ഇനിയില്ല ആ പ്രസന്ന താരം

  കോഴിക്കോട്: കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ കോഴിക്കോടിൻ്റെ മണ്ണിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് വളർന്ന മറ്റൊരു ഫുട്ബാൾ താരം കുടി ഓർമയാകുന്നു. 1970 കളിൽ രാജ്യം കണ്ട മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്ന എം.പ്രസന്നൻ മുംബൈയിലാണ് വ്യാഴാഴ്ച്ച പുലർച്ചെ വിടപറഞ്ഞത് . 73 വയസായിരുന്നു. അതി മനോഹരമായി മിഡ്ഫീൽഡിൽ കളി നിയന്ത്രിച്ചിരുന്ന പ്രസന്നൻ അക്കാലത്തെ ആരാധകരുടെ മനം നിറച്ച താരമാണ്. താടിയും മുടിയും തലയിൽ കറുത്ത ബാൻഡും അണിഞ്ഞ് മധ്യനിരയിലെ 'പ്രസന്ന ഭാവം' പ്രമുഖ ടൂർണമെൻറുകളിൽ ശ്രദ്ധ നേടി.

1973 ലെ മെർദേക്ക കപ്പിനുള്ള ഇന്ത്യൻ ടീമിൽ സാക്ഷാൽ ഇന്ദർസിഗ് ക്യാപ്റ്റനും ഡി. നടരാജ് വൈസ് ക്യാപ്റ്റനുമായുള്ള ടീമിലാണ് പ്രസന്നൻ കളിച്ചത്. കോഴിക്കോട്ടുകാർ തന്നെയായ ഇ.എൻ സുധീറും കെ.പി സേതുമാധവനും അന്ന് ടീമിലുണ്ടായിരുന്നു. പഴയ പടക്കുതിര ചാത്തുണ്ണിയും. രാജ്യത്തിനായി കളിച്ച പ്രസന്നൻ പന്ത് തട്ടി തുടങ്ങിയത് സെൻ്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുമ്പോഴാണ്. 1963ൽ ജില്ല സ്കൂൾ ടീമിൻ്റെ ക്യാപ്റ്റനായി. എക്സലൻ്റ് സ്പോപോർട്സ് ക്ലബ്, യംഗ് ജംസ്, യംഗ് ചാലഞ്ചേഴ്സ് തുടങ്ങിയ അന്നത്തെ കോഴിക്കോടൻ ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പ്രസന്നൻ.



പിന്നീട് കേരള ജൂനിയർ ടീമിലും സീനിയർ ടീമിലും കളിച്ചു. പ്രസന്നൻ്റെ കളി മികവ് കണ്ട ഗോവൻ ക്ലബ് ഡെംപോ 1970 ൽ ഈ താരത്തെ റാഞ്ചി. പ്രധാന ടൂർണമെൻറുകളിൽ ഡെംപോ നിരയിൽ തിളങ്ങിയതോടെ ദേശീയ ടീമിലേക്ക് ക്ഷണമെത്തി. കൊൽക്കത്തയിൽ വമ്പൻ ക്ലബുകൾ പിന്നാലെ നടന്നെങ്കിലും പ്രസന്നൻ പിന്നീട് ചേക്കേറിയത് അന്നത്തെ ബോംബെയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ടീമിലായിരുന്നു.നാഗ്ജി, റോവേഴ്‌സ് കപ്പ്, ചാക്കോള, ശ്രീനാരായണ, ഗോൾഡ് കപ്പ് തുടങ്ങിയ ദേശീയ ടൂർണമെൻ്റുകളിൽ ബാങ്ക് ടീമിനെ നയിച്ചു. ഇതിനിടയിൽ ഗോവക്കും മഹാരാഷ്ട്രക്കും വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. ജോലി തേടി മുംബൈയിലെത്തുന്ന മലയാളി താരങ്ങൾക്ക് പ്രസന്നൻ എന്നും വഴികാട്ടിയായിരുന്നു.

നിരവധി പേർക്ക് ജോലി വാങ്ങി കൊടുത്തു. ബാഗ്ലൂർ എൻ.ഐ.എസിൽ നിന്ന് പരിശീലനത്തിൽ ഡിപ്ലോമ നേടിയ ശേഷം മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിൻ്റെ കോച്ചായും പ്രസന്നനുണ്ടായിരുന്നു. ആ വർഷം മഹാരാഷ്ട്ര റണ്ണേഴ്സപ്പായി. ജന്മനാടിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം രണ്ട് വർഷം കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ചോദിച്ച് വാങ്ങിയിരുന്നു. പിന്നീട് സ്വയം വിരമിച്ച് ന്യൂ മുംബെയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കളിക്കളത്തിനകത്ത് എതിരാളികളെ വിറപ്പിക്കുന്ന പ്രസന്നൻ എക്കാലത്തും ഹൃദ്യമായ പെരുമാറ്റമായിരുന്നെന്ന് മുൻ ഇൻ്റർനാഷണൽ താരം പ്രേംനാഥ് ഫിലിപ്പ് ഓർമിക്കുന്നു . മിഡ്ഫീൽഡിൽ അക്ഷരാർഥത്തിൽ നിറഞ്ഞു കളിക്കാൻ പ്രസന്നന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ആശയാണ് പ്രസന്നൻ്റെ ഭാര്യ. മക്കൾ: ഷനോദ് (ബിസിനസ്), സൂരജ് (ഐ.സി.ഐ.സി.ഐ ബാങ്ക് മുംബൈ). മരുമക്കൾ: ഷൈനി, സംഗീത ( എസ്.ബി.ഐ മുംബൈ). സഹോദരങ്ങൾ: ലില്ലി (റിട്ട. ബി.എസ്.എൻ.എൽ), പ്രസീല, പ്രേമലത, പ്രേമരാജൻ (ഓർക്കെ മിൽസ് മുൻ ഫുട്ബാൾ താരം), ഷീല, പരേതരായ മനുമോഹൻ (റിട്ട.കോംട്രസ്റ്റ് ), ബാബുരാജ്.

Tags:    
News Summary - Former Indian footballer M Prasannan dies in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT