ഇന്ത്യക്ക് ഇന്ന് ജോർഡൻ സന്നാഹം

ദോഹ: ലോകകപ്പിലേക്ക് നാളുകൾ എണ്ണി കാത്തിരിക്കുന്ന ഖത്തറിന്‍റെ മണ്ണിൽ ശനിയാഴ്ച സുനിൽ ഛേത്രിക്കും കൂട്ടുകാർക്കും സൗഹൃദപോരാട്ടം. ജൂണിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ കളത്തിലിറങ്ങാനിരിക്കുന്ന ഇന്ത്യൻ ടീമിന് ജോർഡനെതിരെയാണ് സൗഹൃദ മത്സരം.

നാലു ദിനം മുമ്പ് ദോഹയിലെത്തിയ ടീം ആരാധകരെയും മാധ്യമങ്ങളെയുമെല്ലാം അകറ്റി നിർത്തി കഠിന പരിശീലനം കഴിഞ്ഞാണ് കളത്തിലിറങ്ങുന്നത്. ശനിയാഴ്ച രാത്രി ഏഴിന് (ഇന്ത്യൻ സമയം രാത്രി 9.30) ഖത്തർ സ്പോർട്സ് ക്ലബിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. കാണികൾക്ക് പ്രവേശനമില്ലാതെയാണ് ഇഗോർ സ്റ്റിമാകിന്‍റെ കുട്ടികൾ കളത്തിലിറങ്ങുന്നത്.

മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ഉൾപ്പെടെ 25 പേരുടെ സംഘവുമായാണ് ടീം എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അൽ വക്റ സ്റ്റേഡിയത്തിൽ പരിശീലിച്ചാണ് സന്നാഹ അങ്കത്തിനായി ഒരുങ്ങിയത്. ജൂൺ രണ്ടാം വാരം കൊൽക്കത്തയിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത റൗണ്ട് മത്സരത്തിനുള്ള ഒരുക്കമെന്ന നിലയിലാണ് ഇന്ത്യ സൗഹൃദ മത്സരത്തിൽ ബൂട്ടുകെട്ടുന്നത്.

കൊൽക്കത്തയിൽ ടീം ക്യാമ്പും പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് നീലപ്പടയുടെ വരവ്. ചൊവ്വാഴ്ച സാംബിയക്കെതിരെ നേരത്തെ നിശ്ചയിച്ച മത്സരം റദ്ദാക്കിയിരുന്നു. ഫിഫ റാങ്കിങ്ങിൽ 91ാം സ്ഥാനത്താണെങ്കിലും ജോർദൻ ഇന്ത്യക്ക് ശക്തമായ വെല്ലുവിളിയാണ്. ഇന്ത്യയെ പോലെ തന്നെ ഏഷ്യകപ്പ് ഉന്നം വെച്ചാണ് ജോർഡനും കളിക്കുന്നത്. ജൂൺ എട്ട് മുതൽ കുവൈത്തിൽ നടക്കുന്ന ഏഷ്യകപ്പ് യോഗ്യത റൗണ്ടാണ് കോച്ച് അദ്നാൻ ഹമദിന്‍റെ കീഴിലുള്ള ടീമിന്‍റെയും ലക്ഷ്യം.

ജൂൺ എട്ട് മുതൽ 14 വരെ കൊൽക്കത്തയിലാണ് ഇന്ത്യയുടെ ഏഷ്യൻ യോഗ്യത മത്സരങ്ങൾ. ഹോങ്കോങ്, അഫ്ഗാൻ, കംബോഡിയ എന്നിവർ അടങ്ങിയ ഗ്രൂപ്പിൽ ജേതാക്കളായാൽ മാത്രമെ സുനിൽഛേത്രിക്കും സംഘത്തിന് നേരിട്ട് യോഗ്യത നേടാൻ കഴിയൂ. സാഫ് ചാമ്പ്യൻഷിപ്പിൽ കളിച്ചതിനു ശേഷം ക്യാപ്റ്റൻ സുനിൽ ഛേത്രി ദേശീയ ടീമിൽ തിരികെയെത്തിയതാണ് പ്രധാന മാറ്റം.

Tags:    
News Summary - In final warm-up game vs Jordan, Igor Stimac's India look for 'answers' to 'questions'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.