എൻ.എ. ഹാരിസ്

ഫിഫ വിലക്ക്: ഗോകുലത്തിനുണ്ടായ നഷ്ടം പരിഹരിക്കാൻ ശ്രമിക്കും -എൻ.എ. ഹാരിസ്

ബംഗളൂരു: ഫിഫയുടെ വിലക്കുകാരണം ഈ വർഷത്തെ എ.എഫ്.സി വനിത ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിക്കാനാവാതെ ഗോകുലം എഫ്.സി ടീമിന് മടങ്ങേണ്ടി വന്നത് നിരാശജനകമാണെന്നും അതുമൂലം ക്ലബിനുണ്ടായ നഷ്ടം പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ് പറഞ്ഞു. പുതിയ പദവിയിൽ തെരഞ്ഞെടുക്കപ്പെട്ടശേഷം കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണത്തിനുശേഷം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ.എഫ്.എഫിനെ ഫിഫ എന്തുകൊണ്ടു നിരോധിച്ചു എന്നത് വേറെത്തന്നെ ചർച്ച ചെയ്യേണ്ട വിഷയമാണ്. അതുകൊണ്ട് ഗോകുലം ക്ലബ്ബിനും കളിക്കാർക്കുമുണ്ടായ മാനസികാഘാതവും സാമ്പത്തിക നഷ്ടവും വലുതാണ്. അത് സംഭവിക്കാൻ പാടില്ലായിരുന്നു. വിഷയത്തിൽ ക്ലബ്ബിനോട് അഖിലേന്ത്യ ഫെഡറേഷൻ ക്ഷമ ചോദിച്ചതു കൊണ്ടുമാത്രം പ്രശ്നം തീരില്ല. ഗോകുലത്തിന്റെ നഷ്ടം തിരികെ നൽകാനുള്ള സാമ്പത്തികശേഷി ഫെഡറേഷനില്ല. എന്നാൽ, അവരെ സഹായിക്കാനാവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും.

ഏതുവിധത്തിൽ അത് കൈകാര്യം ചെയ്യണമെന്നത് എ.ഐ.എഫ്.എഫ് തീരുമാനിക്കും. നല്ല ക്ലബുകൾ ഇവിടെ നിലനിൽക്കേണ്ടത് ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചക്ക് ആവശ്യമാണ്. പ്രസ്തുത വിഷയത്തിൽ എ.ഐ.എഫ്.എഫിന് ഗോകുലം പരാതി നൽകിയതായി അറിവില്ല. പരാതി ലഭിച്ചാൽ, അക്കാര്യത്തിൽ ക്ലബ്ബിനെ സഹായിക്കുന്ന രീതിയിൽ പ്രവർത്തിക്കുമെന്നും ഹാരിസ് പറഞ്ഞു.

എൻ.എ. ഹാരിസ് െഎ.എം വിജയനോടൊപ്പം

വിഷയത്തിൽ എ.ഐ.എഫ്.എഫിന് പരാതി നൽകിയിട്ടില്ലെന്നും ടൂർണമെന്റ് സംഘാടകരായ എ.എഫ്.സിക്കാണ് പരാതി നൽകിയതെന്നും ഗോകുലം ടീം അധികൃതർ പ്രതികരിച്ചിരുന്നു. നിലവിൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മൂന്നാം സ്ഥാനക്കാരായ ഗോകുലത്തിന്റെ 23 അംഗ ടീം എ.എഫ്.സി വനിത ക്ലബ് ഫുട്ബാളിനായി ഉസ്ബകിസ്താനിലെ താഷ്കന്റിൽ എത്തിയ ശേഷമാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് ഫിഫയുടെ വിലക്കുവന്നത്. ദേശീയ കായിക മത്സരങ്ങളിൽ ഫുട്ബാളിന് കുറച്ചുകൂടി പ്രാധാന്യം ലഭിക്കേണ്ടതുണ്ട്.

അതിനുവേണ്ടിയുള്ള പരിശ്രമം നടത്തും. പുതിയ തലമുറയെ മൈതാനത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കും. കളിച്ചു പഠിക്കുക എന്നതിലപ്പുറം പഠിച്ചുകളിക്കുകയാണ് വേണ്ടത്. അന്താരാഷ്ട്ര ക്ലബ്ബുകൾ എപ്പോഴും മികച്ച താരങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് അവർ മുടക്കുന്നത്. ചെറുപ്പം മുതലേ പഠിച്ചുകളിക്കുന്നതിലൂടെയേ മികച്ച താരമായി വളരാനാവൂ. അതിനുവേണ്ടി എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

'ഫുട്ബാളിനോടുള്ള പാഷനാണ് എന്നെ ഈ പദവിയിലേക്കെത്തിച്ചത്. സ്കൂളിലും കോളജിലുമൊക്കെ പന്തുകളിച്ചിട്ടുണ്ട്. കാൽപന്തുകളിയെ ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലേക്കും എത്തിക്കണമെന്നതാണ് ആഗ്രഹം. കേരളവും കൊൽക്കത്തയും ഗോവയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പോലെ പരമ്പരാഗത ഇടങ്ങൾക്കപ്പുറം എല്ലായിടത്തും ഫുട്ബാൾ വളരാനാവശ്യമായ ശേഷിയുണ്ട്. അവയെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നതാണ് പ്രധാനം. അതിൽ പുതിയ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും.

ആവശ്യമായ സഹായം നൽകി എല്ലാ സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകളുടെയും പ്രവർത്തനം ശക്തമാക്കും- ഹാരിസ് കൂട്ടിച്ചേർത്തു. കാസർകോട് വേരുകളുള്ള നാലപ്പാട് കുടുംബാംഗമാണ് കോൺഗ്രസ് നേതാവും എം.എൽ.എ‍യുമായ എൻ.എ. ഹാരിസ്. 2017 മുതൽ കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റും 2019 മുതൽ പ്രസിഡന്റുമായ അദ്ദേഹത്തിന് കീഴിൽ കർണാടകയിൽ നിരവധി പുതിയ ക്ലബ്ബുകൾ രൂപവത്കരിക്കുകയും വിവിധ ഡിവിഷൻ ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 200 ഓളം പുതിയ ക്ലബ്ബുകളാണ് കർണാടക ഫുട്ബാൾ അസോസിയേഷനുകീഴിൽ രജിസ്റ്റർ ചെയ്തത്. 12 ജില്ലകൾ മാത്രം സഹകരിച്ചിരുന്നിടത്ത് 29 ജില്ലകളിലേക്ക് അഫിലിയേഷൻ ഉയർത്തി.

Tags:    
News Summary - FIFA ban: Will try to make up for loss to Gokulam - Harris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.