ഫിലാഡൽഫിയ: ഫിഫ ക്ലബ് ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സൗദി ക്ലബായ അൽഹിലാൽ നോക്കൗട്ട് റൗണ്ടിൽ. ഗ്രൂപ്പ് എച്ചിൽ മെക്സിക്കൻ ക്ലാബായ പച്ചുകയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടുഗോളിനാണ് ജയം.
ആദ്യമായാണ് ഒരു ഏഷ്യൻ-അറബ് ടീം ക്ലബ് ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. 22ാം മിനിറ്റിൽ സലീം അൽദൗസരിയും അന്തിമ വിസിലിന് തൊട്ടുമുൻപ് മാർക്കസ് ലിയർനാഡോയുമാണ് ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് എച്ചിൽ അഞ്ചു പോയിന്റുമായി രണ്ടാമതായാണ് അൽഹിലാൽ ഫിനിഷ് ചെയ്തത്. ഏഴ് പോയിന്റുള്ള റയലാണ് ഒന്നാം സ്ഥാനത്ത്. അടുത്ത റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് അൽ ഹിലാൽ നേരിടുക.
ഇന്ന് നടന്ന ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ആസ്ട്രിയൻ ക്ലബായ ആർ.ബി സാൽസ്ബർഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് (3-0) തകർത്തു. 40ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെഡറികോ വാൽവർഡെയും 84ാം മിനിറ്റിൽ ഗോൺസാലോ ഗാർസിയയുമാണ് റയലിനായി ഗോൾ നേടിയയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫിനിഷ് ചെയ്ത റയലിന്റെ നോക്കൗട്ട് റൗണ്ടിലെ എതിരാളി യുവന്റാസാണ്.
ഗ്രൂപ്പ് എച്ചിൽ മൂന്നിൽ മൂന്നും ജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാമതായി ഫിനിഷ് ചെയ്തു. യുവന്‍റസിനെ 5-2 നാണ് തകർത്താണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
ഒമ്പതാം മിനിറ്റില്‍ ജെറമി ഡോകുവിലൂടെ ഗോളടിച്ച് സിറ്റിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ സിറ്റിയുടെ ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍റെ പിഴവ് മുതലെടുത്ത ട്യൂൺ കൂപ്‌മൈനേഴ്‌സ് തിരിച്ചടിച്ച് മത്സരം 1-1ന് സമനിലയിലാക്കി. 26-ാം മിനിറ്റിൽ പിയറി കലുലു സെൽഫ് ഗോൾ നേടിയതോടെ സിറ്റി വീണ്ടും ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ പകരക്കാരനായ എർലിംഗ് ഹാലാൻഡ് ക്ലബിന്‍റെ മൂന്നാം ഗോൾ സ്വന്തമാക്കി.
തുടർന്ന് കളത്തിലിറങ്ങിയ ഫിൽ ഫോഡൻ മൂന്ന് മിനിറ്റിനുള്ളിൽ വലകുലുക്കുകയും തുടർന്ന് സാവിഞ്ഞോയുടെ ലോങ് റേഞ്ച് സ്ട്രൈക്കും പിറന്നതോടെ സിറ്റി വിജയം ഉറപ്പിച്ചു. മത്സരത്തിനിടെ എർലിങ് ഹാലൻഡ് തന്‍റെ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 52-ാം മിനിറ്റിലെ താരം അടിച്ച ഗോൾ ക്ലബ്ബ്, അന്താരാഷ്ട്ര മത്സരങ്ങളിലെ 300-ാമത്തെ ഗോളായി മാറി. 84ാം മിനിറ്റില്‍ ഡുസാൻ വ്ലഹോവിച്ചാണ് യുവന്‍റസിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.