ജൗണി തിയോഡോർ ജൂനിയർ 

ലോകകപ്പ് കളിക്കാൻ പുറപ്പെട്ട താരം ഒളിച്ചോടി; ‘നാട്ടിലെത്തിയാൽ ഇതേ ഫുട്ബാൾ കളിക്കണം, ​മെച്ചപ്പെട്ട കളി തേടി പോകുന്നു’വെന്ന് സഹതാരങ്ങൾക്ക് ശബ്ദസ​ന്ദേശം

മഡ്രിഡ്: നവംബറിൽ ഖത്തറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കളിക്കാനായി പുറപ്പെട്ട ഹെയ്തി ടീം അംഗം സ്​പെയിനിൽ നിന്നും മുങ്ങി.

ഖത്തറിലേക്കുള്ള വഴിമധ്യേ പരിശീലനത്തിനും സന്നാഹ മത്സരങ്ങൾക്കുമായി സ്​പെയിനിലിറങ്ങിയപ്പോഴായിരുന്നു 25 അംഗ സംഘത്തിലെ അംഗമായ ജൗണി തിയോഡോർ ജൂനിയർ എന്ന 16 കാരൻ ടീമിന്റെ ക്യാമ്പിൽ നിന്നും മുങ്ങിയത്. ഫ്രാൻസിലേക്ക് പോകുകയാണെന്ന ശബ്ദ സന്ദേശം സഹതാരങ്ങൾക്ക് അയച്ച ശേഷമായിരുന്നു ഇയാളുടെ രക്ഷപ്പെടൽ.

നവംബർ മൂന്ന് ഖത്തറിൽ കിക്കോഫ് കുറിക്കുന്ന അണ്ടർ 17 ലോകകപ്പിൽ കോൺ​കകാഫ് പ്രതിനിധികളായാണ് ഹെയ്ത് പ​ങ്കെടുക്കുന്നത്. കൗമാര ലോകകപ്പ് കളിക്കാൻ രാജ്യം മൂന്നാമത് യോഗ്യത നേടിയപ്പോൾ, ടീമിൽ ഇടം നേടിയ താരം കളത്തിലിറങ്ങും മു​മ്പേ മുങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സെപ്റ്റംബറിലാണ് ടീം സ്​പെയിനിലെത്തിയത്. ഒക്ടോബർ രണ്ടിന് ആദ്യ സന്നാഹ മത്സരം കളിച്ചിരുന്നു. സ്പാനിഷ് ക്ലബിനെതിരെ നടന്ന മത്സരത്തിൽ ഹെയ്തിയുടെ വിജയ ഗോളും തിയോഡറിന്റെ വകയായിരുന്നു.  ഒക്ടോബർ 18ന് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയും ജിറോണയും തമ്മിലെ മത്സരം കാണാൻ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്തിയ ശേഷമായിരുന്നു പാസ്​പോർട്ടും മറ്റും ഉപേക്ഷിച്ച് മുടങ്ങിയത്.

ടീം ക്യാമ്പിൽ നിന്നും മുങ്ങിയ ശേഷം പങ്കുവെച്ച ഓഡിയോ സ​​ന്ദേശം സമൂഹിക മാധ്യമങ്ങളിലും വൈറലാണ്. ‘​ഹെയ്തിയിലേക്കുള്ള തിരിച്ചുപോക്ക് നല്ലതിനാവില്ല. ​കളി കഴിഞ്ഞ് ഹെയ്തിയിലേക്ക് മടങ്ങിയാൽ അതൊരു പരാജയമാവും. അവിടെ ഇതുവരെ കളിച്ച നിലവാരത്തിലെ ഫുട്ബാൾ തന്നെ തുടരേണ്ടി വരും’ -ശബ്ദ സന്ദേശത്തിൽ താരം പറയുന്നു.

ഒക്ടോബർ 31ന് ടീം ​ഖത്തറിലേക്ക് പറക്കാനിരിക്കെയാണ് പ്രധാന താരങ്ങളിൽ ഒരാളായ തിയോഡർ മുങ്ങിയത്. 

സ്​പെയിനിൽ നിന്നും ഫ്രാൻസിലെത്തിയ അഭയം തേടാനാണ് താരത്തിന്റെ ശ്ര​മമെന്ന് ഹെയ്തിയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ താരത്തിന് ബന്ധുക്കളുണ്ടെന്നും, അവരുടെ പിന്തുണയോടെയാവാം രക്ഷപ്പെടലെന്നുമെന്നാണ് റിപ്പോർട്ട്.

ഒളിച്ചോടുന്ന ഹെയ്തിയൻ താരങ്ങൾ

വിദേശരാജ്യങ്ങളിൽ പര്യടനത്തിനെത്തുമ്പോൾ ടീം ക്യാമ്പിൽ നിന്നും ഒളിച്ചോടുന്ന കേസുകൾ ഹെയ്തി ടീമിൽ പതിവാണ്. 2021ൽ കോൺകകാഫ് ചാമ്പ്യൻസ് ലീഗിൽ പ​ങ്കെടുക്കാനായി മെക്സികോയിലെത്തിയപ്പോഴായിരുന്നു രാജ്യത്തെ പ്രധാന ക്ലബിലെ മൂന്ന് താരങ്ങൾ മുങ്ങിയത്. 2007ൽ ദക്ഷിണ കൊറിയയിൽ നടന്ന അണ്ടർ 17ലോകകപ്പനായി പുറപ്പെട്ട ടീം അംഗങ്ങൾ അമേരിക്കയിലെ ന്യൂയോർക്ക് വിമാനത്താവളത്തിലെത്തിയപ്പോഴും സമാനമായ രീതിയിൽ 13 താരങ്ങൾ മുങ്ങി.

എന്നാൽ തിയോഡർ ജൂനിയറുടെ ഒളിച്ചോട്ടം അങ്ങാടിപ്പാട്ടായതോടെ ഫ്രഞ്ച് അധികൃതർ എന്തുചെയ്യുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് അധികൃതർ. 

Tags:    
News Summary - Haitian soccer prodigy escapes from training camp in Spain ahead of U-17 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.