ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

വാഷിങ്ടൺ: ആവേശം പരകോടിയിലെത്തിച്ചും നേരെ മറിച്ച് തീർത്തും ഏകപക്ഷീയമായുമടക്കം നടന്ന ഗ്രൂപ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ ഫിഫ ക്ലബ് ലോകകപ്പിൽ പ്രീ ക്വാർട്ടർ ചിത്രമായി. പാൽമീറാസ്, ബൊട്ടാഫോഗോ, ബെൻഫിക്ക, ചെൽസി, പി.എസ്.ജി, ഇന്റർ മിയാമി, ഫ്ലാമിംഗോ, ബയേൺ മ്യൂണിക്ക്, ഇന്റർ മിലാൻ, ഫ്ലൂമിനെൻസ്, മാഞ്ചസ്റ്റർ സിറ്റി, അൽഹിലാൽ, റയൽ മഡ്രിഡ്, യുവൻറസ്, ബൊറൂസിയ ഡോർട്മുണ്ട്, മോണ്ടർറി എന്നിവയാണ് ഗ്രൂപ് ഘട്ടം കടന്ന ടീമുകൾ. ഇന്ന് മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. ആദ്യ കളിയിൽ ഇന്ന് രാത്രി 9.30ന് പാൽമീറാസ് ബൊട്ടാഫോഗോയെ നേരിടും.

ഇത്തവണ ആദ്യമായി 32 ടീമുകളെ ഉൾപ്പെടുത്തി നാലു ടീമുകളുള്ള എട്ട് ഗ്രൂപ്പുകളിലായിട്ടായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ടിലെത്തി. ബ്രസീൽ ക്ലബായ ഫ്ലാമിംഗോ ചെൽസിയെ വീഴ്ത്തിയും മറ്റൊരു സാംബ ടീം ബൊട്ടാഫോഗോ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ അട്ടിമറിച്ചും ശ്രദ്ധയാകർഷിച്ച ക്ലബ് ലോകകപ്പിൽ ബയേണിനെ ബെൻഫിക്ക മുട്ടുകുത്തിച്ചതും റയൽ മഡ്രിഡിനെ സൗദി ക്ലബായ അൽഹിലാൽ സമനിലയിൽ പിടിച്ചതും വേറിട്ട കാഴ്ചകളായി.

പ്രഫഷനൽ താരങ്ങളേറെയില്ലാതെ ഇറങ്ങിയ കിവി ടീം ഓക്‍ലൻഡ് സിറ്റിയുടെ പ്രകടനവും ആവേശം നൽകി. പല വേദികളും നിറഞ്ഞുകവിഞ്ഞപ്പോൾ ചിലയിടങ്ങളിൽ വമ്പൻ ടീമുകൾ ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ കളിക്കേണ്ടിവന്നു. യു.എസിലുൾപ്പെടെ മൂന്നു രാജ്യങ്ങളിലായി അടുത്ത വർഷം നൽകുന്ന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടൂർണമെന്റിൽ കാണികളെ ആകർഷിക്കുന്നതടക്കം ലക്ഷ്യമിട്ടാണ് വിശാലാർഥത്തിൽ സംഘടിപ്പിച്ച ക്ലബ് ലോകകപ്പിന് അമേരിക്ക വേദിയായത്.

യൂറോപ്പിൽനിന്ന് പങ്കെടുത്ത ടീമുകളിൽ അറ്റ്ലറ്റികോ മഡ്രിഡ്, പോർട്ടോ, സാൽസ്ബർഗ് എന്നിവയാണ് പുറത്തായ ടീമുകൾ. ചിത്രത്തിൽ അവശേഷിക്കുന്ന റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി ടീമുകൾതന്നെയാണ് കിരീട ഫാവറിറ്റുകൾ.

പ്രീ ക്വാർട്ടർ മത്സരങ്ങൾ

പാൽമീറാസ് Vs ബൊട്ടാഫോഗോ

ബെൻഫിക്ക Vs ചെൽസി

പി.എസ്.ജി Vs ഇന്റർ മിയാമി

ഫ്ലാമിംഗോ Vs ബയേൺ മ്യൂണിക്ക്

ഇന്റർ മിലാൻ Vs ഫ്ലൂമിനെൻസ്

മാഞ്ചസ്റ്റർ സിറ്റി Vs അൽഹിലാൽ

റയൽ മഡ്രിഡ് Vs യുവന്റസ്

ഡോർട്മുണ്ട് Vs മോണ്ടർറേ

മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, അൽഹിലാൽ ടീമുകൾ പ്രീക്വാർട്ടറിൽ

സൂപ്പർ താരം എർലിങ് ഹാലൻഡ് കരിയറിലെ 300ാം ഗോൾ കുറിച്ച ക്ലബ് ലോകകപ്പ് മത്സരത്തിൽ കരുത്തരായ യുവന്റസിനെ തരിപ്പണമാക്കി മാഞ്ചസ്റ്റർ സിറ്റി. ക്യാമ്പിങ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ജി ആവേശപ്പോരിൽ രണ്ടിനെതിരെ അഞ്ചു ഗോളിനായിരുന്നു സിറ്റി വിജയം. ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയ ടീമിന് പ്രീക്വാർട്ടറിൽ സൗതി അതികായരായ അൽഹിലാലാണ് എതിരാളികൾ.

ഗ്രൂപ് ഘട്ടത്തിലെ മൂന്ന് കളികളും ജയിച്ച് നോക്കൗട്ടിലെത്തുന്ന ടീമായി മാറിയ സിറ്റി കിരീടഫാവറിറ്റുകൾ കൂടിയായി മാറി. ഒമ്പതാം മിനിറ്റില്‍ ജെറമി ഡോകു ഗോളടിച്ച് സിറ്റിയാണ് ആദ്യം ലീഡെടുത്തത്. റതാൻ അയ്ത് നൂരിയുടെ കണ്ണഞ്ചും പാസിലായിരുന്നു മൈതാനമുണർത്തിയ ഗോൾ. എന്നാല്‍ മൂന്ന് മിനിട്ടിനുള്ളില്‍ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍റെ പിഴവ് മുതലെടുത്ത ട്യൂൺ കൂപ്‌മൈനേഴ്‌സ് തിരിച്ചടിച്ച് മത്സരം 1-1ന് സമനിലയിലാക്കി. തൊട്ടുമുന്നിൽ സ്വന്തം താരത്തിന് തള്ളിനൽകിയ പാസ് ഓടിപ്പിടിച്ച ട്യൂൺ കൂപ്മൈനേഴ്സ് ഗോളിയെ നിസ്സഹായനാക്കി വലക്കുള്ളിലാക്കുകയായിരുന്നു.

26-ാം മിനിറ്റിൽ യുവെ പ്രതിരോധത്തിൽ പിയറി കലുലുവിന്റെ രക്ഷാദൗത്യം സെൽഫ് ഗോളായി മാറിയതോടെ സിറ്റി വീണ്ടും ലീഡ് നേടി. രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ പകരക്കാരനായ എർലിംഗ് ഹാലൻഡ് ക്ലബിന്‍റെ മൂന്നാം ഗോൾ സ്വന്തമാക്കി.

മറ്റൊരു പകരക്കാരനായ ഫിൽ ഫോഡൻ മൂന്ന് മിനിറ്റിനുള്ളിൽ വലകുലുക്കിയതോടെ ലീഡ് പിന്നെയും ഉയർന്നു. ആറു മിനിറ്റ് കഴിഞ്ഞ് സാവിഞ്ഞോയുടെ ലോങ് റേഞ്ചറും വലയിലെത്തിയതോടെ സിറ്റി വിജയം ഉറപ്പിച്ചു. 84ാം മിനിറ്റില്‍ ഡുസാൻ വ്ലഹോവിച്ച് യുവന്‍റസിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും കളി നേരത്തേ തീരുമാനമായി കഴിഞ്ഞിരുന്നു.

അൽഹിലാൽ വീരചരിതം

ഫിഫ ക്ലബ് ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സൗദി ക്ലബായ അൽഹിലാൽ നോക്കൗട്ട് റൗണ്ടിൽ. ഗ്രൂപ് എച്ചിൽ മെക്സിക്കൻ ക്ലബായ പച്ചുകയ്‌ക്കെതിരെ എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ജയം. ഗ്രൂപ്പിൽ റയൽ മഡ്രിഡിന് പിറകിൽ രണ്ടാമന്മാരായാണ് നോക്കൗട്ട് പ്രവേശനം.

ആദ്യമായാണ് ഒരു ഏഷ്യൻ-അറബ് ടീം ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്നത്. 22ാം മിനിറ്റിൽ സാലിം ദൗസരിയും അന്തിമ വിസിലിന് തൊട്ടുമുൻപ് മാർക്കസ് ലിയർനാഡോയുമാണ് ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ് എച്ചിൽ അഞ്ചു പോയന്റുമായി രണ്ടാമതായാണ് അൽഹിലാൽ ഫിനിഷ് ചെയ്തത്. ഏഴ് പോയന്റുള്ള റയലാണ് ഒന്നാം സ്ഥാനത്ത്.

വിനീഷ്യസ് ‘സീനിയർ’

ഗോളടിച്ചും അടിപ്പിച്ചും വിനീഷ്യസ് ജൂനിയർ റയൽ മുന്നേറ്റത്തിൽ സൂപ്പർ ഹീറോ ആയി മാറിയ ഗ്രൂപ് എച്ചിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് ആസ്ട്രിയൻ ക്ലബായ ആർ.ബി സാൽസ്ബർഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് (3-0) തകർത്തു. 40ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്ത് ഇടംകാലൻ ഷോട്ടിൽ ഗോൾ നേടി വിനീഷ്യസ് ജൂനിയർ ടീമിന് ലീഡ് നൽകി. എട്ടു മിനിറ്റ് കഴിഞ്ഞ് അതിവേഗം കുതിച്ച് പോസ്റ്റിനരികെ വിനീഷ്യസ് നൽകിയ ബാക് ഹീൽ പാസ് വലയിലെത്തിച്ച് ഫ്രെഡറിക്കോ വാൽവർഡെ ലീഡുയർത്തി. 84ാം മിനിറ്റിൽ ഗോൺസാലോ ഗാർസിയ ചിപ് ഷോട്ടിൽ ഗോളിയെ കീഴടക്കി പട്ടിക തികച്ചു. ജയത്തോടെ നോക്കൗട്ടിലെത്തുന്ന ഒമ്പതാം ടീമായി മാറിയ റയലിന്റെ നോക്കൗട്ട് റൗണ്ടിലെ എതിരാളി യുവന്റസാണ്.

Tags:    
News Summary - FIFA Club World Cup 2025: Round of 16 full schedule out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.