ന്യൂഡൽഹി: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ പങ്കെടുപ്പിക്കാൻ അവസരമൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ അഭ്യർഥന. കഴിഞ്ഞ നാലു വർഷമായി ടീം കഠിനാധ്വാനത്തിലാണെന്നും കൂടുതൽ പിന്തുണയുണ്ടെങ്കിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യൻ പുരുഷ ഫുട്ബാൾ ടീമിന് തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമായേക്കുമെന്ന സാഹചര്യത്തിലാണ് സ്റ്റിമാക്കിന്‍റെ അഭ്യർഥന. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ യോഗ്യത മാനദണ്ഡമാണ് തിരിച്ചടിയാകുന്നത്. മന്ത്രാലയം നിഷ്കർഷിക്കുന്ന ടീം ഇനങ്ങൾക്കുള്ള യോഗ്യത മാനദണ്ഡം ഫുട്ബാള്‍ ടീമിനില്ല. ഏഷ്യയിലെ മികച്ച എട്ടു ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധയിനങ്ങളിലുള്ള ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നു.
നിലവിൽ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ റാങ്കിങ്ങിൽ ഇന്ത്യ 18ാം സ്ഥാനത്താണ്. ഫുട്ബാളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിന് അപ്പീല്‍ നൽകുമെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുകളെ കുറിച്ചുള്ള കാര്യങ്ങൾ ആരെങ്കിലും നിങ്ങളെ ധരിപ്പിച്ചതായി ഉറപ്പില്ല, അവിടെ പ്രധാന ആഗോള കായിക വിനോദമായ ഫുട്ബാളിൽ, ഇന്ത്യൻ പതാകയെ പ്രതിനിധീകരിച്ച് ടീമിന് പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു’ -സ്റ്റിമാക് കുറിപ്പിൽ പറയുന്നു.
‘ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ നമ്മുടെ ഫുട്ബാൾ ടീമിനെ അനുവദിക്കണമെന്ന് മുഴുവൻ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്കുവേണ്ടിയും നിങ്ങളോട് അഭ്യർഥിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി ഞങ്ങൾ പോരാടും! ജയ് ഹിന്ദ്!’ -സ്റ്റിമാക് കുറിപ്പിനൊപ്പം ട്വിറ്ററിൽ കുറിച്ചു. 2018ലെ ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി ഫുട്ബാള്‍ ടീമിനെ അയച്ചിരുന്നില്ല.
തായ്‍ലന്‍ഡിലെ കിങ്സ് കപ്പിന് ശേഷം ദേശീയ സീനിയർ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്‍റെ പരിശീലനത്തില്‍ അണ്ടർ 23 ടീമിനെ ഏഷ്യൻ കപ്പിന് അയക്കാൻ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. 2002 മുതല്‍ ഏഷ്യൻ ഗെയിംസില്‍ അണ്ടർ 23 ഫുട്ബാള്‍ മത്സരമാണ് നടക്കുന്നത്. എന്നാൽ, മൂന്നു സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാകും. ചൈനയിലെ ഹാങ്ഷൗവിലാണ് ഇത്തവണ ഗെയിംസ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.