ഹാ​രി കെ​യ്ൻ

മൂറാവുമോ കെയ്ൻ

ഫുട്ബാളിന്റെ ജന്മനാട് എന്നാണ് വിശേഷണമെങ്കിലും ഒറ്റത്തവണ മാത്രമേ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്റെ മണ്ണിലെത്തിയിട്ടുള്ളൂ. 1966ൽ തങ്ങൾതന്നെ ആതിഥ്യം വഹിച്ച ലോകകപ്പിലായിരുന്നു അത്. അരനൂറ്റാണ്ടിലേറെയായി ഇംഗ്ലണ്ട് ആരാധകർക്ക് മേനിപറയാൻ ബോബി മൂറും സംഘവും നേടിയ ലോകകിരീടം മാത്രമാണുള്ളത്.

പിന്നീടുള്ള എല്ലാ ലോകകപ്പുകളിലും കിരീട ഫേവറിറ്റുകളിൽ 'ത്രീ ലയൺസ്' ഇടംപിടിക്കാറുണ്ടെങ്കിലും ഇടക്കെവിടെയെങ്കിലുംവെച്ച് ഇടറിവീഴും. പിന്നീടൊരിക്കലും ഫൈനലിൽപോലും എത്താനായിട്ടില്ല. കഴിഞ്ഞ തവണ റഷ്യയിൽ പ്രതീക്ഷയോടെ മുന്നേറിയെങ്കിലും സെമിയിൽ വീണു.

ഇത്തവണ അതിന്റെ നിരാശ തീർക്കാനാണ് കോച്ച് ഗാരെത് സൗത്ത്ഗെയ്റ്റിന്റെയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെയും നേതൃത്വത്തിൽ ഇംഗ്ലണ്ട് ഇറങ്ങുന്നത്. എല്ലാ തവണത്തെയുംപോലെ നിരവധി സൂപ്പർ താരങ്ങളുമായാണ് ഇംഗ്ലണ്ടിന്റെ വരവ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എണ്ണംപറഞ്ഞ ക്ലബുകളിൽ പന്തുതട്ടുന്ന താരങ്ങൾ ഒന്നിനൊന്ന് മികച്ചവർ. പല പ്രമുഖർക്കും ടീമിൽതന്നെ ഇടംലഭിക്കാതിരിക്കാൻ മാത്രം മത്സരമാണ് ഓരോ പൊസിഷനിലേക്കും. എന്നാൽ, ലോകകപ്പ് തുടങ്ങുമ്പോൾ ഈ മികവ് പൂർണാർഥത്തിൽ പുറത്തെടുക്കാൻ ഇംഗ്ലണ്ടിനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

യോഗ്യത റൗണ്ടിൽ തകർപ്പൻ പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്. പോളണ്ട്, അൽബേനിയ, ഹംഗറി, അൻഡോറ, സാൻമാരിനോ എന്നിവരടങ്ങിയ ഐ ഗ്രൂപ്പിൽ 10ൽ എട്ടിലും ജയം. രണ്ടു സമനില. തോൽവിയറിയാതെയുള്ള കുതിപ്പിൽ 36 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രം.

എന്നാൽ, അടുത്തിടെ അവസാനിച്ച നേഷൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ദയനീയ പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്. ഇറ്റലി, ഹംഗറി, ജർമനി എന്നിവരടങ്ങിയ ഗ്രൂപ്പിൽ ഒരു ജയംപോലും ഇംഗ്ലണ്ടിന് നേടാനായില്ല. മൂന്നു സമനിലയും മൂന്നു തോൽവിയുമായി ഗ്രൂപ്പിൽ അവസാനം. ലോകകപ്പ് യോഗ്യത റൗണ്ടിലെ ഇംഗ്ലണ്ടോ നേഷൻസ് ലീഗിലെ ഇംഗ്ലണ്ടോ? ഏത് ഇംഗ്ലണ്ടാവും ഖത്തറിൽ അവതരിക്കുക? കാത്തിരുന്നു കാണാം.

സൗ​ത്ത്ഗെ​യ്റ്റ്

ആശാൻ >>

ഏഴു വർഷമായി ഇംഗ്ലണ്ടിന്റെ കളിയാശാനാണ് ഗാരെത് സൗത്ത്ഗെയ്റ്റ്. ലോകകപ്പിൽ സെമിയിലും യൂറോകപ്പിലും നേഷൻസ് ലീഗിലും ഫൈനലിലുമെത്തിച്ച 52കാരന് പക്ഷേ കിരീടം കിട്ടാക്കനിയായി തുടരുന്നു. അത് ഇത്തവണയെങ്കിലും നേടിക്കൊടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ദേശീയ ഇംഗ്ലണ്ടിനായി 57 തവണ കളിച്ചിട്ടുള്ള സൗത്ത്ഗെയ്റ്റ്.

കുന്തമുന >>

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കർ എന്ന വിശേഷണത്തിലേക്കാണ് ഹാരി കെയ്നിന്റെ കുതിപ്പ്. ഫോം തുടർന്നാൽ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന നേട്ടം ഈ ലോകകപ്പിൽതന്നെ 29കാരൻ കരസ്ഥമാക്കിയേക്കും. 75 മത്സരങ്ങളിൽ 51 ഗോളുകൾ ദേശീയ ടീമിനായി നേടിയിട്ടുള്ള കെയ്നിൽതന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രധാന ഗോൾപ്രതീക്ഷ.

Tags:    
News Summary - football worldcup england

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.