‘ഡെംബെലെക്കോ യമാലിനോ?’ ആർക്കാകും ബാലൺ ഡി ഓർ?’, ‘ഇത് ഞങ്ങളിങ്ങെടുക്കുവാ’ -പി.എസ്.ജി താരത്തിന് വേണ്ടി കാമ്പയിനുമായി ഫ്രഞ്ച് ആരാധകർ

പാരീസ്: പാരീസ് സെന്റ് ജെർമെയ്നെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ച ഉസ്മാൻ ഡെംബെലെക്ക് ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം സമ്മാനിക്കണമെന്ന കാമ്പയിനുമായി ഫ്രാൻസ്. ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ഫൈനലിൽ നാണംകെടുത്തിയാണ് പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലാദ്യമായി യൂറോപ്പിലെ മികച്ച ക്ലബിനുള്ള പരമോന്നത പുരസ്കാരമായ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.

ഫൈനലിൽ ഇന്ററിനെതിരെ ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു ഫ്രഞ്ച് സ്ട്രൈക്കറുടേത്. ഫൈനലിൽ രണ്ടുഗോളിലേക്ക് പന്തെത്തിക്കുകയും ചെയ്തു. 28കാരനായ ഡെംബെലെയാണ് ചാമ്പ്യൻസ് ലീഗിലെ ​െപ്ലയർ ഓഫ് ദ സീസൺ ആയി തെരഞ്ഞെടുക്കപ്പെട്ടതും. ചാമ്പ്യൻസ് ലീഗ് സീസണിൽ എട്ടു ഗോളുകളാണ് ​പി.എസ്.ജിക്കുവേണ്ടി ഡെംബെലെ എതിർവലകളിൽ നിക്ഷേപിച്ചത്.

പി.എസ്.ജിയുടെ ഏഴു താരങ്ങൾ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദ സീസണിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡെംബെലെക്ക് പുറമെ ഗോളി ജിയാൻലൂയിജി ഡൊണാരുമ്മ, അഷ്റഫ് ഹക്കീമി, മാർക്വിഞ്ഞോസ്, നൂനോ മെൻഡെസ്, വിറ്റിഞ്ഞ, കൗമാര താരോദയം ഡിസയർ ഡൂയേ എന്നിവരാണ് ഇലവനിൽ ഇടംപിടിച്ച പി.എസ്.ജിക്കാർ. ഇന്റർ മിലാൻ ഡിഫൻഡർ അലസ്സാന്ദ്രേ ബസ്തോണി, ആഴ്സനലിന്റെ ഡെക്‍ലാൻ റൈസ്, ബാഴ്സലോണ താരങ്ങളായ ലാമിൻ യമാൽ, റഫീഞ്ഞ എന്നിവരും ടീം ഓഫ് ദ സീസണിൽ ഇടംകണ്ടെത്തി. ഫൈനലിൽ രണ്ടുവട്ടം വല കുലുക്കിയ ഡിസയർ ഡൂയേയാണ് യങ് ​െപ്ലയർ ഓഫ് ദ സീസൺ. കൗമാരത്തിലേ സൂപ്പർതാരമായി ഉയർന്ന യമാലിനെ പിന്തള്ളിയാണ് 19കാരനായ ഫ്രഞ്ച് അറ്റാക്കിങ് മിഡ്ഫീൽഡർ ഈ ബഹുമതി സ്വന്തമാക്കിയത്.

ഈ സീസണിൽ പി.എസ്.ജി ഫ്രഞ്ച് ലീഗിൽ ചാമ്പ്യൻപട്ടത്തിലേറിയപ്പോഴും ഡെംബെലെയുടെ പങ്ക് നിർണായകമായിരുന്നു. സീസണിൽ മൊത്തം 35 ഗോളും 15 അസിസ്റ്റുമാണ് ഡെംബെലെയുടെ ക്രെഡിറ്റിലുള്ളത്. നിലവിൽ ബാലൺ ഡി ഓർ പവർ റാങ്കിങ്ങിൽ ഫ്രഞ്ചുകാരനാണ് മുന്നിലുള്ളത്. ചാമ്പ്യൻസ് ലീഗ്, ലീഗ് വൺ കിരീടങ്ങൾക്കൊപ്പം ഫ്രഞ്ച് കപ്പ്, ട്രോഫി ഡി ചാമ്പ്യൻസ് (ഫ്രഞ്ച് സൂപ്പർ കപ്പ്) എന്നിവയിലും മുത്തമിട്ടത് സാധ്യതകളിൽ ഡെംബെലെയെ മുമ്പനാക്കുന്നു.

ബാഴ്സലോണയുടെ കൗമാര സൂപ്പർ താരം ലാമിൻ യമാലാണ് ബാലൺ ഡി ഓർ പവർ റാങ്കിങ്ങിൽ ഡെംബെലെക്ക് വെല്ലുവിളിയുയർത്തി രംഗത്തുള്ളത്. 17കാരൻ നിലവിൽ രണ്ടാം സ്ഥാനത്താണ്. സീസണിൽ 19 ഗോളും 26 അസിസ്റ്റും ക്രെഡിറ്റിലുള്ള യമാൽ ലാ ലീഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. വ്യാഴാഴ്ച നടക്കുന്ന സ്​പെയിൻ-ഫ്രാൻസ് നേഷൻസ് ലീഗ് സെമി ഫൈനലിൽ ഇരുതാരങ്ങളും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വിജയം കൈവരിക്കുന്ന താരത്തിന് ബാലൺ ഡി ഓറിന് അവകാശമുന്നയിക്കാൻ അർഹതയേറും. ഇവരിൽ നാഷൻസ് ലീഗിൽ മുത്തമിടുന്ന താരത്തിന് ബാലൺ ഡി ഓർ സാധ്യത വർധിക്കും. ബുധനാഴ്ച ജർമനിയും പോർചുഗലും തമ്മിലാണ് ടൂർണമെന്റിലെ മറ്റൊരു സെമി. 

പി.എസ്.ജിക്ക് കന്നി ചാമ്പ്യൻസ് ലീഗ് ​കിരീടം നേടിക്കൊടുത്ത ഡെംബെലെ ബാലൺ ഡി ഓറിന് തീർത്തും അർഹനാണെന്ന് ക്ലബ് കോച്ച് ലൂയി എന്റിക്ക് ചൂണ്ടിക്കാട്ടി. ‘എല്ലാവരും ബാലൺ ഡി ഓറിനെക്കുറിച്ചാണ് പറയുന്നത്. ഞാൻ അത് ഉസ്മാൻ ഡെംബെലെക്ക് കൊടുക്കും. അവൻ മികച്ച ലീഡറായിരുന്നു. പിന്നോട്ടിറങ്ങി പ്രതിരോധിക്കുന്നതിലും മിടുക്കുകാട്ടി. സംശയത്തിന്റെ ഒരു നിഴൽ പോലും ഇല്ലാതെ അവൻ അത് അർഹിക്കുന്നു’ -മുൻബാഴ്സലോണ പരിശീലകൻ കൂടിയായ എന്റിക് പറഞ്ഞു. അതേസമയം, ബാഴ്സലോണക്കുവേണ്ടി സീസണിൽ അനിതരസാധാരണമായ പ്രകടനം പുറത്തെടുക്കുന്ന യമാലിന് ബാലൺ ഡി ഓർ നൽകണമെന്ന് സഹതാരം ഗാവി അഭിപ്രായപ്പെട്ടു.


Tags:    
News Summary - France begins campaign for Ousmane Dembele to win Ballon d'Or

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.