ഗോള്‍ഡന്‍ ത്രെഡ്‌സും സാറ്റ് തിരൂരും തമ്മിൽ നടന്ന കെ.പി.എൽ മത്സരത്തിൽ നിന്ന്

ഗോള്‍ഡന്‍ ത്രെഡ്‌സും കെ.എസ്.ഇ.ബിയും കേരള പ്രീമിയര്‍ ലീഗ് ഫൈനലില്‍

കൊച്ചി: ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌.സിയും കെ.എസ്.ഇ.ബിയും കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌.സി എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ സാറ്റ് തിരൂരിനെ തോല്‍പ്പിച്ചു. ഇത് നാലാം തവണയാണ് സാറ്റ് തിരൂര്‍ കെ.പി.എല്‍ സെമിയില്‍ തോല്‍ക്കുന്നത്.

കോഴിക്കോട് കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 'എ' ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബാസ്‌കോ ഒതുക്കുങ്ങലിനെ 2-1നാണ് കെ.എസ്.ഇ.ബി അട്ടിമറിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30ന് കോഴിക്കോട് കോര്‍പറേഷന്‍ ഗ്രൗണ്ടിലാണ് ഫൈനല്‍.

ഗോള്‍ഡന്‍ ത്രെഡ്‌സിന് ചരിത്ര ഫൈനല്‍

19ാം മിനുറ്റില്‍ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഒത്തറേസി നേടിയ ഗോളാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ഗോള്‍ഡന്‍ ത്രെഡ്‌സിന് കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തത്. പന്തില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ സാറ്റിനായില്ല. ഗോള്‍ഡന്‍ ത്രെഡ്‌സ് ഗോളി സി.എം മനോബിന്റെ മികച്ച പ്രകടനവും സാറ്റിന്റ തോല്‍വിക്ക് വഴിയൊരുക്കി. സാറ്റിന്റെ കാമറൂണ്‍ താരം ഹെര്‍മന്‍ കളിയിലെ താരമായി.

ഫുള്‍ചാര്‍ജുമായി കെഎസ്ഇബി

കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയോട് തോറ്റ് റണ്ണറപ്പായ കെഎസ്ഇബി, തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ എം. വിഘ്നേഷും (15) നിജോ ഗില്‍ബര്‍ട്ടും (79) കെ.എസ്.ഇ.ബിയുടെ ഗോളുകള്‍ നേടി. മുപ്പതാം മിനിറ്റിലെ പി. അജീഷിന്റെ സെല്‍ഫ് ഗോളില്‍ ബാസ്‌കോ ആശ്വാസം കണ്ടു. ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് കെ.എസ്.ഇ.ബിയും ബാസ്‌കോയും സെമിയില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞവട്ടം ഷൂട്ടൗട്ടിലായിരുന്നു കെ.എസ്.ഇ.ബിയുടെ ജയം.

Tags:    
News Summary - Golden Threads and KSEB in to Kerala Premier League final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.