മുൻ ഇന്ത്യൻ ഗോളി സുധീർ ഓർമയായി

കോഴിക്കോട്​: എഴുപതുകളിലെ ആദ്യപകുതിയിൽ ഇന്ത്യൻ ഫുട്​ബാൾ ടീമിന്‍റെ ഗോൾവല കാത്ത മലയാളി ഗോൾകീപ്പർ ഇ.എൻ സുധീർ (74) ഗോവയിലെ മാപുസയിൽ അന്തരിച്ചു. ഗോവയിൽ സ്ഥിരതാമസമാക്കിയ സുധീർ കോഴിക്കോട്​ പണിക്കർ റോഡ്​ സ്വദേശിയാണ്​. ഹദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ​ചൊവ്വാഴ്ച ഗോവയിൽ. ഭാര്യ: പരേതയായ ലുർദ്​. മക്കൾ : അനൂപ്​, ജോൻക്വിൽ.

കോഴിക്കോട്​ സെന്‍റ്​ ജോസഫ്​സ്​ സ്കൂളിൽ നിന്ന്​ പന്ത്​ തട്ടി തുടങ്ങിയ സുധീർ 1968ൽ ഗവ. ഗണപത്​ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തിന്‍റെ സന്തോഷ്​ ട്രോഫി ടീമിലിടം നേടിയിരുന്നു. കേരളം, ​ഗോവ, മഹാരാഷ്​ട്ര എന്നീ സംസ്ഥാനങ്ങൾക്കായി സന്തോഷ്​​ ട്രോഫിയിൽ കളിച്ചിട്ടുണ്ട്​.

എക്സലന്‍റ്​, എ.വി.എം, യംഗ്​ ജെംസ്​, യംഗ്​ ചാലഞ്ചേഴ്​സ്​ തുടങ്ങിയ കോഴിക്കോടൻ ടീമുകളിൽ കളിച്ച ശേഷം വാ​സ്കോ ഗോവയുടെ പ്രധാന കാവൽക്കാരനായി. മുന്ന്​ വർഷം വാസ്കോയുടെ നെടുന്തൂണായിരുന്നു സുധീർ. പിന്നീട്​ അന്നത്തെ ബോംബെ മഹീന്ദ്ര ടീമിലും താരമായിരുന്നു. റഷ്യൻ ടീം സൗഹൃദ മത്സരത്തിനെത്തിയപ്പോൾ ഇന്ത്യൻ ടീം വൈസ്​ ക്യാപ്​റ്റനായിരുന്നു.

1971ലെ ഏഷ്യൻ യൂത്ത്​ ചാമ്പ്യൻഷിപ്പിലാണ്​ ആദ്യമായി ഇന്ത്യൻ കുപ്പായമണിയുന്നത്​. 72ൽ റങ്കൂണിൽ നടന്ന ഒളിമ്പിക്സ്​ യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം നടത്തി. മലേഷ്യയിലെ മെർദേക്ക കപ്പിലും 1974ൽ തെഹ്​റാൻ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ഗോളിയായിരുന്നു. ബർമ്മ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയൻ പര്യടനങ്ങളിലും ദേശീയ ടീമിനായി കളിച്ചു. 27ാം വയസിൽ കളിമതിയാക്കിയ സുധീർ 30 വർഷത്തോളം ദോഹയിൽ പ്രവാസിയായി ജീവിച്ചു. മടങ്ങിയെത്തിയ ശേഷം ഗോവയിൽ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു.

Tags:    
News Summary - Former Indian goalie EN Sudheer passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.