ദോ​ഹ​യി​ലെ​ത്തി​യ ഗെ​റ്റോ കി​ഡ്​​സ്​ സം​ഘം

ദോഹ: 'ഹയ്യാ ഹയ്യാ ....' ലോകകപ്പ് ഗാനത്തിന് സ്വന്തമായി ചിട്ടപ്പെടുത്തിയ ചുവടുവെച്ച് ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ മനസ്സിലേക്ക് ഗോളടിച്ചുകൂട്ടിയ യുഗാണ്ടൻ കുട്ടിപ്പടയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെ താരങ്ങൾ. ജൂണിലായിരുന്നു 'ട്രിപ്ലെറ്റ്സ് ഗെറ്റോ കിഡ്സ്' എന്നപേരിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കുട്ടിപ്പട ഹയ്യാ ഹയ്യായെ അടിപൊളി ചുവടുകളോടെ തരംഗമാക്കിമാറ്റിയത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലോകമെങ്ങുമുള്ള ആരാധകർ ഗെറ്റോ കിഡ്സിന്‍റെ 'ഹയ്യാ ഹയ്യാ' ഏറ്റെടുത്തു.

ഫേസ്ബുക്കിൽ മാത്രം 25ലക്ഷം പേർ കാഴ്ചക്കാരായി. പിഞ്ഞിയൊരു തുണിയിൽ കളർപെൻകൊണ്ട് വടിവൊക്കാത്ത അക്ഷരങ്ങളിൽ എഴുതിപ്പിടിപ്പിച്ച 'ഫിഫ ലോകകപ്പ് ഖത്തർ 2022' എന്ന ബാനറിന്‍റെ പശ്ചാത്തലത്തിലെ നൃത്തച്ചുവട് കുട്ടിപ്പടയെ ലോകപ്രശ്സതരാക്കി. 'ഹയ്യാ ഹയ്യാ...' ഒരുക്കിയ ട്രിനിഡാഡ് കർഡോണയെയും ഡേവിഡോയെയുംവരെ ആരാധകരാക്കി മാറ്റിയ ഗെറ്റോ കിഡ്സ് ഒടുവിൽ ലോകകപ്പ് വേദിയായ ഖത്തറിലുമെത്തി. ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റിനു താഴെ, വൈകാതെ കാണാം എന്ന കമന്റോടെയായിരുന്നു ഖത്തർ ടൂറിസം പ്രതികരിച്ചത്. ദിവസങ്ങൾക്കകം അവർ വിശിഷ്ട അതിഥികളായ ദോഹയിൽ പറന്നിറങ്ങുകയും ചെയ്തു.

പിന്നെ, ഖത്തറിലെമ്പാടും ഗെറ്റോ കിഡ്സിന്‍റെ നൃത്തച്ചുവടുകളായിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും സൂഖ് വാഖിഫിലും ത്രീ ടു വൺ ഒളിമ്പിക് മ്യൂസിയത്തിലും പേൾ ഖത്തറിലും താമസമൊരുക്കിയ ഷെറാട്ടൺ ഹോട്ടലിലുമെല്ലാം ഗെറ്റോ പിള്ളാർ ആടിത്തിമിർത്തു. ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തിലും പിള്ളരു സംഘം നൃത്തംചെയ്ത് ആഘോഷമാക്കി. ആശംസനേരാനും വിഡിയോ പകർത്താനുമായി സാക്ഷാൽ കഫുവും സാമുവൽ എറ്റൂവും റൊണാൾഡ് ഡിബോയറും ടിം കാഹിലും ഉൾപ്പെടെയുള്ളവരുമെത്തി.

മരുഭൂമി സന്ദർശിച്ചും ഒട്ടകസവാരി നടത്തിയുമെല്ലാം ഖത്തറിന്‍റെ കാഴ്ചകൾ ആസ്വദിച്ച കുട്ടിപ്പടയെ കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് ഖത്തർ ടൂറിസം അധികൃതർ യാത്രയാക്കിയത്. ലോകകപ്പിന്‍റെ വേദിയിൽ അവസരം ലഭിക്കുമോയെന്ന പ്രതീക്ഷയോടെ പങ്കുവെച്ച കുറിപ്പ് തങ്ങളെ ഖത്തറിലെത്തിച്ച സന്തോഷവുമായാണ് സംഘം മടങ്ങിയത്. മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ 11 പേരുടെ സംഘമാണ് ഖത്തറിലെത്തിയത്.

ഗെറ്റോ കിഡ്സ്

2013ൽ യുഗാണ്ടയിലെ കംപാലയിൽ ആരംഭിച്ച എൻ.ജി.ഒയാണ് ട്രിപ്ലെറ്റ്സ് ഗെറ്റോ കിഡ്സ്. അനാഥരും വീടില്ലാത്തവരുമായ കുട്ടികളുടെ പഠനവും ഉന്നമനവും ലക്ഷ്യമിട്ട് ആരംഭിച്ച ഗെറ്റോ കിഡ്സ്, 2014ൽ എഡി കെൻസോയുടെ ആൽബത്തിലെ പാട്ടിന് സ്വന്തമായി ചുവടുവെച്ചായിരുന്നു ശ്രദ്ധ നേടുന്നത്. ദിവസങ്ങൾക്കുള്ളിൽ 80 ലക്ഷം കാഴ്ചക്കാരുണ്ടായതോടെ ഗെറ്റോ കിഡ്സിനെയും ലോകമറിഞ്ഞു. വിവിധ രാജ്യങ്ങൾ സന്ദർശിച്ചും മറ്റും പ്രചാരം നേടിയ സംഘത്തിൽ വിവിധ പ്രായക്കാരായ കുട്ടികളാണുള്ളത്.

Tags:    
News Summary - 'Ghetto Kids' make waves in World Cup city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT