നാലടിച്ച് പാൽമർ; എവർട്ടെനെതിരെ ചെൽസിയുടെ ഗോൾവർഷം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരെ ഗോൾവർഷവുമായി ചെൽസി. കോൾ പാൽമർ നാലടിച്ച മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളിനാണ് നീലപ്പടയുടെ വിജയഭേരി. ചെൽസി തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ സമ്പൂർണ മേധാവിത്തത്തോടെയാണ് ആതിഥേയർ മത്സരം വരുതിയിലാക്കിയത്.

13ാം മിനിറ്റിൽ തന്നെ കോൽ പാൽമറിലൂടെ അവർ മുന്നിലെത്തി. നിക്കൊളാസ് ജാക്സനൊപ്പം പാൽമർ നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. അഞ്ച് മിനിറ്റിനകം പാൽമർ തന്നെ ലീഡ് ഇരട്ടിപ്പിച്ചു. ജാക്സന്റെ ഷോട്ട് എവർട്ടൻ ഗോൾകീപ്പർ ജോർദൻ പിക്ക്ഫോർഡ് തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ ഹെഡ് ചെയ്തിടുകയായിരുന്നു. 29ാം മിനിറ്റിൽ പാൽമറുടെ ഹാട്രിക്കുമെത്തി. ചെൽസി ഗോൾകീപ്പർ ബോക്സിന് പുറത്തിറങ്ങി നൽകിയ പാസ് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത താരം ഗോൾകീപ്പർക്ക് മുകളിലൂടെ നെറ്റിലേക്കടിച്ചിടുകയായിരുന്നു. ഹാഫ്ടൈമിന് തൊട്ടുമുമ്പ് നിക്കൊളാസ് ജാക്സൻ ഗോളെണ്ണം നാ​ലാക്കി. മാർക് കുകുറേല ഇടതുവിങ്ങിൽനിന്ന് നൽകിയ ക്രോസിലായിരുന്നു ഗോളിന്റെ പിറവി.

64ാം മിനിറ്റിൽ നോനി മദ്യൂകെയെ ജെയിംസ് തർകോവ്സ്കി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പാൽമർ തന്റെ ഗോൾ സമ്പാദ്യം നാലും ലീഡ് അഞ്ചുമാക്കി ഉയർത്തി. എന്നാൽ, പെനാൽറ്റി എടുക്കുന്നതിനെ ചൊല്ലി ചെൽസി താരങ്ങളായ നിക്കൊളാസ് ജാക്സനും നോനി മദ്യൂകെയും തമ്മിൽ തർക്കിച്ചത് ടീമിന് നാണക്കേടായി. നാലടിച്ചതോടെ പാൽമർ 20 ഗോളുമായി എർലിങ് ഹാലണ്ടിനൊപ്പം ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമ​തെത്തി. പകരക്കാരനായെത്തിയ ആൽഫി ഗിൽക്രിസ്റ്റിലൂടെ 90ാം മിനിറ്റിൽ ചെൽസി ഗോൾപട്ടിക പൂർത്തിയാക്കി.

ജയത്തോടെ പ്രീമിയർ ലീഗിൽ ചെൽസി പരാജയമറിയാത്ത തുടർച്ചയായ എട്ട് മത്സരങ്ങളാണ് പൂർത്തിയാക്കുന്നത്. 31 കളികളിൽ 47 പോയന്റുമായി ലീഗിൽ ഒമ്പതാമതാണ് ചെൽസി. 32 മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി ഒന്നാമതുള്ളപ്പോൾ 71 പോയന്റുകളുമായി ആഴ്സണലും ലിവർപൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Tags:    
News Summary - Four goals for Palmer; Chelsea's goal rain against Everton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.