ലണ്ടൻ: ആരൊക്കെ വീണാലും ആരു വാണാലും ലോകം കാതോർക്കുന്ന ആവേശപോരാട്ടങ്ങളാണ് യൂറോപ്യൻ ഫുട്ബാൾ. കിരീട നേട്ടങ്ങളുടെ നെറുകെയിലേക്ക് ഇനിയേറെയില്ലെന്നിരിക്കെ മുൻനിര ലീഗുകളിൽ ആരൊക്കെയാകും ചാമ്പ്യന്മാർ? പൊടിപോലും ബാക്കിനിർത്താതെ മണിക്കൂറുകൾ കൊണ്ട് ഇല്ലാതായിപോയ സുപർ ലീഗിന് ആദ്യം പേരുനൽകിയ വമ്പന്മാർ തന്നെ ലീഗുകളിലും കിരീടം പിടിക്കുമോ? അതോ വലിയ പേരുകളില്ലാത്തവർ ഇത്തവണ കറുത്ത കുതിരകളാകുമോ?
റയലും ബാഴ്സയും വാഴുന്ന ലാ ലിഗയിൽ ഇടക്കിടെ മിന്നായം പോലെ എത്തി ചാമ്പ്യൻഷിപ്പ് ഷെൽഫിലെത്തിക്കാറുള്ള ഡീഗോ സിമിയോണിയുടെ കുട്ടികൾ ഇത്തവണയും പതിവിൻപടി അങ്കം കൊഴുപ്പിച്ച് ഒന്നാമതുണ്ട്. രണ്ടാമതുള്ള റയലുമായി അകലം മൂന്നു പോയിേന്റ ഉള്ളൂവെങ്കിലും പോരാട്ടം ഏറെ മുന്നോട്ടുപോയ ലീഗിൽ കിരീടവുമായേ മടങ്ങൂ എന്ന് അത്ലറ്റികോ മഡ്രിഡ് വിശ്വസിക്കുന്നു. എന്നാൽ, ഒരു കളി കുറച്ചുകളിച്ച ബാഴ്സയും റയലും ഇനിയുള്ള കളികളിൽ കാണാം എന്ന വീറുമായി പോരാട്ടമുഖത്തുണ്ട്. നാലാമതുള്ള സെവിയ്യക്കു പോലും സാധ്യതകളുടെ കവാടം ചെറുതായി തുറന്നുകിടപ്പുണ്ട്. ആറു കളികളാണ് ബാക്കിയുള്ളത്, ബാഴ്സക്ക് ഏഴും.
ബുണ്ടസ് ലിഗ
ചാമ്പ്യൻസ് ലീഗ് സെമി കാണാതെ പുറത്തായതിന്‍റെ വിഷമം ബുണ്ടസ് ലിഗയിൽ തീർക്കുന്ന ബയേൺ തന്നെ ഇത്തവണ ചാമ്പ്യന്മാരാകുമെന്നുറപ്പ്. രണ്ടാമന്മാരുമായി 10 പോയിന്‍റാണ് അകലം. അത് ഇനിയും തുടരുകയും ചെയ്യും. അതേ സമയം, എർലിങ് ഹാലൻഡും േജഡൻ സാഞ്ചോയുമുണ്ടായിട്ടും കരുത്തരായ െബാറൂസിയ ഡോർട്മണ്ട് ആദ്യ നാലിൽ പോലും ഇനിയും ഇടമുറപ്പാക്കിയിട്ടില്ല. നാലു കളികൾ ബാക്കിയുള്ളപ്പോൾ അത്രയും പോയിന്‍റ് അകലമുണ്ട് നാലാമന്മാരുമായി.
സീരി എ
തുടർച്ചയായി 10 കിരീടങ്ങളെന്ന യൂറോപ്യൻ റെക്കോഡായിരുന്നു യുവന്‍റസിന്‍റെ സ്വപ്നമെങ്കിലും ഇത്തവണ തുടക്കത്തിലേ പാളി. നാലാം സ്ഥാനത്തേക്കു തള്ളപ്പെട്ട ടീമിന് ഇനിയത് പിടിക്കാനാകുമെന്ന് തോന്നുന്നില്ല. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഇന്‍റർ മിലാൻ കിരീടം മാറോടുചേർക്കുമെന്നാണ് സൂചന. രണ്ടാമതുള്ള എ.സി മിലാനുമായി 10 പോയിന്‍റിന്‍റെ അകലം ഇതിനകം നേടിക്കഴിഞ്ഞ ടീം തകർപ്പൻ ഫോമിലുമാണ്. മറുവശത്ത്, നാപോളി കൊമ്പുകുലച്ച് പിന്നാലെയുള്ളതിനാൽ നാലാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് ബെർത്തും പോലും യുവെ ഇതുവരെ ഉറപ്പിച്ചിട്ടില്ല. രണ്ടു പോയിന്‍റ് മാത്രമാണ് ഇരുവരും തമ്മിലെ വ്യത്യാസം.
ലീഗ് വൺ
ചാമ്പ്യൻസ് ലീഗിലെത്തുേമ്പാൾ താരപ്രഭക്കൊത്ത പ്രകടനവുമായി ഏറെമുന്നിലാണെങ്കിലും പി.എസ്.ജി ഇത്തവണ ഇവിടെ ചാമ്പ്യന്മാരാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു. ലീഗ് വണ്ണിൽ മൂന്നു തവണ ചാമ്പ്യൻപട്ടം നേടിയ ചരിത്രമുള്ള ലിലെ പട്ടികയിൽ മുന്നിലാണ്- രണ്ടാമതുള്ള പി.എസ്.ജിയുമായി ഒരു പോയിന്‍റാണ് അകലം. മൊണാകോ മൂന്നാമതും ലിയോൺ നാലാമതുമുണ്ട്. ഇനി കടുത്ത വൈരികൾ അങ്കത്തിനില്ലാത്തതിനാൽ ഇനിയുള്ള അഞ്ചു മത്സരങ്ങളും ജയിച്ച് കിരീടം പിടിക്കുകയെന്നതാകും മൊറീസിയോ പൊച്ചെറ്റിനോയുടെ ലക്ഷ്യം.
പ്രിമിയർ ലീഗ്
ഇംഗ്ലീഷ് ലീഗിൽ ടീം ഒന്നേയുള്ളൂ. ആരു കപ്പുമായി മടങ്ങും എന്നതും തീരുമാനമായി കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി മാത്രം- 77 പോയിന്‍റാണ് ടീമിന്‍റെ സമ്പാദ്യം. രണ്ടാമതുള്ള യുനൈറ്റഡുമായി അകലം 11 പോയിന്‍റാണ്, ഇനി അവശേഷിക്കുന്നതാകട്ടെ ആറു കളികൾ. മാഞ്ചസ്റ്റർ ടീമുകൾ എല്ലാം തീരുമാനിച്ചുറപ്പിച്ച ലീഗിൽ മൂന്നാമന്മാരായ ലെസ്റ്ററും നാലാമതുള്ള ചെൽസിയും ബഹുദൂരം പിറകിലാണ്. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ കളിമറന്ന് വീട്ടിലിരിപ്പായതിനാൽ ആദ്യ നാലിൽ പോലും അവർക്ക് സ്വപ്നങ്ങളില്ല. ടോട്ടൻഹാമിന്‍റെ അതേ പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ലിവർപൂളിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.