കൊച്ചി: സീസണിലെ അവസാനത്തെ കളിയിൽ എഫ്.സി ഗോവയുടെ ചുണക്കുട്ടികളെ സ്വന്തം തട്ടകത്തിലിട്ട് ഡബ്ൾ താഴിട്ട് പൂട്ടി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം. 48ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ കെവിൻ യോക്കാണ് കളിയിൽ അക്കൗണ്ട് ആദ്യം തുറന്നത്. ഐ.എസ്.എല്ലിൽ യോക്കിെൻറ കന്നിഗോൾ കൂടിയായി ഈ ഗോൾ ചരിത്രത്തിൽ രേഖപ്പെടുത്തി. 62ാം മിനിറ്റിൽ ഗോവയുടെ മലയാളി താരം മുഹമ്മദ് നെമിൽ തിരിച്ചടിയിലൂടെ സമനിലപ്പൂട്ടിട്ടു. എന്നാൽ, അവിടം കൊണ്ടവസാനിച്ചില്ല, 82ാം മിനിറ്റിൽ ഫല്ലൂ എൻഡിയേയുടെ വക വിജയഗോളും സ്വന്തമാക്കി ടീം അഭിമാനത്തോടെ സീസൺ അവസാനിപ്പിച്ചു.
തുടക്കം മുതൽ ആവേശകരമായ പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. 15ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഫ്രാഞ്ചു നൽകിയ പന്തുമായി മുന്നോട്ടു കുതിച്ച നിഹാൽ സുധീഷ് വലയിലേക്ക് ആഞ്ഞടിച്ചെങ്കിലും ബോബ് ജാക്സൺ രാജ് പിടിച്ചുനിർത്തി. തൊട്ടുപിന്നാലെ നെമിൽ തിരിച്ചടിയുമായി എത്തിയെങ്കിലും പന്ത് കൈപ്പിടിയിലാക്കാൻ ബ്ലാസ്റ്റേഴ്സ് കാവൽക്കാരൻ അർഷിനായി. തുടർന്നുള്ള നിമിഷങ്ങളിലും ആക്രമണ-പ്രത്യാക്രമണങ്ങളുടെ നിരവധി മുഹൂർത്തങ്ങളാണ് മൈതാനത്ത് പിറന്നത്. 25ാം മിനിറ്റിൽ കെവിൻ നേരിട്ടു നൽകിയ ഷോട്ടും വല കടന്നു കുതിക്കുമെന്ന പ്രതീക്ഷയിൽ കാണികൾ ആർത്തുവിളിച്ചെങ്കിലും ആ പന്തും ഭദ്രമായി ബോബിെൻറ കൈക്കുമ്പിളിലൊതുങ്ങി.
41ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കും ഗോളാക്കാൻ ഗോവക്കായില്ല. ഗോവയുടെ പ്രതിരോധ താരം പോൾ മൊറീനോയുടെ കിക്ക് ലക്ഷ്യം കാണാതെ പുറത്തേക്ക്. ഇടവേളയുടെ തൊട്ടുമുമ്പുള്ള ഗോവയുടെ ശ്രമങ്ങളും അർഷിെൻറ വൈദഗ്ധ്യത്താൽ വിഫലമായി. അങ്ങനെ ഗോൾരഹിത ഇടവേളയിലേക്ക്.
എന്നാൽ ഇടവേള തീർന്നതിനുപിന്നാലെ കളിയുടെ ഗതിമാറി. 48ാം മിനിറ്റിലാണ് അതു സംഭവിച്ചത്. വിബിൻ മോഹൻ നൽകിയ പാസിൽ കെവിൻ യോക് ഇടതു കോർണറിൽ നിന്ന് തട്ടിമുന്നേറി. പന്ത് ഇതിനിടെ വീണ്ടും വിബിെൻറ കാലുകളിലേക്ക്. താരം തിരിച്ചു നൽകിയ പന്ത് നേരെ ഗോവയുടെ ഗോൾവലയിലേക്ക് കെവിൻയോക് അടിച്ചിട്ടപ്പോൾ ഗാലറി ഒന്നാകെ ഗോളാരവത്തിൽ ഇളകി മറിഞ്ഞു. പകരം വീട്ടാനുള്ള ശ്രമങ്ങൾ ഗോവയുടെ ഭാഗത്തുനിന്ന് തകൃതിയായി നടന്നു. 58ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ ഡ്രാസിച്ച് നൽകിയ പന്ത് ബ്രിസൺ ഫെർണാണ്ടസ് ഹെഡ് ചെയ്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ 62ാം മിനിറ്റിൽ സുന്ദരമായൊരു ഗോളിലൂടെ നെമിൽ ബ്ലാസ്റ്റേഴ്സിന് മറുപടി നൽകി. ബ്രിസൺ ബോക്സിെൻറ ഇടതുവശത്തു നിന്ന് ക്രോസ് ചെയ്തു കൊണ്ടുവന്ന പന്ത്, നെമിൽ പതിയെ മുകളിലേക്കുയർത്തി ഒറ്റയടി അടിച്ചതോടെ േനരിട്ട് ഗോൾവലയിലേക്ക്. അതോടെ ഗാലറിയും ആതിഥേയരും മൂകരായി.
എന്നാൽ സ്വന്തം തട്ടകത്തിൽ കിട്ടിയതു വാങ്ങി തിരിച്ചുപോവാൻ തയ്യാറല്ലായിരുന്നു ആഷ്ലി വെസ്റ്റ്്വുഡിെൻറ കുട്ടികൾ. 81ാം മിനിറ്റിൽ തങ്ങൾക്കു ലഭിച്ച കോർണർ കിക്ക് നന്നായി മുതലെടുത്ത ടീമിന് വിജയഗോൾ സമ്മാനിച്ചത് ഫല്ലൂ എൻഡിയേ ആണ്. ഫ്രാഞ്ചു നൽകിയ കോർണർ കിക്ക് പോസ്റ്റിലേക്ക് അത്രയും ലളിതമായി തൊടുത്തുവിടുകയായിരുന്നു ഫല്ലൂ. തുടർന്നുള്ള ഓരോ മിനിറ്റിലും തിരിച്ചടിച്ച് സമനില പിടിക്കാൻ എതിരാളികൾ നന്നായി പരിശ്രമിച്ചെങ്കിലും കടുത്ത ആക്രമണ വീര്യവുമായി ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞതിനാൽ ഗോവയുടെ സകല നീക്കങ്ങളും വിഫലമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.