ഗർനാച്ചോയുടെ അതിശയ ഗോൾ; എവർട്ടനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുനൈറ്റഡ്

തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോളിലൂടെ അർജന്റീനക്കാരൻ അലെജാന്ദ്രൊ ഗർനാച്ചോ ഫുട്ബാൾ ആരാധകരെ അമ്പരപ്പിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഉജ്വല ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊരുതിക്കളിച്ച എവർട്ടനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ പരാജയപ്പെടുത്തിയത്. മാർകസ് റാഷ്ഫോഡ്, ആന്തണി മാർഷ്യൽ എന്നിവരുടെ വകയായിരുന്നു ശേഷിക്കുന്ന ഗോളുകൾ.

മൂന്നാം മിനിറ്റിലായിരുന്നു ഗർണാച്ചോയുടെ അതിശയ ഗോൾ പിറന്നത്. റാഷ്ഫോഡിൽനിന്ന് ലഭിച്ച പന്ത് ഡിയോഗോ ഡലോട്ട് ഗർണാച്ചോയെ ലക്ഷ്യമാക്കി നൽകി. ഉയർന്നെത്തിയ പന്ത് താരം അക്രോബാറ്റിക് കിക്കിലൂടെ വലയിലെത്തിക്കുകയായിരുന്നു.

പത്താം മിനിറ്റിൽ എവർട്ടന് തിരിച്ചടിക്കാൻ അവസരം ലഭിച്ചെങ്കിലും ദുർബല ഷോട്ട് യുനൈറ്റഡ് ഗോൾകീപ്പർ ഒനാന അനായാസം കൈയിലൊതുക്കി. തുടർന്നും അവർ മാഞ്ചസ്റ്റർ ബോക്സിന് സമീപം വട്ടമിട്ടുകൊണ്ടിരുന്നു. 30ാം മിനിറ്റിൽ ലഭിച്ച കോർണർ എവർട്ടൻ താരം പോസ്റ്റിലേക്ക് ഹെഡ് ചെയ്തിട്ടെങ്കിലും ഇത്തവണയും ഒനാനയുടെ കൈയിലേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ നിരവധി അവസരങ്ങൾ ഒരുമിച്ച് കിട്ടിയെങ്കിലും ഗോളിയും പ്രതിരോധ താരങ്ങളുമെല്ലാം ചേർന്ന് തട്ടിത്തെറിപ്പിച്ചു.

56ാം മിനിറ്റിൽ ആന്റണി മാർഷ്യലിനെ ബോക്സിൽ വീഴ്ത്തിയതിന് വാർ പരിശോധനയിലൂടെ റഫറി മാഞ്ചസ്റ്ററിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഷ്ഫോഡ് പിഴവില്ലാതെ വലകുലുക്കി. സ്കോർ 2-0. തൊട്ടടുത്ത മിനിറ്റിൽ എവർട്ടൻ ഒരു ഗോൾ തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ മനോഹര ഷോട്ട് മാഞ്ചസ്റ്റർ ഗോൾകീപ്പർ അമ്പരപ്പിക്കുന്ന മെയ്‍വഴക്കത്തോടെ കുത്തിയകറ്റി. 71ാം മിനിറ്റിൽ റാഷ്ഫോഡ് നൽകിയ ക്രോസ് ഗർണാച്ചോക്ക് രണ്ടാം ഗോൾ നേടാൻ അവസരമൊരുക്കിയെങ്കിലും മുതലാക്കാനായില്ല. എന്നാൽ, 75ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നൽകിയ മനോഹര പാസ് ഗോളിലേക്ക് തിരിച്ചുവിട്ട് ആന്റണി മാർഷ്യൽ ലീഡ് മൂന്നാക്കി ഉയർത്തി. ഉടനുണ്ടായ എവർട്ടന്റെ പ്രത്യാക്രമണത്തിൽ ഗോൾ വീണെന്ന് ഉറപ്പിച്ചെങ്കിലും ഇത്തവണ ക്രോസ്ബാർ വിലങ്ങായി. 24 ഷോട്ടുകളാണ് എവർട്ടൻ മത്സരത്തിൽ മാഞ്ചസ്റ്റർ ഗോൾവല ലക്ഷ്യമാക്കി അടിച്ചത്. എന്നാൽ, ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.

ലീഗിൽ 13 മത്സരങ്ങളിൽ 30 പോയന്റുമായി ആഴ്സണലാണ് മുന്നിൽ. ഒരു പോയന്റ് ​പിറകിലായി മാഞ്ചസ്റ്റർ സിറ്റിയും 28 പോയന്റുകളുമായി ലിവർപൂൾ, ആസ്റ്റൺ വില്ല ടീമുകളും 26 പോയന്റുമായി ടോട്ടൻഹാമുമാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. 24 പോയന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ആറാമതാണ്.   

Tags:    
News Summary - Garnacho's wonder goal; Manchester United crushed Everton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.