ശനിയാഴ്ച ബ്രൈറ്റണിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയതോടെ എർലിങ് ഹാലൻഡ് തന്റെ പ്രീമിയർ ലീഗ് കരിയറിലെ 100-ാം ഗോൾ സംഭാവന സ്വന്തമാക്കി. പ്രീമിയർ ലീഗിലെ തന്റെ 84-ാമത്തെ ലീഗ് ഗോളാണ് കളിയുടെ 11-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാലൻഡ് നേടിയത്.
16 അസിസ്റ്റുകൾ പ്രീമിയർ ലീഗിൽ തന്‍റെ പേരിൽ കുറിച്ചിട്ടുള്ള ഹാലൻഡ് 100 മത്സരങ്ങൾ കളിക്കുന്നതിന് മുമ്പ് 100 ഗോൾ സംഭാവന നൽകുന്ന ആദ്യ താരമായി മാറി. പ്രീമിയർ ലീഗിൽ ഗോളുകളും അസിസ്റ്റുകളും ചേർത്ത് വേഗതയിൽ 100 എണ്ണം തികയ്ക്കുന്ന കളിക്കാരനെന്ന റെക്കോർഡ് അലൻ ഷിയററിന്‍റെ പേരിലായിരുന്നു, 1994 ൽ തന്റെ 100-ാം മത്സരത്തിൽ അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടിരുന്നത്.
എന്നാൽ വെറും 94 കളികളിൽ നിന്നാണ് ഹാലൻഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലിവർപൂൾ ഇതിഹാസം മുഹമ്മദ് സലാഹും മാഞ്ചസ്റ്റർ യുണൈറ്റഡ് ഐക്കൺ എറിക് കാന്റോണയും 100 ഗോൾ തികയ്ക്കാൻ 116 മത്സരങ്ങൾ വീതം എടുത്തു. മാഞ്ചസറ്റർ സിറ്റിയുടെ മുൻ അർജന്‍റൈൻ ഇതിഹാസ താരം കുൻ അഗ്വേറൊ 118 മത്സത്തിൽ നിന്നുമാണ് 100 ഗോൾ സംഭാവനകൾ നൽകിയത്.
അതേസമയം ബ്രൈറ്റണെതിരെയുള്ള സിറ്റിയുടെ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ചാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. സീസണിൽ 28 മത്സരങ്ങൾ കളിച്ച സിറ്റി 14 വിജയങ്ങളുമായി അഞ്ചാം സ്ഥാനത്താണ്. ആറ് മത്സരത്തിൽ സമനില നേടിയ സിറ്റി ഒമ്പത് മത്സരങ്ങളിൽ പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.