2025 ക്ലബ് ലോകകപ്പ് മത്സരത്തിനിടെ ചൂട് കാരണം തളർന്ന റയൽ മഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാം

ലോകകപ്പ് കിക്കോഫ് സമയം: ചൂടിനും ബ്രോഡ്കാസ്റ്റർ സമ്മർദത്തിനുമിടയിൽ ഫിഫ; ഇന്ത്യക്കാരുടെ ഉറക്കം കളയുമോ?

ന്യൂയോർക്ക്: മൂന്നു പതിറ്റാണ്ടു നീണ്ട ഇടവേളക്കു ശേഷം, ലോകകപ്പ് ഫുട്ബാൾ അമേരിക്കൻ മണ്ണിലെത്തുകയാണ്. അമേരിക്കക്കു പുറമെ, അയൽ രാജ്യങ്ങളായ കാനഡയും മെക്സികോയും ചേർന്ന് സംയുക്ത ആതിഥേയരാകുമ്പോൾ ലോകമെങ്ങുമുള്ള ആരാധകരെ കാത്തിരിക്കുന്നത് സമ്പന്നമായൊരു കളിക്കാലമാകും.

റോബർടോ ബാജിയോയുടെ കണ്ണീരും, മരുന്നടി പിടിക്കപ്പെട്ട് ഡീഗോ മറഡോണയുടെ പുറത്താവലും, ആന്ദ്രെ എസ്കോബാറിന്റെ നീറുന്ന ഓർമകളും, ദുംഗയിലൂടെ ബ്രസീൽ ഉയർത്തിയ കിരീടവുമെല്ലാമായിരുന്നു അമേരിക്ക അവസാനമായി വേദിയായ 1994 ലോകകപ്പ്. 31 വർഷം പിന്നിടുന്ന ഈ ലോകകപ്പിന്റെ ഓർമകൾ മങ്ങി തുടങ്ങുന്നതിനിടെയാണ് അമേരിക്കയിൽ വീണ്ടും കളിയെത്തുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൊണ്ട് മറ്റു വൻകരകളെല്ലാം താണ്ടിയ ശേഷം ലോകകപ്പ് അമേരിക്കയിലും അയൽ രാജ്യങ്ങളിലുമായെത്തുമ്പോൾ ആരാധകർ ഏറെയുള്ള ഏഷ്യക്കും യൂറോപ്പിനും ഇത്തവണ കളി കാണണമെങ്കിൽ ഉറക്കിളക്കേണ്ടി വരും.

യൂറോപ്യൻ രാജ്യങ്ങളിൽ അർധരാത്രിയിലും, ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ അതിരാവിലെയുമായിരിക്കും മത്സരങ്ങളേറെയുമെന്നതാണ് പ്രത്യേകത.

പകൽ കളിക്ക് ചൂട് വെല്ലുവിളി

​​2026 ലോകകപ്പിന്റെ മത്സര ഷെഡ്യൂളും കിക്കോഫ് സമയവും ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂൺ-ജൂലായ് മാസങ്ങളിൽ ആതിഥേയ നഗരങ്ങളിലെ കടുത്ത ചൂട് വെല്ലുവിളിയാവുന്ന സാഹചര്യത്തിൽ മത്സരങ്ങൾക്ക് വൈകി കിക്കോഫ് കുറിക്കാനാണ് സംഘാടകർക്ക് താൽപര്യം. എന്നാൽ, യൂറോപ്പിലെ ബ്രോഡ്കാസ്റ്റർമാർക്ക് രാത്രി അധികം വൈകാതെ കൂടുതൽ കാഴ്ചക്കാരെ കിട്ടുന്ന സമയത്ത് കളി നടത്താനാണ് ഇഷ്ടം. ഇതിനിടയിൽ സമ്മർദത്തിലാവുകയാണ് ഫിഫ.

ബ്രിട്ടീഷ് സമയം വൈകുന്നേരം അഞ്ചിനും എട്ടിനുമിടയിൽ കളി നടന്നാൽ യൂറോപ്പിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുമെന്ന് ബ്രോഡ്കാസ്റ്റർമാർ അവകാശപ്പെടുന്നു. എന്നാൽ, മത്സര വേദികളായ കിഴക്ക്-​പടിഞ്ഞാൻ അമേരിക്കൻ നഗരങ്ങളിൽ സൂര്യൻ നട്ടുച്ചിയിലെത്തുന്ന ഉച്ച സമയത്താവും ഇത്.

കഴിഞ്ഞ ക്ലബ് ലോകകപ്പിൽ പി.എസ്.ജിയും അത്‍ലറ്റികോയും ഉൾപ്പെടെ ഏറ്റുമുട്ടിയ മത്സരങ്ങൾ അമേരിക്കൻ സമയം ഉച്ച 12ന് നടത്തിയത് ഏറെ വിവാദമായിരുന്നു. പി.എസ്.ജി കോച്ച് ലൂയി എന്റിക്വെ പരാതിപ്പെട്ടതും, ചെൽസി താരം എൻസോ ഫെർണാണ്ടസ് ചൂടിലും ഹുമിഡിറ്റിയിലും തളർന്നതുമെല്ലാം സംഘാടകരുടെ മനസ്സിലുണ്ട്.

കളിക്കാരുടെ പ്രകടനത്തിനും സുരക്ഷക്കും മുൻതൂക്കം നൽകണോ, അതോ യൂറോപ്പിലെയും ഏഷ്യയിലെയും ബ്രോഡ്കാസ്റ്റർമാരെ ചേർത്തു പിടിക്കണോയെന്ന ആശങ്കയിലാണ് സംഘാടകർ.

ബ്രിട്ടീഷ് സമയം, വൈകുന്നേരം അഞ്ച്, എട്ട്, 11, പുലർച്ചെ രണ്ടു മണി എന്നി ഷെഡ്യൂളുകളിൽ കളി നടത്താനാണ് ഏറെയും സാധ്യതയുള്ളത്.

ബി.എസ്.ടി ​സമയവും ഇന്ത്യൻ സമയവും 4.30 മണിക്കൂറാണ് വ്യത്യാസം. അഞ്ച് മണിയുടെ കളി 9.30നും, എട്ട് മണിയുടെ കളി 12.30നും, 11ന്റെ കളി 3.30നും, പുലർച്ചെ രണ്ടിന്റെ കളി അതിരാവിലെ 6.30നുമായാവും ഇന്ത്യയിൽ കാണുന്നത്.

മത്സര വേദിയിലെ ചൂടിനെ പരിഗണിക്കാതെ സമയം നിശ്ചയിക്കാൻ കഴിയില്ലെന്ന് കോൺകകാഫ് പ്രസിഡന്റ് വിക്ടർ മോണ്ടഗ്ലിയാനി നൽകുന്ന സൂചനയിൽ ഇതു വ്യക്തമാണ്. ക്ലബ് ലോകകപ്പിൽ കളിക്കാർ നേരിട്ട പ്രശ്നങ്ങളിൽ നിന്നും പാഠം ഉൾകൊണ്ടു തന്നെ ഫിഫ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ അഞ്ചിന് നടക്കുന്ന ഫിഫ നറുക്കെടുപ്പോടെ മത്സര സമയത്തിലും ഔദ്യോഗിക തീരുമാനമാവുമെന്നാണ് പ്രതീക്ഷ.

ഖത്തർ ലോകകപ്പ് അധികം ഉറക്കമിളക്കാതെ കണ്ട ഇന്ത്യക്കാർക്ക് പക്ഷേ, അമേരിക്കൻ ലോകകപ്പിൽ ഉറക്കം ഉപേക്ഷിച്ച് കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.

Tags:    
News Summary - Fifa world cup Kick-off times could move to after midnight UK time to avoid the extreme heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.