ലൂട്ടൺ ടൗണിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ജാക് ഗ്രീലിഷിന്റെ ആഹ്ലാദം

ടൗണിനെ വീഴ്ത്തി സിറ്റി വിജയവഴിയിൽ; എവർട്ടനോട് തോറ്റ് ചെൽസി

ലണ്ടൻ: തിരിച്ചടികൾക്കൊടുവിൽ ​ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഒരുഗോളിന് പിന്നിട്ടുനിന്നശേഷം പൊരുതിക്കയറിയ സിറ്റി 2-1ന് താരതമ്യേന ദുർബലരായ ലൂട്ടൺ ടൗണിനെയാണ് കീഴടക്കിയത്.

അതേസമയം, കരുത്തരായ ചെൽസിയുടെ ദുർഗതി തുടരുന്നു. സ്വന്തം തട്ടകത്തിൽ ചെൽസിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മുക്കിയ എവർട്ടൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ജയം കുറിച്ചു. 54-ാം മിനിറ്റിൽ അബ്ദുല്ലായേ ദൗകോറും ഇഞ്ചുറി ടൈമിൽ പകരക്കാരനായിറങ്ങിയ ലൂയിസ് ഡോബിനുമാണ് ചെൽസിയുടെ പ്രതീക്ഷകൾ തകർത്ത് നിറയൊഴിച്ചത്. 16 കളികളിൽ കേവലം 19 പോയന്റുമായി പോയന്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ് ചെൽസി. 13 പോയന്റുമായി എവർട്ടൻ 17-ാമതാണ്.

ലൂട്ടൺ ടൗണിന്റെ തട്ടകമായ കെനിൽവർത്ത് റോഡിൽ ജയമില്ലാത്ത നാലു തുടർമത്സരങ്ങൾക്കുശേഷം മാഞ്ചസ്റ്റർ സിറ്റി കഷ്ടിച്ച് കരകയറുകയായിരുന്നു. പരിക്കുകാരണം സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലാൻഡ് ഇല്ലാതെയാണ് സിറ്റി കളത്തിലിറങ്ങിയത്. തുടക്കംമുതൽ എതിരാളികളുടെ ആക്രമണനീക്കങ്ങളെ ഉറച്ച മനസ്സാന്നിധ്യത്തോടെ തടഞ്ഞുനിർത്തിയ ലൂട്ടൺ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഗാലറിയെ ആവേശത്തിലാഴ്ത്തി ചാമ്പ്യൻ ടീമിനെതിരെ ലീഡ് നേടുകയും ചെയ്തു. ആൻഡ്രോ ടൗൺസെൻഡിന്റെ അളന്നുകുറിച്ച ക്രോസിൽ ബാക്പോസ്റ്റിൽ ഏറെ ഉയർന്നുചാടി എലീജ അഡെബായോ തൊടു​ത്ത കിടിലൻ ഹെഡറിന് എഡേഴ്സണിന് മറുപടിയുണ്ടായില്ല.

ഒരു തോൽവി കൂടി തങ്ങളുടെ നില അപകടത്തിലാക്കുമെന്ന് തിരിച്ചറിവിൽ ആക്രമണം കനപ്പിച്ച മാഞ്ചസ്റ്ററുകാർ നിരന്തരം ലൂട്ടൺ ഗോൾമുഖത്തെത്തി. ഒടുക്കം 62-ാം മിനിറ്റിൽ പെനാൽറ്റി ഏരിയയിൽ ഒരു ലൂസ്ബാൾ പിടിച്ചെടുത്ത് ബെർണാഡോ സിൽവ വലയിലേക്ക് തൊടുത്ത ഷോട്ട് ലക്ഷ്യം കണ്ടതോടെ സിറ്റിക്ക് വീര്യം കൂടി. സമനിലയുടെ ആവേശം കെട്ടടങ്ങുംമുമ്പേ മൂന്നുമിനിറ്റിനകം വിജയ​ഗോളുമെത്തി. 65-ാം മിനിറ്റിൽ വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് ഹൂലിയൻ ആൽവാരസ് നിലംപറ്റെ സമാന്തരമായി തൊടുത്ത ഒന്നാന്തരം പാസിനെ ഓടിയെത്തിയ ജാക് ഗ്രീലിഷ് വലയിലേക്ക് തള്ളിയപ്പോൾ ലൂട്ടൺ ടൗണിനെതിരെ സിറ്റിക്ക് ജയമൊരുങ്ങി.

16 കളികളിൽ 33 പോയന്റുമായി സിറ്റി നാലാം സ്ഥാനത്ത് തുടരുന്നു. 37 പോയന്റുള്ള ലിവർപൂൾ ആണ് ഒന്നാമത്. 36 പോയന്റുമായി ആഴ്സനൽ രണ്ടാം സ്ഥാനത്തും 35 പോയന്റുമായി ആസ്റ്റൺ വില്ല മൂന്നാം സ്ഥാനത്തുമാണ്. കവേലം ഒമ്പതു പോയന്റുമായി ലൂട്ടൺ 18-ാം സ്ഥാനത്താണുള്ളത്.

Tags:    
News Summary - EPL: Manchester City beat Luton Town, Chelsea defeated by Everton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.