ലമീന്‍ യമാൽ, ലയണൽ മെസ്സി

മെസ്സിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍; ഫൈനലിസിമ പോരാട്ടം അടുത്ത വർഷം ഖത്തറിൽ; സ്ഥലവും സമയവും കുറിച്ച് ഫിഫ

സൂറിച്ച്: ആരാധകര്‍ കാത്തിരിക്കുന്ന അർജന്റീന - സ്പെയിൻ ഫൈനലിസിമ പോരാട്ടത്തിന്റെ തീയതിയും വേദിയും ഫിഫ പ്രഖ്യാപിച്ചു. അടുത്ത മാര്‍ച്ച് 27നു ഖത്തറിലാണ് ലോക ചാമ്പ്യന്മാരും കോപ അമേരിക്ക ജേതാക്കളുമായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. മൂന്നര പതിറ്റാണ്ടിനുശേഷം അർജന്‍റീന വീണ്ടും ലോക കിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്‌റ്റേഡിയമാണ് പോരാട്ടതതിന് വേദിയാകുന്നത്. യൂറോപ്യൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പ്. 2024ൽ യൂറോ കപ്പും കോപ അമേരിക്കയും അവസാനിച്ചതു മുതൽ ഇരു ടീമുകളും തമ്മിലെ പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

ഇതിഹാസ താരം ലയണല്‍ മെസ്സിയും, മെസിയുടെ പ്രസംശ പിടിച്ചുപറ്റിയ ബാഴ്സ യുവതാരം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തുന്ന മുഖ്യ ഘടകം. അർജന്‍റീന പരിശീലകൻ ലയണല്‍ സ്‌കലോനിയുടെ തന്ത്രങ്ങളും സ്പാനിഷ് കോച്ച് ലൂയി ഡെലഫ്യുണ്ടെയുടെ തന്ത്രങ്ങളും കളിക്കളത്തിൽ കാണാമെന്ന സവിശേഷതയും മത്സരത്തിനുണ്ട്. 2026 ലോകകപ്പിനു മുമ്പ് നടക്കുന്ന പ്രധാന പോരാട്ടമെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് മത്സരത്തിന് നല്‍കുന്നത്. നിലവില്‍ അര്‍ജന്റീനയാണ് ഫൈനലിസിമ ചാമ്പ്യന്മാര്‍.

ഫുട്ബാൾ ചരിത്രത്തില്‍ മൂന്ന് തവണയാണ് ഫൈനലിസിമ അരങ്ങേറിയത്. 1985ല്‍ ഉറുഗ്വെയെ വീഴ്ത്തി ഫ്രാന്‍സ് പ്രഥമ ജേതാക്കളായി. 1993ലാണ് അര്‍ജന്റീന ആദ്യമായി കിരീടം സ്വന്തമാക്കിയത്. അന്ന് ഡെന്‍മാര്‍കിനെയാണ് അവര്‍ വീഴ്ത്തിയത്. 2022ല്‍ അര്‍ജന്റീന വീണ്ടും നേട്ടമാവര്‍ത്തിച്ചു. യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ വീഴ്ത്തിയാണ് മെസിയും സംഘവും അന്ന് കിരീടമുയര്‍ത്തിയത്. സാധാരണയായി യൂറോ, കോപ അമേരിക്ക ചാമ്പ്യൻഷിപ്പുകൾക്ക് ഒരു വർഷത്തിന് ശേഷമാണ് മത്സരം നടക്കാറുളളത്. ഫിഫയുടെ തിരക്കേറിയ ഫിക്സ്ചർ കാരണമാണ് ഈ വർഷം നടക്കേണ്ട ഫൈനലിസിമ 2026ലേക്ക് നീണ്ടത്.

Tags:    
News Summary - FIFA confirm date for Spain-Argentina Finalissima in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.