അസ്‌ലം കൊച്ചുകലുങ്ക്
റിയാദ്: നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന 'ഫിഫ ലോകകപ്പ് 2022' സീസണിൽ 'ഹയ്യ' കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്ക് സൗദിയിൽ 60 ദിവസത്തെ വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. കാൽപന്തിന്റെ ആഗോള മഹാമത്സരത്തിന് അയൽരാജ്യം ആതിഥ്യമരുളുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ രാജ്യാതിർത്തികൾ കടന്നെത്തുന്ന ആരാധകരെ തങ്ങളുടെ നാട്ടിലേക്കും സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമാണ് സൗദിയുടെ തീരുമാനം.
ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് 'ഹയ്യ' കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം പ്രത്യേകം അപേക്ഷ നൽകിയാലാണ് ഇത് ലഭിക്കുക. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത് നിർബന്ധമാണ്. മത്സരദിവസങ്ങളിൽ ഖത്തറിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും.
2022 നവംബർ ഒന്നിനും 2023 ജനുവരി 23നുമിടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായിരിക്കും ഹയ്യ കാർഡ്. ലോകകപ്പ് സീസണിൽ 60 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് സാധിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹയ്യ കാർഡ് ഉടമകൾ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി സൗദി ഇലക്ട്രോണിക് വിസ നേടിയാൽ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കും.
വിസ അപേക്ഷയുടെ നടപടിക്രമം മന്ത്രാലയം പിന്നീട് അറിയിക്കുമെന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇപ്രകാരം എൻട്രി വിസ ലഭിക്കുന്നവർക്ക് 60 ദിവസം വരെ രാജ്യത്ത് താമസിക്കാം. വിസാകാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ടായിരിക്കും. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കമെന്ന വ്യവസ്ഥയില്ല. രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് നിഷ്കർഷയുണ്ട്.
ഫോട്ടോ: fifa world cup_saudi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.