പ്രീമിയർ ലീഗിൽ കടുത്ത നടപടി; എവർട്ടൺ എഫ്.സിയുടെ 10 പോയിന്റ് കുറച്ചു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ എഫ്.സിക്കെതിരെ കടുത്ത നടപടി. ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്‌എഫ്‌പി) നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ലീഗിലെ 10 പോയിന്റ് കുറക്കാനാണ് തീരുമാനം. ലാഭവും സുസ്ഥിരതയും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചുവെന്ന് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി.

ഇതോടെ പ്രീമിയർ ലീഗ് പട്ടികയിൽ 14-ൽ നിന്ന് 19-ാം സ്ഥാനത്തേക്ക് എവർട്ടൺ താഴ്ന്നു‌. അവസാന സ്ഥാനത്തുള്ള ബേൺലിക്ക് ഒപ്പം ആണ് എവർട്ടൺ ഉള്ളത്‌. ഗോൾ ശരാശരിയിൽ മാത്രമാണ്  മുന്നിൽ നിൽക്കുന്നത്. എന്നാൽ നടപടി ഞെട്ടിപ്പിച്ചുവെന്നും അന്യാവിധിയാണ് ഉണ്ടായതെന്നും ക്ലബ് മാനേജ്മന്റെ് പ്രതികരിച്ചു.

പ്രഫഷണൽ ഫുട്ബാൾ ക്ലബ്ബുകളുടെ നിലനിൽപ്പിന് വേണ്ടി, അവർ സമ്പാദിക്കുന്നതിലും കൂടുതൽ ചെലവഴിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളെയാണ് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം എന്ന് പറയുന്നത്.

2021-22ൽ 44.7 മില്യൺ പൗണ്ട് കമ്മി റിപ്പോർട്ട് ചെയ്തതിന് ശേഷം തുടർച്ചയായ അഞ്ചാം വർഷവും എവർട്ടൺ സാമ്പത്തിക നഷ്ടം രേഖപ്പെടുത്തിയിരുന്നു.

പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് മൂന്ന് വർഷത്തെ കാലയളവിലുള്ള നഷ്ടം 105 മില്യൺ പൗണ്ടിൽ കവിയാൻ പാടില്ല എന്നാണ് നിയമം. എന്നാൽ എവർട്ടണിന്റെത് 124.5 മില്യണായിരുന്നു എന്നാണ് കണ്ടെത്തൽ.   


എന്നാൽ, എവർട്ടണിൽ കാര്യമായ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് പോയിന്റ് കിഴിവ് വരുന്നത്. ക്ലബ് ഉടമ ഫർഹാദ് മോഷിരി  തന്റെ 94% ഓഹരികൾ അമേരിക്കൻ നിക്ഷേപകരായ "777" ന് വിൽക്കാൻ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കൽ നിയന്ത്രണ പ്രക്രിയകളിലൂടെ കടന്നുപോകുന്നതിനിടെയാണ് വിധി വരുന്നത്. എഫ്‌.എഫ്‌.പി നിയമം തെറ്റിച്ചതിന് ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റ് ക്ലബ്ബായി എവർട്ടൺ മാറി.

Tags:    
News Summary - Everton deducted 10 points by Premier League over financial fair play breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.