ഗോകുലത്തിന്‍റെ ആറാട്ട്! ഇന്റർ കാശിയെ ഗോൾമഴയിൽ മുക്കി തകർപ്പൻ ജയം (6-2)

കോഴിക്കോട്: അവസാന മത്സരത്തിൽ സ്വന്തം തട്ടകത്തിലേറ്റ തോൽവിക്ക് ഗോകുലം മനസ്സു തണുപ്പിച്ചത് എതിരാളികൾക്കെതിരെ അര ഡസൻ ഗോളുതിർത്താണ്. സിനിസ കുറിച്ച ഹാട്രിക്കിന്റെ ബലത്തിൽ ഇന്റർ കാശിയെ ഗോകുലം തകർത്തുവിട്ടത് 6-2ന്.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ വല കുലുക്കി ഇന്റർ കാശിയാണ് സ്കോർ ബോർഡ് ആദ്യമായി ചലിപ്പിച്ചത്. ടോസ് നേടി ടച്ച് ചെയ്ത ഗോകുലം ആക്രമണത്തിനു ഒരുക്കം കൂട്ടിത്തുടങ്ങുംമുന്നേ ഇന്റർ കാശി മുന്നേറ്റക്കാരനായ 31ാം നമ്പർ താരം ബ്രൈസ് ഒറ്റയാൾ നീക്കവുമായി ഗോകുലത്തിന്റെ പരിചയ സമ്പന്നനായ ഗോൾകീപ്പർ ഷിബിൻ രാജിനെ മറി കടന്ന് ഗോളാക്കി. അപ്രതീക്ഷിതമായി ഗോൾവീണത് ഗോകുലത്തിന്റെ കരുത്തുകൂട്ടി.

പത്താം മിനിറ്റിൽ ഗോകുലം മിഡ്ഫീൽഡർ സ്പെയിൻ താരം ലാ ബെല്ലഡോ നൽകിയ ക്രോസിൽ ഫോർവേഡ് സിനിസ ഹെഡ് ചെയ്തത് എതിർ ഗോളി അരിന്ദാം ഭട്ടാചാര്യക്ക് അവസരം നൽകാതെ വലയിൽ. 30ാം മിനിറ്റിൽ ഇന്റർ കാശിയുടെ സ്പെയിൻ താരം ജൂലൻ എടുത്ത ഫൗൾ കിക്കിൽ സെർബിയൻ താരം മറ്റിജ ബബോവിക് ഹെഡ് ചെയ്ത് സന്ദർശകരെ വീണ്ടും മുന്നിലെത്തിച്ചു. സ്കോർ 2 -1ത്തി. ചൂടുപിടിച്ചു കളിയുടെ 30ാം മിനിറ്റിൽ സുഹൈറിന്റെ അസിസ്റ്റിൽ സിൻസിയ ഹെഡ് ചെയ്ത് ഗോകുലത്തിന് വീണ്ടും തുല്യത നൽകി- 2 - 2. 45 ാം മിനിറ്റിൽ ഗോളെന്നു തോന്നിപ്പിച്ച ഇന്റർകാശി മുന്നേറ്റം ഗോകുലം ഗോളി ഷിബിൻ രാജ് മനോഹരമായി സേവ് ചെയ്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഗോകുലത്തിന്റെ ഉറുഗ്വായ് താരം ചാവേസ് നൽകിയ പാസെടുത്ത ഫോർവേഡ് ലാ ബെല്ലഡോ വലയിലാക്കി.

രണ്ടാം പകുതിയുടെ അഞ്ചാം മീനിറ്റിൽ ബോക്സിനു മീറ്ററുകൾ അകലെ വെച്ച് ഗോകുലത്തിനു ലഭിച്ച ഫൗൾ കിക്ക് എടുത്ത ക്യാപ്റ്റൻ സെർജിയോ ലമാസ് വലയിലാക്കിയതോടെ ലീഡ് 4 -2 ആയി. 73ാം മിനിറ്റിൽ ഗോകുലം മിഡ്ഫീൽഡർ ലാബെലെ ഡോ നൽകിയ പന്തിൽ സിനിസ ഹാട്രിക് തികച്ചു. ഇഞ്ച്വറി ടൈമിൽ മൈതാനമധ്യത്തു നിന്നും ലാബെല്ലെ ഡോ നീട്ടിയടിച്ച പന്തും അഡ്വാൻസ് ചെയ്ത ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയെ കടന്ന് ഗോളായതോടെ അരഡസൻ ഗോൾ തികച്ച് ഗോകുലം കളിക്ക് വിരാമമിട്ടു. 10 മത്സരത്തിൽ നാലു വിജയവും നാലു സമനിലയും രണ്ടു തോൽവിയുമായി 16 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്താണ് മലബാറിയൻസ്. അഞ്ചു ജയവും രണ്ട് സമനിലയും മൂന്നു തോൽവിയുമായി 17 പോയന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്റർ കാശി. 19 പോയൻ്റുമായി ചർച്ചിൽ ബ്രദേഴ്സ് ഒന്നാം സ്ഥാനത്തും 17 പോയൻ്റുമായി നാംധാരി രണ്ടാം സ്ഥാനത്തുമാണ്. ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ നാംധാരിക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം പരാജയപ്പെട്ടത്.

Tags:    
News Summary - I -League: Gokulam Kerala Beat Inter Kashi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.