ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി യുടെ സുഹൈറിൻ്റെ മുന്നേറ്റം തടയുന്ന നാംധാരി എഫ്.സി.യുടെ ഹർപ്രീത് സിംഗ് z ബിമൽ തമ്പി
കോഴിക്കോട്: ആദ്യ പകുതിയിൽ സ്വന്തം വലയിൽ കയറിയ രണ്ടു ഗോളിന് സ്വന്തം തട്ടകത്തിൽ നാംധാരിയോട് തോൽവി ചോദിച്ചുവാങ്ങി ഗോകുലം കേരള എഫ്.സി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന രണ്ട് ഗോളുകളിലാണ് മലബാറിയൻസിനെ കരുത്തരായ നാംധാരി 2-0 ന് മറികടന്നത്. 15ാം മിനിറ്റിൽ നാംധാരിക്ക് അനുകൂലമായി ലഭിച്ച കോർണറിൽ മൻവിർ സിങ് ആണ് സന്ദർശകരെ മുന്നിലെത്തിച്ചത്. മിനിറ്റുകൾക്കിടെ ബോക്സിനുള്ളിൽ ഗോൾകീപ്പർ ഷിബിൻ രാജിന്റെ പിഴവ് പെനാൽറ്റി ചോദിച്ചുവാങ്ങി.
നാംധാരിയുടെ ബ്രസീലിയൻ താരം ഡി ഗോൾ എടുത്ത കിക്ക് വലതുളച്ചതോടെ ലീഡ് 2-0 ആയി. പിന്നീടങ്ങോട്ടും നാംധാരി തന്നെ കളംവാണു. ഗോകുലം മുന്നേറ്റത്തിലെ സെർജിയോക്കും ചാവേസിനും ലഭിച്ച അവസരങ്ങൾ ഗോളാക്കാനായതുമില്ല. ആദ്യ പകുതി അവസാനിക്കാനിരിക്കെ സിനിസ രണ്ട് സുവർണാവസരങ്ങൾ കളഞ്ഞുകുളിച്ചു. 45ാം മിനിറ്റിൽ ഉറുഗ്വായ് താരം ചാവേസിന് മികച്ച ഒരവസരം കൂടി കൈവന്നതും പാഴായി.
രണ്ടാ പാതിയിൽ പ്രതിരോധത്തിലൂന്നി കളിച്ച നാംധാരി ഗോകുലം മുന്നേറ്റങ്ങൾക്ക് വിലങ്ങുവെക്കുന്നതിൽ ജാഗ്രത കാട്ടി. എതിർ ഗോൾ കീപ്പർ ജസ്പ്രീത് സിങ്ങിന്റെ സേവുകളും ഗോകുലത്തിന്റെ പ്രതീക്ഷകൾ തകർത്തു. ഒമ്പതു കളിയിൽ മൂന്നു ജയവും നാലു സമനിലയും രണ്ടു തോൽവിയുമായി 13 പോയന്റാണ് ഗോകുലത്തിന്-പോയിന്റ് നിലയിൽ നാലാമത്. ഒമ്പതു മത്സരത്തിൽ അഞ്ചു ജയവും രണ്ടു സമനിലയും രണ്ടു തോൽവിയുമായി 17 പോയന്റാണ് പഞ്ചാബിൽനിന്നുള്ള നാംധാരിക്ക്. അവരാണ് രണ്ടാം സ്ഥാനത്ത്. ചർച്ചിൽ ബ്രദേഴ്സ് ഒന്നാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.