ ക്യാമ്പുകളാണ് വേണ്ടതെന്നും സ്റ്റിമാക് പറയുന്നു.

‘ഇന്ത്യൻ ഫുട്ബാൾ ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. ഒരു ഫുട്ബാൾ സംസ്കാരം സൃഷ്ടിക്കുന്നതിനും നമ്മുടെ ആത്യന്തിക ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നതിനും ഏതാനും വർഷങ്ങളായി നമ്മൾ എല്ലാവരും കഠിനാധ്വാനത്തിലാണ്, നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുകയും മുന്നോട്ട് പോകുകയും വേണം. എല്ലാ ക്ലബുകളോടും നമ്മുടെ ദേശീയ ടീമുകളെ പിന്തുണക്കുന്നത് തുടരാൻ ഞാൻ അഭ്യർഥിക്കുന്നു, പ്രത്യേകിച്ച് ചില പ്രധാന ടൂർണമെന്റുകൾ നടക്കാനിരിക്കെ. ഏഷ്യയിലെയും ലോകത്തെയും ഫുട്ബാൾ ഭീമന്മാർക്കെതിരെ നമുക്ക് മികച്ച താരങ്ങളെ അണിനിരത്തണം’ -സ്റ്റിമാക് സമൂഹമാധ്യത്തിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ പറയുന്നു.

നമുക്ക് നമ്മുടെ രാജ്യത്തെ ഫുട്ബാളിന്റെ നെറുകയിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Tags:    
News Summary - Indian Football Team Coach Igor Stimac Requests ISL Clubs To Release Players For U-23 National Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.