ഹിസോർ (തജികിസ്താൻ): ലോക റാങ്കിങ്ങിൽ 20ാമതുള്ള ഇറാനെതിരെ 110 റാങ്കിലേറെ പിറകിലായിട്ടും കരുത്തോടെ പിടിച്ചുനിന്ന് രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളുകൾക്ക് തോൽവി സമ്മതിച്ച് ഇന്ത്യൻ ചുണക്കുട്ടികൾ. കഴിഞ്ഞ ദിവസം തജികിസ്താനെതിരെ ജയത്തോടെ തുടങ്ങിയ കാഫ നാഷൻസ് കപ്പിലെ രണ്ടാം മത്സരത്തിലാണ് ഖാലിദ് ജമീലിന്റെ യുവനിര എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയം രുചിച്ചത്. ഏഷ്യൻ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെ ആദ്യത്തെ ഒരു മണിക്കൂർ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടാനായത് ബ്ലൂ ടൈഗേഴ്സിന് പ്രതീക്ഷയും ആവേശവും സമ്മാനിക്കുന്നതാണ്.
അഫ്ഗാനെ 3-1നും തജികിസ്താനെ 2-1നും വീഴ്ത്തിയതിന്റെ ആവേശത്തിലാണ് യഥാക്രമം ഇറാനും ഇന്ത്യയും രണ്ടാം അങ്കത്തിന് ബൂട്ടുകെട്ടിയത്. വല കാക്കാൻ ഗുർപ്രീതിനെയും പ്രതിരോധത്തിൽ രാഹുൽ ഭെക്കെ, അൻവർ അലി, സന്ദേശ് ജിങ്കാൻ എന്നിവരെയും നിയോഗിച്ച കോച്ച് മുന്നിൽ മലയാളികളായ ആഷിഖ് കുരുണിയൻ, മുഹമ്മദ് ഉവൈസ് എന്നിവരടങ്ങിയ നിരയെയും ഇറക്കി. പരിചയ സമ്പന്നർക്കൊപ്പം പുതുരക്തത്തെയും പരീക്ഷിച്ചാണ് ഇറാൻ ടീമിനെ ഇറക്കിയിരുന്നത്.
ഒന്നാം മിനിറ്റിൽതന്നെ ഇർഫാൻ യദ്വാദിനെ കൂട്ടി ഉവൈസ് നടത്തിയ മുന്നേറ്റം ഇന്ത്യ കാത്തുനിന്ന മികച്ച തുടക്കമായി. ഇറാന്റെ കളിക്കരുത്തിനെ തെല്ലും കൂസാതെയായിരുന്നു ഇന്ത്യയുടെ ആക്രമണം. അഞ്ചാം മിനിറ്റിൽ ഇന്ത്യൻ ഗോൾമുഖത്ത് ഇരച്ചെത്തിയ ഇറാൻ നീക്കം ഗുർപ്രീത് ഒരുക്കിയ സുരക്ഷാകവചത്തിൽ തട്ടി മടങ്ങി. മൂന്ന് മിനിറ്റ് കഴിഞ്ഞ് ഇറാന് അനുകൂലമായി തുടരെ രണ്ട് കോർണറുകൾ ലഭിച്ചത് ലക്ഷ്യത്തിലെത്തിയില്ല. ആദ്യപകുതിയിൽ ഇറാനുതന്നെയായിരുന്നു മേൽക്കൈയെങ്കിലും കോട്ട കാത്ത് ഇന്ത്യയുടെ പ്രതിരോധവും ഗോളിയും നിറഞ്ഞുനിന്നതോടെ ആദ്യ മണിക്കൂർ നേരം അപകടങ്ങളില്ലാതെ ഗോൾമുഖം സുരക്ഷിതമായിനിന്നു.
എന്നാൽ, 60ാം മിനിറ്റിൽ അമീർ ഹുസൈൻ ഹുസൈൻസാദ വല കുലുക്കി ഇറാനെ മുന്നിലെത്തിച്ചു. തുടർന്നും, അപായം വിതച്ച് ഇറാൻ നീക്കങ്ങൾ തന്നെയായിരുന്നു കൂടുതലായും മൈതാനം കണ്ടത്. അവസാന വിസിലിനരികെ രണ്ടുവട്ടം കൂടി വല കുലുങ്ങിയതോടെ പട്ടിക പൂർത്തിയായി. അലി അലിപൂർഗാര (89), മഹ്ദി തരീമി (90+6) എന്നിവരായിരുന്നു സ്കോറർമാർ.
വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരെയാണ് ഗ്രൂപ് ബിയിൽ ഇന്ത്യക്ക് അടുത്ത മത്സരം. ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമുകൾ തമ്മിൽ സെപ്റ്റംബർ എട്ടിനാണ് ഫൈനൽ. രണ്ടാമന്മാർ തമ്മിലെ പോരാട്ടത്തിൽ മൂന്നാം സ്ഥാനക്കാരെയും കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.