ഇൻജുറി ടൈമിൽ രക്ഷകനായി കോബി മൈനു; വൂൾവ്സിനെ തകർത്ത് യുനൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇൻജുറി ടൈമിലെ ഗോളിൽ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് വൂൾവ്സിനെ ടെൻ ഹാഗും സംഘവും പരാജയപ്പെടുത്തിയത്.

ജയത്തോടെ ലീഗ് പോയന്‍റ് പട്ടികയിൽ യുനൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് കയറി. മാർകസ് റാഷ്ഫോർഡ് (അഞ്ചാം മിനിറ്റിൽ), റാസ്മസ് ഹോയ്‌ലൻഡ് (22ാം മിനിറ്റിൽ, സ്കോട്ട് മക്ടോമിനെ (75ാം മിനിറ്റിൽ), കോബീ മൈനു (90+7) എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്. പാബ്ലോ സരാബിയ (71 -പെനാൽറ്റി), മാക്സ് കിൽമാൻ (85ാം മിനിറ്റിൽ), പെഡ്രോ നെറ്റോ (90+5) എന്നിവർ വൂൾവ്സിനായി വലകുലുക്കി.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ റാഷ്ഫോർഡിലൂടെ യുനൈറ്റഡ് മുന്നിലെത്തി. ബോക്സിനുള്ളിൽനിന്ന് റാസ്മസ് ഹോയ്‌ലൻഡ് നൽകിയ പന്ത് താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 22ാം മിനിറ്റിൽ ഹോയ്‌ലൻഡിലൂടെ സന്ദർശകർ ലീഡ് ഉയർത്തി. ബോക്സിന്‍റെ ഇടതുമൂലയിൽനിന്നുള്ള താരത്തിന്‍റെ ക്രോസ് വലയിൽ. മത്സരം ഇടവേളക്കു പിരിയുമ്പോൾ യുനൈറ്റഡ് രണ്ടു ഗോളിനു മുന്നിൽ.

71ാം മിനിറ്റിൽ വൂൾവ്സ് ഒരു ഗോൾ മടക്കി. പെനാൽറ്റിയിലൂടെ പാബ്ലോ സരാബിയയാണ് ഗോൾ നേടിയത്. ബോക്സിനുള്ളിൽ വൂൾവ്സ് താരത്തെ കാസെമിറോ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. നാലു മിനിറ്റിനകം സ്കോട്ട് മക്ടോമിനെയിലൂടെ യുനൈറ്റഡ് വീണ്ടും ലീഡ് ഉയർത്തി. കോർണറിൽനിന്നുള്ള പന്ത് ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്. 85ാം മിനിറ്റിൽ മാക്സ് കിൽമനിലൂടെ വൂൾവ്സ് ലീഡ് കുറച്ചു.

ഇൻജുറി ടൈമിൽ (90+5) പെഡ്രോ നെറ്റോയിലൂടെ വൂൾവ്സ് മത്സരത്തിൽ ഒപ്പമെത്തി. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് യുവതാരം കോബി മൈനു യുനൈറ്റഡിന്‍റെ രക്ഷകനായി അവതരിക്കുന്നത്. ബോക്സിനുള്ളിൽനിന്ന് ഫോർസൺ നൽകിയ പന്ത് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിയെയും നിസ്സഹായനാക്കി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

22 മത്സരങ്ങളിൽനിന്ന് 35 പോയന്‍റാണ് യുനൈറ്റഡിന്. 51 പോയന്‍റുള്ള ലിവർപൂളും 46 പോയന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Tags:    
News Summary - English Premier League: Wolverhampton Wanderers 3-4 Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.