ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ കണ്ണും കാതും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേക്കാണ്. ചാവി ഹെർണാണ്ടസ് മുതൽ പെപ് ഗ്വാഡിയോളയുടെ വരെ വ്യാജ അപേക്ഷകൾകൊണ്ട് ഫുട്ബാൾ ആരാധകർക്കിടയിൽ തമാശയായി മാറിയ കോച്ച് തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ തീരുമാനമെന്തെന്ന് ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ചയറിയാം. മലയാളി ഫുട്ബാൾ ഇതിഹാസം ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നികൽ കമ്മിറ്റി സമർപ്പിച്ച മൂന്ന് പേരുകളിൽ എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേയുടെ നേതൃത്വം ആർക്ക് കൈകൊടുക്കും..? പരീക്ഷിച്ചു മടുത്ത വിദേശ പരിശീലകരെ തന്നെ ആശ്രയിക്കുമോ, അതോ ഇന്ത്യൻ ഫുട്ബാളിന്റെ കരുത്തിനെ വിശ്വസിക്കുമോ..?.
170 പേർ നൽകിയ അപേക്ഷയിൽ നിന്നും ടെക്നികൽ കമ്മിറ്റി കൈമാറിയത് പരിചയ സമ്പന്നരായ മൂന്ന് പേരുകളാണ്. മുൻ ഇന്ത്യൻ താരവും, ആഭ്യന്തര ക്ലബ് തലത്തിൽ പയറ്റിത്തെളിഞ്ഞ യുവപരിശീലകനുമായ ഖാലിദ് ജമീൽ, രണ്ടു തവണ ഇന്ത്യൻ പരിശീലകനായ ശേഷം വീണ്ടും നീലകടുവകളുടെ കോച്ചാവാൻ മോഹിക്കുന്ന ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റൈന്റൻ. െസ്ലാവാക്യൻ പരിശീലകനും, വിവിധ ദേശീയ ടീമുകൾക്ക് കളി തന്ത്രം മെനഞ്ഞ കോച്ചുമായ സ്റ്റെഫാൻ ടർകോവിച്ച്. ഈ മൂന്നു പേരിൽ ഒരാൾക്ക് നറുക്ക് വീഴുമ്പോൾ കാത്തിരിക്കുന്നത് ഇന്ത്യൻ ഫുട്ബാളിന്റെ മുൾകിരീടവുമാണ്.
പട്ടികയിൽ മുൻനിരയിൽ ഇന്ത്യക്കാരനായ ഖാലിദ് ജമീൽ ആണ്. മുൻ ഇന്ത്യൻ താരമെന്ന നിലയിലും, ശേഷം ക്ലബ് പരിശീലകനായും മേൽവിലാസം സൃഷ്ടിച്ച ഖാലിദ് ജമീലിന് ദേശീയ ടീമിന്റെ പരിശീലക കുപ്പായം നൽകണമെന്നാണ് ആരാധകരും, ഫുട്ബാൾ വിദഗ്ധരും ആവശ്യപ്പെടുന്നത്. വിജയം കൊയ്ത പരിശീലകനെന്ന നിലയിൽ കുടുതൽ ആമുഖങ്ങളൊന്നും ഈ 48കാരനു വേണ്ടതില്ല. ഇന്ത്യക്കു വേണ്ടി 1998 മുതൽ 2006 വരെ 40 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ്, മഹീന്ദ്ര, എയർ ഇന്ത്യ, മുംബൈ എഫ്.സി എന്നിവർക്കായി കളിച്ച ഖാലിദ് ജമീൽ പരിശീലകനെന്ന നിലയിൽ മേൽവിലാസം കുറിക്കുന്നത് 2016-17 സീസണിൽ ഐസോൾ എഫ്.സിയിലൂടെയാണ്. മിസോറാമിൽ നിന്നുള്ള ക്ലബിനെ ആദ്യ സീസണിൽ തന്നെ അട്ടിമറി കുതിപ്പുമായി ഐ ലീഗ് കിരീട വിജയത്തിലെത്തിച്ചായിരുന്ന രംഗപ്രവേശം. പിന്നീട് ദേശീയ തലത്തിൽ പൊന്നുംവിലയുള്ള പരിശീകലനായി മാറി. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നോർത് ഈസ്റ്റ്, ബംഗളൂരു യുനൈറ്റഡ് എന്നിവടങ്ങളിലെ ദൗത്യത്തിനു ശേഷം, വിദേശ കോച്ചുമാർ വാഴുന്ന ഐ.എസ്.എല്ലിലും അരങ്ങേറി. 2023ൽ ജാംഷഡ്പൂർ എഫ്.സി മുഖ്യ കോച്ചായ ഖാലിദ് ഏറ്റവും ഒടുവിൽ ടീമിനെ സൂപ്പർകപ്പിൽ റണ്ണേഴ്സ് അപ്പുമാക്കി.
ഇന്ത്യൻ ഫുട്ബാളിന്റെ സാഹചര്യം നന്നായി അറിയുന്ന താരമെന്നതാണ് ഖാലിദിന് ദേശീയ ടീം കോച്ച് പട്ടത്തിലേക്ക് മുൻഗണന നൽകുന്നത്. രണ്ടു തവണ എ.ഐ.എഫ്.എഫിന്റെ മികച്ച കോച്ചിനുള്ള പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
പഞ്ചാബി കുടുംബാംഗമായി കുവൈത്തിൽ ജനിച്ചു വളർന്നാണ് ഫുട്ബാളിൽ പിച്ചവെക്കുന്നത്. കുവൈത്തിൽ നടന്ന അണ്ടർ 14 ക്യാമ്പിൽ ഫ്രഞ്ച് ഫുട്ബാൾ ഇതിഹാം മിഷേൽ പ്ലാറ്റീനിയുമായി നടന്ന കൂടികാഴ്ച സജീവ ഫുട്ബാളിൽ കരിയർ കെട്ടിപ്പടുക്കാനും പ്രചോദനമായി.
ഇന്ത്യൻ ഫുട്ബാളിന് സുപരിചിതനായ വിദേശ പരിശീലകൻ. രണ്ടു തവണയായി ദേശീയ ടീമം പരിശീലകനായിരുന്നു. 2002 മുതൽ 2005 വരെയായിരുന്നു ആദ്യ ചുമതല. 2015 മുതൽ 2019 വരെ വീണ്ടും കോൺസ്റ്റൈന്റൻ പരിശീലകനായി. ഇന്ത്യക്ക് റാങ്കിങ്ങിൽ മുന്നേറ്റം സമ്മാനിക്കുകയും, 2016 സാഫ് കപ്പ് കിരീട നേട്ടം, 2019ഏഷ്യൻ കപ്പ് യോഗ്യത ഉൾപ്പെടെ റെക്കോഡുകളും 62കാരനായ ഇംഗ്ലീഷുകാരന്റെ പേരിലുണ്ട്. 2023 മുതൽ പാകിസ്താൻ ദേശീയ ടീം പരിശീലകനായി കോൺസ്റ്റൈന്റൻ.
ഏത് സമ്മർദത്തിലും ടീമിനെ കെട്ടിപ്പടുക്കാനും, യുവതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കാനുമുള്ള മിടുക്കാണ് കോൺസ്റ്റൈന്റന്റെ കരുത്ത്. ഒപ്പം, വിദേശ പരിശീലകന്റെ സാങ്കേതിക മികവും, കേരളം മുതൽ കശ്മീർ വരെയുള്ള ഇന്ത്യയുടെ ഫുട്ബാൾ മണ്ണിന്റെ നേട്ടവും കോട്ടവും അറിയുന്നതും കോൺസ്റ്റൈന്റൻ മികവായി മാറും.
മൂന്നുപേരുടെ പട്ടികയിലെ മറ്റൊരു ശ്രദ്ധേയ പരിശീലകൻ. സ്പാനിഷുകാരനായ ടർകോവിച് ഫിഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള സ്െളാവാക്യയുടെ പരിശീലകനായി പരിചയ സമ്പത്തുമായാണ് ഇന്ത്യയുടെ ദൗത്യം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. 52കാരനായ ടർകോവിച്, 24ാം വയസ്സിൽ തന്നെ പരിശീലക വേഷമണിഞ്ഞിരുന്നു. 1997ൽ െസ്ലവാക്യ അണ്ടർ 19 വനിതാ ടീം പരിശീലകനായാണ് തുടക്കം. ശേഷം, വിവിധ ക്ലബുകളുടെയും െസ്ലാവാക്യ, കിർഗിസ്താൻ തുടങ്ങിയ ദേശീയ ടീമുകളുടെയും പരിശീലകനായ പരിചയ സമ്പത്തുമായാണ് ഇന്ത്യയിലേക്ക് അപേക്ഷ അയച്ചത്. െസ്ലാവാക്യക്ക് 2020 യൂറോ യോഗ്യത, കിർഗിസ്താന് 2027 ഏഷ്യൻ കപ്പ് യോഗ്യത എന്നീ നേട്ടങ്ങളുമായാണ് പുതിയ ദൗത്യത്തിനായി ഒരുങ്ങുന്നത്. പ്രതിരോധവും, ഒപ്പം ശക്തമായ കൗണ്ടർ അറ്റാക് ഗെയിം തന്ത്രങ്ങളുമായി ഫുട്ബാളിൽ മേൽവിലാസം സൃഷ്ടിച്ച പരിശീലകനായി ടർകോവിച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.