ലണ്ടൻ: ആഴ്സനലിന്റെ ദുരന്ത ചരിത്രം ആവർത്തിക്കുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ അവസാന ലാപ്പിലേക്ക് കടന്നപ്പോൾ ഫുട്ബാൾ ആരാധകരുടെ ചോദ്യം ഇതാണ്. കപ്പിനും ചുണ്ടിനുമിടയിൽ പലകുറി കിരീടം നഷ്ടമായ ഗണ്ണേഴ്സിന് അതിശക്തമായ ഭീഷണി ഉയർത്തിക്കഴിഞ്ഞു മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ദിവസം ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആഴ്സനലിനെ 2-1ന് വീഴ്ത്തി ആതിഥേയർ. ഇതോടെ ആഴ്സനലിന് 70ഉം സിറ്റിക്ക് 67ഉം പോയന്റായി. പീരങ്കിപ്പടക്ക് അഞ്ച് മത്സരങ്ങളേ ബാക്കിയുള്ളൂ. പെപ് ഗ്വാർഡിയോളയുടെ സംഘത്തിനാവട്ടെ ആറെണ്ണം കൂടിയുണ്ട്. അടുത്ത മത്സരത്തിൽ ആഴ്സനൽ തോൽക്കുകയും സിറ്റി ജയിക്കുകയും ചെയ്താൽ ഒപ്പത്തിനൊപ്പമാവും.
2022-23, 23-24, 24-25 സീസണുകളിലെല്ലാം രണ്ടാംസ്ഥാനത്താണ് ആഴ്സനൽ ഫിനിഷ് ചെയ്തത്. 2022-23ൽ തുടർച്ചയായ 248 ദിവസം ഒന്നാംസ്ഥാനക്കാരായിരുന്നു. എന്നാൽ, അവസാന ആഴ്ചകളിൽ സിറ്റി മുന്നിൽക്കയറി. 2023-24ലും കണ്ടത് ആഴ്സനലിന്റെ മേധാവിത്വം. പക്ഷേ, വെറും രണ്ട് പോയന്റിന് സിറ്റിയോടുതന്നെ കിരീടം അടിയറവ് വെച്ചു. കഴിഞ്ഞ സീസണിൽ ലിവർപൂളിന് പിറകിൽ 10 പോയന്റ് വ്യത്യാസത്തിലാണ് രണ്ടാംസ്ഥാനക്കാരായത്. 2002-03, 2007-08, 2013-14 സീസണുകളിൽ കിരീടത്തിനരികിലേക്ക് നീങ്ങി താഴോട്ട് വീണ അനുഭവമുണ്ട് ആഴ്സനലിന്. ഇക്കുറി 208ാം ദിവസവും ഗണ്ണേഴ്സ് തന്നെയാണ് മുന്നിലുള്ളത്. എന്നാൽ, വരും ദിവസങ്ങൾ അത്ര എളുപ്പമല്ല. ന്യൂകാസിൽ യുനൈറ്റഡ്, ഫുൾഹാം, വെസ്റ്റ് ഹാം, ബേൺലി, ക്രിസ്റ്റൽ പാലസ് ടീമുകളെയാണ് ഇനി നേരിടാനുള്ളത്. ബേൺലി, എവർട്ടൻ, ബ്രെന്റ്ഫോഡ്, ബോൺമൗത്ത്, ക്രിസ്റ്റൽ പാലസ്, ആസ്റ്റൻ വില്ല എന്നിവർ സിറ്റിയുടെയും എതിരാളികളായെത്തും. ഫോട്ടോ ഫിനിഷിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.