സ്പെയിൻ താരങ്ങൾ ലോകകിരീടവുമായി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ സമീപം നിൽക്കുന്ന ഡോണൾഡ് ട്രംപ്
ന്യൂയോർക്: ലോകകപ്പുമായി ബന്ധപ്പെട്ട് പല വിവാദങ്ങളിലും ഇടംപിടിച്ച യു.എസ് പ്രസിഡന്റ് ഫൈനൽ ദിവസവും അലോസരമുണ്ടാക്കി. സ്പാനിഷ് ടീമിന് ലോകകപ്പ് ട്രോഫി സമ്മാനിച്ച ശേഷം വേദിയിൽ നിന്ന് മാറാൻ വിസമ്മതിച്ച ഡോണൾഡ് ട്രംപിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അർജന്റീന താരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനസും ട്രംപിനെ ഹസ്തതദാനം ചെയ്യാതെ പോയതും യു.എസ് പ്രസിഡന്റിന്റെ പേര് അനൗൺസ് ചെയ്തപ്പോൾ കാണികൾ കൂവിയതുമെല്ലാം ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
വിജയികൾക്ക് ട്രംപ് കിരീടം നൽകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രഖ്യാപിച്ചപ്പോൾ ഗാലറിയിൽനിന്ന് വ്യാപകമായി കൂക്കിവിളികളുയർന്നു. സ്പെയിൻ ക്യാപ്റ്റൻ റോഡ്രിക്ക് ട്രംപ് കപ്പ് കൈമാറിയതോടെ അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചതായിരുന്നു. എന്നാൽ, കാമറാ ഫ്രെയിമിൽ നിന്ന് പുറത്തുപോകാതെ പ്രസിഡന്റ് വേദിയിൽ തന്നെ തുടരുകയും താരങ്ങൾക്ക് കൈകൊടുത്ത് അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയുമായിരുന്നു. ട്രംപ് മാറാതെ നിന്നതോടെ ട്രോഫി ഉയർത്താനാകാതെ റോഡ്രിക്ക് കാത്തുനിൽക്കേണ്ടിവന്നു. നിമിഷങ്ങൾ തികച്ചും അസ്വസ്ഥത നിറഞ്ഞതായി മാറിയതോടെ ഇൻഫാന്റിനോ ഓടിയെത്തി ഇടപെടുകയായിരുന്നു. അദ്ദേഹം മാറിനിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് ടീമിനരികിൽ നിന്ന് ട്രംപ് അൽപമൊന്ന് മാറിയത്. എങ്കിലും ടീം ട്രോഫി ഉയർത്തുമ്പോൾ കാമറ ഫ്രെയിമിൽ തന്നെ പൂർണ ശ്രദ്ധ കിട്ടുന്ന രീതിയിൽ ട്രംപ് സ്ഥാനം പിടിച്ചിരുന്നു. സ്പെയിനിന്റെ ആഘോഷങ്ങൾക്കുശേഷം മാത്രമാണ് അദ്ദേഹം വേദിയിൽ നിന്ന് താഴെയിറങ്ങിയത്.
താരങ്ങൾക്ക് മെഡൽ സമ്മാനിക്കുമ്പോഴാണ് റൊമേറോയും മാർട്ടിനസും ട്രംപിനെ ഹസ്തതദാനം ചെയ്യാതെ കടന്നുപോയത്. ഇതേക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. സ്പെയിൻ താരം ലമീൻ യമാൽ കൈകൊടുക്കാൻ മടിച്ചെന്ന രീതിയിലും വിഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ, ട്രംപ് ആദ്യം കൈനീട്ടിയപ്പോൾ യമാലിന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും തുടർന്ന് ഹസ്തദാനം ചെയ്തെന്നും ചില വിഡിയോകളിൽനിന്ന് വ്യക്തമായി. കഴിഞ്ഞ ക്ലബ് ലോകകപ്പ് ഫൈനലിൽ ചെൽസിക്ക് കിരീടം സമ്മാനിച്ചതും അമേരിക്കൻ പ്രസിഡന്റായിരുന്നു. അന്നും താരങ്ങളുടെ ആഘോഷത്തിനൊപ്പം കൂടാൻ ട്രംപ് കാത്തുനിന്നത് വലിയ വാർത്തയായി. ലോകകപ്പിനിടെ ട്രംപിന്റെ ഇടപെടലിൽ യു.എസ് താരത്തിന്റെ ചുവപ്പ് റദ്ദാക്കിയത് വലിയ പ്രതിഷേധമുയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.