ഇന്ത്യക്കെതിരെ ഗോൾ നേടിയ സിറിയൻ ടീം അംഗങ്ങളുടെ ആഘോഷം
ദോഹ: ‘ഒരു ജയമെന്നത് അമിത സ്വപ്നമായിരുന്നു. ആശ്വാസത്തിന് ഒരു ഗോളെങ്കിലും ഇന്ത്യ നേടുമെന്ന് വിശ്വസിച്ചു. പക്ഷേ, അതുമുണ്ടായില്ല. വലിയ നിരാശയുണ്ട്. ഇന്നെങ്കിലും ഞങ്ങൾ ജയിക്കുമെന്ന് ഒപ്പം ജോലിചെയ്യുന്ന ഫിലിപ്പീനുകാരനോട് ബെറ്റുവെച്ചാണ് അൽ ബെയ്ത് സ്റ്റേഡിയത്തിലെത്തിയത്.
ഇന്ത്യക്ക് പിന്തുണയുമായെത്തിയ ആരാധകർ
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യൻ ടീമിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു’ സിറിയക്കെതിരായ മത്സരത്തിനു പിന്നാലെ അൽ ബെയ്ത് സ്റ്റേഡിയത്തിനു പുറത്തുകണ്ട എറണാകുളം ആലുവ സ്വദേശി ആശിഖിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ആശിഖിനു മാത്രമല്ല, കഴിഞ്ഞ മൂന്നാഴ്ച കാലം ഖത്തറിലെ ഏതൊരു ഇന്ത്യൻ ഫുട്ബാൾ ആരാധകനും ഇതുതന്നെയായിരുന്നു പറയാനുണ്ടായിരുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി മത്സരത്തിനിടെ
ആസ്ട്രേലിയക്കും ഉസ്ബകിസ്താനുമെതിരെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിറഗാലറിയുമായി അവർ പിന്തുണനൽകി. ഇരു മത്സരങ്ങളിലും ടീം ദയനീയമായി തോറ്റപ്പോൾ ഗാലറിയിൽ ആദ്യവസാനം ആരവങ്ങളൊരുക്കി കാണികൾ പന്ത്രണ്ടാമന്റെ ജോലി ഭംഗിയായി നിർവഹിച്ചു. മൂന്നാം അങ്കത്തിൽ വീണ്ടും ഇന്ത്യ ബൂട്ടുകെട്ടിയപ്പോൾ ആരവങ്ങളുമായി അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കും ഒഴുകിയെത്തി. ബാൻഡ് വാദ്യങ്ങളും ഇന്ത്യ വിളികളുമായി ഒരുസംഘം ഗോൾപോസ്റ്റിനു പിന്നിൽ ഇടം ഉറപ്പിച്ച് സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും നീക്കങ്ങൾക്ക് പിന്തുണയേകി.
മത്സര ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ താരങ്ങൾ
എന്നാൽ, കഴിഞ്ഞ രണ്ടു മത്സരങ്ങളുടെ ആവർത്തനം അൽ ബെയ്തിലും കണ്ടതിന്റെ നിരാശയിലായിരുന്നു ഗാലറിയിൽനിന്നും മടക്കം. ആദ്യ കളിക്കായി റയ്യാനിലേക്ക് ഇരമ്പിയാർത്തവർ അതേ വീര്യം ടൂർണമെന്റിലുടനീളം ടീമിന് സമ്മാനിച്ചുവെങ്കിലും അവരെ സന്തോഷിപ്പിക്കാൻ ഒന്നും തിരികെ നൽകാൻ കഴിഞ്ഞില്ല.
അൽ ബെയ്തിൽ നിറഞ്ഞ ഗാലറി
ഗാലറിക്ക് ആഘോഷിക്കാൻ ഒരു ഗോളോ, ആശ്വസിക്കാൻ സമനിലയുമായി ഒരു പോയന്റോ പോലുമില്ലാതെയാണ് ഇന്ത്യയുടെ ഗ്രൂപ് റൗണ്ടിലെ മടക്കമെന്നതാണ് സങ്കടകരം. ലോകകപ്പ് ഫുട്ബാളിനും ഫിഫ അറബ് കപ്പിനുമെല്ലാമായി ആരവങ്ങളോടെ ഗാലറി നിറച്ചവർ, ഏഷ്യൻ കപ്പിന് സ്വന്തം ടീമെത്തുമ്പോൾ അതേ ആവേശത്തിൽ ത്രിവർണശോഭയിൽ സജീവമാകാമെന്ന പ്രതീക്ഷയിലായിരുന്നു.
ആസ്ട്രേലിയക്കെതിരെ 35,253 പേരും ഉസ്ബകിനെതിരെ 38,491 പേരുമായി ഗാലറി നിറഞ്ഞപ്പോൾ 80 ശതമാനത്തിന് മുകളിലും കാണികൾ ഇന്ത്യക്കൊപ്പമായിരുന്നു. സിറിയക്കെതിരായ മത്സരത്തിൽ 42,787 ആയിരുന്നു കാണികളുടെ എണ്ണം. സിറിയക്ക് പിന്തുണയുമായും വലിയൊരു വിഭാഗമെത്തിയതോടെ ഇരു ഭാഗത്തേക്കുമുള്ള നീക്കങ്ങൾക്ക് കാണികളും തുണച്ചു. തീർത്തും നിരാശപ്പെടുത്തി ഏഷ്യൻ കപ്പിൽനിന്നും ഇന്ത്യ മടങ്ങുമ്പോൾ ബ്ലൂടൈഗേഴ്സ് മെച്ചപ്പെടുമെന്ന പ്രതീക്ഷയേ അവർക്കും പങ്കുവെക്കാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.