ഏറെ കാലമായി മക്കൾ മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നം പൂവണിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ക്രൊയേഷ്യൻ മധ്യനിരതാരം ലൂക്കാ മോഡ്രിചിന്‍റെ വലിയ ആരാധകരാണ് ക്രൊയേഷ്യൻ പരിശീലകന്‍റെ മക്കളായ ഇവാനും നിക്കോയും.
സൂപ്പർതാരത്തെ നേരിട്ടുകാണണമെന്നത് അവരുടെ അതിയായ ആഗ്രഹങ്ങളിലൊന്നായിരുന്നു. ഇന്ത്യക്ക് സാഫ് കപ്പ് കിരീടം നേടികൊടുത്തതിന്‍റെ സന്തോഷത്തിൽ നാട്ടിലെത്തിയ ഇഗോർ സ്റ്റിമാച്ച്, മക്കളുടെ സ്വപ്നവും സാക്ഷാത്കരിക്കാനായതിന്‍റെ ചരിതാർഥ്യത്തിലാണിപ്പോൾ. തങ്ങളുടെ ആരാധനപാത്രമായ ലൂക്കായെ നേരിട്ടു കാണാനും ഒപ്പം നിന്ന് ഫോട്ടെയെടുക്കാനും മക്കൾക്ക് അവസരമൊരുക്കാൻ പിതാവിനായി.
ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും മുൻ ക്രൊയേഷ്യൻ താരം കൂടിയായ സ്റ്റിമാച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കുറിപ്പിൽ ഇന്ത്യൻ ടീമിനെയും അദ്ദേഹം പരാമർശിക്കുന്നുണ്ട്. റയൽ മാഡ്രിഡ് ടീമിന്‍റെ ജഴ്സിയും ധരിച്ച സ്റ്റിമാച്ചിന്റെ ആൺമക്കൾ മോഡ്രിച്ചിനെ കാണുമ്പോൾ സന്തോഷത്തോടെ അടുത്തേക്ക് ഓടിയെത്തുന്നതും താരം അവരെ ചേർത്തുപിടിക്കുന്നതുമാണ് വിഡിയോയിലുള്ളത്. പിന്നാലെ സ്റ്റിമാച്ചും താരത്തിനടുത്തെത്തി ആലിംഗനം ചെയ്യുന്നുണ്ട്.
‘സന്തോഷവും ആഹ്ലാദവും കണ്ണീരും എല്ലാം ഒരൊറ്റ കൂടിക്കാഴ്ചയിൽ. ഒരു സുഹൃത്ത്, മുൻ സഹതാരം, എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ, ഒരേയൊരു ലൂക്കാ മോഡ്രിച്. എന്റെ മക്കളായ ഇവാനും നിക്കോയും ഒടുവിൽ അവരുടെ ആരാധനാപാത്രത്തെ കണ്ടുമുട്ടി, അവരുടെ സ്വപ്നം സാക്ഷാത്കരിച്ചു!! ഒരിക്കൽ നമ്മുടെ ഇന്ത്യൻ ടീമും (ഇന്ത്യയുടെ പതാക) ഈ നിലയിലെത്തും’ -സ്റ്റിമാച്ച് കുറിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളാണ് ലൂക്കാ മോഡ്രിച്. റയലുമായുള്ള കരാർ 2024 ജൂൺ വരെ താരം നീട്ടിയിരുന്നു. സൗദി ക്ലബിന്റെ വമ്പൻ ഓഫർ നിരസിച്ചാണ് 37കാരൻ റയലിൽ തുടരാൻ തീരുമാനിച്ചത്. 2012 മുതൽ റയലിനൊപ്പമാണ് താരം. ഈ കാലയളവിൽ 22 കിരീടങ്ങളാണ് റയൽ നേടിയത്. അഞ്ച് തവണ ചാമ്പ്യൻസ് ലീഗും, മൂന്ന് തവണ ലാ ലിഗയും രണ്ട് കോപ്പ ഡെൽ റേയും നേടി.
2006ൽ രാജ്യാന്തര കരിയറിൽ അരങ്ങേറിയ മോഡ്രിച്ച് ആകെ 166 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 24 ഗോളുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.