കോട്ടയം: ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ ആവേശത്തിമിർപ്പിലാണ് ജില്ലയൊട്ടാകെ. കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവർവരെ ആരാധകവൃന്ദത്തിലുണ്ട്. ലയണൽ മെസ്സി, നെയ്മർ, റൊണാൾഡോ തുടങ്ങിയ കാൽപന്ത് രാജാക്കന്മാരുടെ കട്ടൗട്ടുകൾ, ഫ്ലക്സുകൾ തുടങ്ങിയവ പലയിടത്തും ഉയർന്നുകഴിഞ്ഞു.
റോഡരികുകളിൽ തങ്ങളുടെ ഇഷ്ടടീമിനെ കുറിച്ചുള്ള വർണനകൾ ഉൾപ്പെടുത്തിയ ബാനറുകളും ഇടംപിടിച്ചിട്ടുണ്ട്. വിവിധ ടീമുകളുടെ ജഴ്സികളും നഗരവിപണിയിൽ സുലഭമാണ്. 270 മുതൽ തുടങ്ങുന്നു ജഴ്സികളുടെ വില. ഓൺലൈനായും ഓഫ്ലൈനായും വിൽപന തകൃതിയായി നടക്കുന്നുണ്ട്. വൈക്കം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, സി.എം.എസ് കോളജ്, പുല്ലരിക്കുന്ന്, ഇല്ലിക്കൽ, കീഴുക്കുന്ന് തുടങ്ങിയ സ്ഥലങ്ങളുൾപ്പെടെ ജില്ലയുടെ നാനാഭാഗത്തും ലോകകപ്പിന്റെ ആവേശം അലയടിക്കുകയാണ്.
അർജന്റീന-ബ്രസീൽ ടീമുകൾക്കാണ് ആരാധകർ അധികവും. സോഷ്യൽ മീഡിയകളിലും ലോകകപ്പിന്റെ പ്രചാരണം സജീവമാണ്. ട്രോളുകളും പ്രത്യേക പശ്ചാത്തലസംഗീതം ഉൾപ്പെടുത്തിയ വിഡിയോകളുമായി ആരാധകർ സജീവമാണ്. മത്സരങ്ങൾ കാണുന്നതിനായി ടർഫുകളിലും ഗ്രൗണ്ടുകളിലും പ്രൊജക്ടർ തയാറാക്കി കാത്തിരിപ്പിലാണ് കാൽപന്ത് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.