ഏഷ്യൻ കപ്പ് ഫുട്ബാൾ 100 ദിന കൗണ്ട്ഡൗണിന് തുടക്കം കുറിച്ച് എ.എഫ്.സി ജനറൽ സെക്രട്ടറി ഡാറ്റുക് സെരി വിൻഡ്സറും മറ്റും അണിനിരന്നപ്പോൾ
ദോഹ: ലോകകപ്പ് ഫുട്ബാൾ ആരവമൊഴിഞ്ഞ മണ്ണിൽ അടുത്ത കളിയാവേശത്തിന് തിരിതെളിയാൻ ആയി.ഖത്തറും വൻകരയും കാത്തിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ പോരാട്ടത്തിലേക്കുള്ള നൂറുദിന കൗണ്ട് ഡൗണിന് തുടക്കം കുറിച്ച് പ്രദേശിക സംഘാടകർ. ജനുവരി 12ന് ഖത്തറിന്റെ മണ്ണിൽ കിക്കോഫ് കുറിക്കുന്ന ഏഷ്യൻകപ്പ് ഫുട്ബാളിനുള്ള ഔദ്യോഗിക മുദ്രാവാക്യമായി ‘ഹയ്യാ ഏഷ്യ’യെന്ന് വിളിച്ചു.
നൂറുദിന കൗണ്ട് ഡൗണിന് ബുധനാഴ്ച തുടക്കം കുറിച്ചതിന് പിന്നാലെയാണ് ലോകകപ്പിലൂടെ കാൽപന്ത് ലോകത്തിന് പരിചയപ്പെടുത്തിയ ‘ഹയ്യാ’ ചേർത്ത് ഏഷ്യാകപ്പിനും ആരവമുയർത്തുന്നത്. ഖത്തറിൽ നടന്ന പ്രത്യേക ചടങ്ങിൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡാറ്റുക് സെരി വിൻഡ്സർ, സംഘാടക സമിതി മാനേജിങ് ഡയറക്ടർ മൻസൂർ അൽ അൻസാരി, സി.ഇ.ഒ ജാസിം അൽ ജാസിം, ബോർഡ് അംഗം ഹാനി ബാലൻ തുടങ്ങിയവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയായി ലോകകപ്പിന്റെ ഏഴു വേദികൾ ഉൾപ്പെടെ ഒമ്പതു സ്റ്റേഡിയങ്ങളിലാണ് വൻകരയിലെ ഫുട്ബാൾ കരുത്തർ മാറ്റുരക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ. 24 ടീമുകൾ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിന് വേദിയൊരുക്കാൻ ഖത്തർ പൂർണസജ്ജമായി കഴിഞ്ഞതായി ടൂർണമെന്റ് ചെയർമാൻ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ സംഘാടകർ പ്രഖ്യാപിക്കും. വളന്റിയർ പ്രോഗ്രാമിന് വ്യാഴാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.