ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം കെവിൻ കീഗൻ അന്തരിച്ചു; വിടവാങ്ങിയത് രണ്ട് തവണ 'ബാലൺ ഡി ഓർ' നേടിയ പ്രതിഭ

ലണ്ടൻ: ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ലിവർപൂളിന്റെയും ഇതിഹാസ താരമായിരുന്ന കെവിൻ കീഗൻ (75) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന് കാൻസർ നാലാം ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചത്. മരണവിവരം കുടുംബമാണ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. കളിക്കാരനായും പിന്നീട് പരിശീലകനായും ഇംഗ്ലീഷ് ഫുട്ബാളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് കീഗന്റെ മടക്കം.

ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീൽഡർമാരിലും ഫോർവേഡുകളിലും ഒരാളായി വിലയിരുത്തപ്പെടുന്ന കീഗൻ, രണ്ട് തവണയാണ് ലോക ഫുട്ബാളിലെ പരമോന്നത വ്യക്തിഗത പുരസ്കാരമായ 'ബാലൺ ഡി ഓർ' (1978, 1979) സ്വന്തമാക്കിയത്. 'മൈറ്റി മൗസ്' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അസാമാന്യ വേഗതയും ഡ്രിബ്ലിങ് മികവും ക്ലിനിക്കൽ ഫിനിഷിങ്ങും കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചു.

സ്‌കാന്തോർപ് യുണൈറ്റഡിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ലിവർപൂളിലെത്തിയതോടെയാണ് ലോകമറിയുന്ന താരമായി വളർന്നത്. ആൻഫീൽഡിലെ ഐതിഹാസികമായ ആറ് വർഷങ്ങൾക്കിടയിൽ ലിവർപൂളിനായി 323 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹം 100 ഗോളുകൾ അടിച്ചുകൂട്ടി. ക്ലബ്ബിനൊപ്പം മൂന്ന് തവണ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടവും, 1974-ൽ എഫ്.എ കപ്പും, 1977-ൽ യൂറോപ്യൻ കപ്പും സ്വന്തമാക്കി. യൂവേഫ കപ്പ് വിജയങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.

പിന്നീട് ജർമൻ ക്ലബ്ബായ ഹാംബർഗറിലേക്ക് ചേക്കേറിയ കീഗൻ, അവിടെയും തന്റെ മികവാവർത്തിച്ചു. 1979-ൽ ക്ലബ്ബിനൊപ്പം ബുണ്ടസ് ലീഗ കിരീടം നേടുകയും, തൊട്ടടുത്ത വർഷം ടീമിനെ യൂറോപ്യൻ കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തു. സതാംപ്ടൺ, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും അദ്ദേഹം ജഴ്സിയണിഞ്ഞിട്ടുണ്ട്. ക്ലബ്ബ് കരിയറിൽ ആകെ 744 മത്സരങ്ങളിൽ നിന്ന് 254 ഗോളുകൾ അദ്ദേഹം സ്വന്തമാക്കി. ഇംഗ്ലണ്ട് ദേശീയ ടീമിനായി 63 മത്സരങ്ങളിൽ കളത്തിലിറങ്ങിയ അദ്ദേഹം 21 ഗോളുകൾ നേടുകയും 31 മത്സരങ്ങളിൽ ക്യാപ്റ്റൻ ആംബാൻഡ് അണിയുകയും ചെയ്തു. 1984-ൽ ന്യൂകാസിലിനൊപ്പമാണ് അദ്ദേഹം പ്രഫഷനൽ ഫുട്ബാളിൽ നിന്ന് വിരമിക്കുന്നത്.

കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനെന്ന നിലയിലും കീഗൻ വലിയ വിജയങ്ങൾ സ്വന്തമാക്കി. 1992-ൽ ന്യൂകാസിൽ യുണൈറ്റഡിലൂടെ പരിശീലകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, 1993-ൽ ക്ലബ്ബിനെ പ്രീമിയർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചു. കീഗന് കീഴിൽ മികച്ച മുന്നേറ്റം നടത്തിയ ന്യൂകാസിൽ "ദി എന്റർടെയ്‌നേഴ്സ്" എന്നാണ് അറിയപ്പെട്ടിരുന്നത്.

പിന്നീട് ഫുൾഹാം, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയെയും ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ കിരീടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായി. 1999 മുതൽ 2000 വരെ ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും മുഖ്യ പരിശീലകനായിരുന്നു കീഗൻ. എന്നാൽ യൂറോ 2000-ൽ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ വെംബ്ലിയിൽ വെച്ച് ജർമനിയോട് പരാജയപ്പെട്ടതോടെ അദ്ദേഹം പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു. 2008-ൽ ന്യൂകാസിലിൽ തിരിച്ചെത്തിയാണ് അദ്ദേഹം പരിശീലക കരിയർ അവസാനിപ്പിച്ചത്.

കെവിൻ കീഗന്റെ വിയോഗത്തിൽ ഫുട്ബാൾ ലോകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. "കെവിൻ വെറുമൊരു ഫുട്ബാളറോ മാനേജറോ ആയിരുന്നില്ല, തലമുറകളോളം ന്യൂകാസിൽ ആരാധകരുടെ ഹൃദയമിടിപ്പായിരുന്നു അദ്ദേഹം. നഗരത്തിന് വലിയ പ്രതീക്ഷകളും അഭിമാനവുമാണ് അദ്ദേഹം നൽകിയത്" - ന്യൂകാസിൽ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിൽ അനുശോചിച്ചു. മുൻ ക്ലബ്ബായ സതാംപ്ടണും ആദരാഞ്ജലികൾ അർപ്പിച്ചു. ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് കീഗന്റെ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്.

Tags:    
News Summary - English Football Legend Kevin Keegan Passes Away at 75

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.