കാലിഫോർണിയ: ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്ൻ ക്ലബ് ലോകകപ്പിൽ മികച്ച ജയത്തോടെ തുടക്കം. സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് തോൽപിച്ചത്. കഴിഞ്ഞ ദിവസം, ബയേൺ മ്യൂണിക് മറുപടിയില്ലാത്ത പത്ത് ഗോളിന് ന്യൂസിലൻഡിലെ ഓക്ലൻഡ് സിറ്റിയെയും തകർത്തിരുന്നു.
ഗ്രൂപ് ബിയിൽ അത്ലറ്റിക്കോക്കെതിരെ മത്സരത്തിൽ 74 ശതമാനവും പന്തധീനത കൈവരിച്ച പി.എസ്.ജി ലക്ഷ്യത്തിലേക്ക് 11 ഷോട്ടുകൾ തൊടുത്തു. എന്നാൽ, ലാലിഗ ക്ലബിന്റെ ഭാഗത്തുനിന്ന് വന്നത് ഒരു ഷോട്ട് മാത്രം. പരിക്കേറ്റ സൂപ്പർ താരം ഉസ്മാൻ ഡെംബലെയില്ലാതെയാണ് പി.എസ്.ജി ഇറങ്ങിയത്. 19ാം മിനിറ്റിൽ നിറയൊഴിച്ച് ഫാബിയാൻ റൂയിസ് ഫ്രഞ്ച് സംഘത്തിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടു. ആദ്യ പകുതി തീരാനിരിക്കെ രണ്ടാം ഗോളും. അത്ലറ്റിക്കോ താരം അന്റോണീ ഗ്രീസ്മാന്റെ പിഴവിൽനിന്നാണ് വിറ്റിഞ്ഞ (45+1) ലീഡ് ഇരട്ടിയാക്കിയത്. 57ാം മിനിറ്റിൽ യൂലിയൻ അൽവാരസ് അത്ലറ്റിക്കോക്കായി വല ചലിപ്പിച്ചെങ്കിൽ വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതോടെ നിഷേധിക്കപ്പെട്ടു.
78ാം മിനിറ്റിൽ ഡിഫൻഡർ ക്ലെമന്റ് ലെംഗ് ലെറ്റ് രണ്ടാം മഞ്ഞക്കാർഡും ചുവപ്പും കണ്ട് പുറത്തുപോയത് സ്പാനിഷ് ക്ലബിന് മറ്റൊരു തിരിച്ചടി സൃഷ്ടിച്ചു. പകരക്കാൻ സെന്നി മയൂലു 87ാം മിനിറ്റിൽ സ്കോർ 3-0ത്തിലേക്ക് ഉയർത്തി. സ്റ്റോപ്പേജ് ടൈമിൽ ലഭിച്ച പെനാൽറ്റി ലീ കാങ് ഇൻ (90+7) ലക്ഷ്യത്തിലെത്തിച്ചതോടെ അത്ലറ്റിക്കോയുടെ ദുരന്തം പൂർണം. പസാഡെനയിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ 80,000 പേരാണ് കളി കാണാനെത്തിയത്.
ക്ലബ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഓക്ലൻഡ് സിറ്റിക്കെതിരെ ബയേൺ നേടിയത്. ജർമൻ ചാമ്പ്യന്മാർക്കായി ജമാൽ മൂസിയാല ഹാട്രിക് (67, 73 പെനാൽറ്റി, 84) തികച്ചു. കിങ്സ്ലി കോമാൻ (6, 21), മൈക്കിൾ ഒലീസെ (20, 45+3), തോമസ് മ്യൂളർ (45, 89) എന്നിവർ ഇരട്ട ഗോളും നേടി. സാഷാ ബോയെടെ (18) വകയായിരുന്നു ശേഷിച്ച ഗോൾ. ഗ്രൂപ് സി മത്സരത്തിൽ ഓഷ്യാന പ്രതിനിധികൾക്കെതിരെ 31 ഷോട്ടാണ് ലക്ഷ്യത്തിലേക്ക് ബയേൺ തൊടുത്തതെങ്കിൽ തിരിച്ചുവന്നത് ഒരെണ്ണം മാത്രം. ആദ്യ പകുതിയിൽ ആറ് ഗോളിന് മുന്നിലായിരുന്നു ഇവർ. രണ്ടാം പകുതിയിലെ നാലിൽ മൂന്നെണ്ണവും മുസിയാല നേടി, അതും 17 മിനിറ്റിനിടെ.
അതേസമയം, ഗ്രൂപ് എയിൽ ബ്രസീലുകാരായ പാൽമെയ്റാസും പോർചുഗീസ് കരുത്തർ പോർട്ടോയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ബ്രസീലിലിലെ തന്നെ ബൊറ്റാഫോഗോ ഗ്രൂപ് ബിയിൽ യു.എസ് ക്ലബായ സീറ്റിൽ സൗണ്ടേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. ചൊവ്വാഴ്ച ജർമൻ മുൻ ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ബ്രസീലിലെ ഫ്ലുമിനെൻസ് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.