സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത നാലു ഗോളിന് പാകിസ്താനെ വീഴ്ത്തി സാഫ് കപ്പിൽ ഇന്ത്യ തുടക്കം ഗംഭീരമാക്കി. അന്താരാഷ്ട്ര കരിയറിൽ 90 ഗോൾ എന്ന നേട്ടവും മത്സരത്തിൽ ഛേത്രി കുറിച്ചു.
മലേഷ്യയുടെ മുക്താർ ദാഹരിയെ (89) മറികടന്ന് ലോകത്തെ നാലാമത്തെ ഉയർന്ന സ്കോററായി ഛേത്രി. അർജന്റീന ഇതിഹാസം ലയണൽ മെസ്സിയാണ് (103) മൂന്നാമതുള്ളത്. നാടകീയ രംഗങ്ങൾക്കും മത്സരം സാക്ഷിയായി. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് അനാവശ്യമായാണ് ചുവപ്പുകാർഡ് ചോദിച്ചുവാങ്ങി പുറത്തേക്ക് പോയത്. പാകിസ്താന് അനുകൂലമായ ത്രോ ബാൾ കൈകൊണ്ട് തട്ടിയ സ്റ്റിമാക് താരങ്ങളുമായും ഫോർത്ത് ഒഫീഷ്യലുമായും തർക്കിച്ചു. പാക് ഒഫീഷ്യൽസും തർക്കത്തിലിടപെട്ടതോടെ ഛേത്രി ഉടൻ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സ്റ്റിമാക്കിന് ചുവപ്പുകാർഡും പാക് ഒഫീഷ്യലിന് മഞ്ഞക്കാർഡും ലഭിച്ചു.
തന്റെ കളിക്കാരെ സംരക്ഷിക്കാൻ വേണ്ടിവന്നാൽ അത് ഇനിയും ചെയ്യുമെന്നായിരുന്നു മത്സരശേഷം സ്റ്റിമാക് പ്രതികരിച്ചത്. ‘ഫുട്‌ബാൾ ഒരു അഭിനിവേശമാണ്, പ്രത്യേകിച്ച് നിങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടുമ്പോൾ. ഇന്നലത്തെ എന്റെ പ്രവൃത്തികളിൽ നിങ്ങൾക്ക് എന്നെ വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യാം, പക്ഷേ ഞാൻ ഒരു യോദ്ധാവാണ്, കളിക്കളത്തിൽ ന്യായീകരിക്കപ്പെടാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ, തന്‍റെ കളിക്കാരെ സംരക്ഷിക്കാൻ വേണ്ടിവന്നാൽ അത് വീണ്ടും ചെയ്യും -സ്റ്റിമാക് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.