സർക്കാർ ജോലി ലഭിക്കേണ്ടിയിരുന്നു, പണി തന്നത് സീനിയേഴ്സെന്ന് അനസ് എടത്തൊടിക; എല്ലാം ഒരിക്കൽ പുറത്തുവിടും

കോഴിക്കോട്: കായിക രംഗത്ത് സജീവമായിരിക്കെ തന്നെ തനിക്ക് ഡിപ്പാർട്ട്മെന്‍റ് ജോലി ലഭിക്കേണ്ടതായിരുന്നെന്നും എന്നാൽ എല്ലാം ശരിയായി വന്നപ്പോൾ സീനിയർ ഫുട്ബാൾ താരങ്ങൾ വിലങ്ങുതടിയായെന്നും ഫുട്ബാൾ താരം അനസ് എടത്തൊടിക. അതേക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ കിട്ടുകയാണെങ്കിൽ തീർച്ചയായും അവരുടെ പേര് വെളിപ്പെടുത്തുമെന്നും അനസ് 'മാധ്യമം ഓൺലൈനി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Full View


'എല്ലാം തുറന്ന് പറയാൻ ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ അറിഞ്ഞത് തന്നെയാണ് സത്യമെന്നുള്ള പൂർണ വിവരം കിട്ടിയാൽ അതെല്ലാം തീർച്ചയായും പുറത്തുവിടും. അത് പുറത്തുകൊണ്ടുവന്നാൽ പ്രശ്നങ്ങൾ നേരിടേണ്ടി വരും. പക്ഷേ, അത് ചെയ്താൽ എനിക്ക് ശേഷം വരുന്ന കളിക്കാർക്ക് ഗുണകരമാകുമെന്നത് കൊണ്ടാണ് അതിന് ശ്രമിക്കുന്നത്. എനിക്കിട്ട് പണി തന്നവർ നമ്മളുടെ കുടുംബത്തെ കുറിച്ച് ആലോചിച്ചില്ലെങ്കിലും നമ്മൾ അവരുടെ കുടുംബത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടൊക്കെയാണ് മടിക്കുന്നത്. ഇത്രയും കാലം നമുക്കുവേണ്ടി കളിച്ച കളിക്കാരാണ്. അവരെ കുറിച്ചുള്ള ഇത്തരം വിവരങ്ങൾ പുറത്തുവരുമ്പോൾ ജനങ്ങൾക്ക് അവരോടുള്ള ബഹുമാനം ഇല്ലാതാകും' - അനസ് പറഞ്ഞു.

ഫുട്ബാൾ രംഗത്ത് നിന്ന് വിരമിച്ചു കഴിഞ്ഞാൽ പരിശീലകനാകാൻ പലരും ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, തനിക്കത് സാധ്യമല്ലെന്ന് ബോധ്യമുണ്ടെന്ന് അനസ് പറഞ്ഞു. പൊലീസ് ഡിപ്പാർട്ട്മെന്‍റ് ജോലിയാണ് തന്നെ തേടിയെത്തിയത്. എന്നാൽ പേപ്പർ വർക്കുകൾ ഒരു വിധം ശരിയായി വന്നപ്പോളായിരുന്നു ചിലർ തന്‍റെ അവസരം നിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

താൻ വളരെ വൈകി രാജ്യാന്തര ഫുട്ബാളിലേക്ക് വന്നയാളായിട്ടു കൂടി പെട്ടെന്ന് വിരമിക്കേണ്ടി വന്നതിന് പിന്നിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിനകം കായികരംഗത്ത് നിന്ന് പല തരത്തിലുള്ള അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ അനസ് ചൂണ്ടിക്കാട്ടി. നിരവധി ആരാധകർ താരത്തെ പിന്തുണച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഐ.എസ്.എൽ 2021ൽ ജംഷഡ്പൂർ എഫി.സിക്ക് വേണ്ടിയാണ് അനസ് ജേഴ്സിയണിഞ്ഞത്. സാധ്യമെങ്കിൽ ഒരു തവണ കൂടി ബൂട്ട് കെട്ടണമെന്ന് ആഗ്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Footballer Anas Edathodika says he should have got a department job while he was active in the sport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT