ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ചെൽസിയെ 3-0ത്തിന് പരാജയപ്പെടുത്തിയതോടെ നിലവിൽ ഒന്നാമതുള്ള ആഴ്സനലുമായി പോയന്റ് വ്യത്യാസം ആറാക്കി കുറക്കാൻ ഇവർക്കായി. ഗണ്ണേഴ്സിന് ആറും സിറ്റിക്ക് ഏഴും മത്സരങ്ങളാണ് ബാക്കിയുള്ളത്.
ഏപ്രിൽ 19ന് നടക്കുന്ന സിറ്റി-ആഴ്സനൽ മത്സരം ജേതാക്കളുടെ കാര്യത്തിൽ നിർണായക വഴിത്തിരിവാകും. ചെൽസിക്കെതിരെ രണ്ടാം പകുതിയിൽ 17 മിനിറ്റിനിടെ പിറന്ന മൂന്ന് ഗോളുകളാണ് പെപ് ഗ്വാർഡിയോള സംഘത്തിന് ജയം സമ്മാനിച്ചത്. 51ാം മിനിറ്റിൽ നിക്കോ ഒറൈലിയിലൂടെയായിരുന്നു തുടക്കം. പിന്നാലെ മാർക്ക് ഗ്യൂഹിയും (57) സ്കോർ ചെയ്തു. മൂന്നാം ഗോൾ കൂടി 68ാം മിനിറ്റിൽ ജെറമി ഡോക്കു നേടിയതോടെ സന്ദർശകർ ജയം ഉറപ്പിച്ചു.
ചെൽസി താരം മാർക്ക് കുക്കുറെല്ല നേടിയ ഗോൾ ഓഫ്സൈഡ് ആയതിനെ തുടർന്ന് അനുവദിച്ചില്ല. സിറ്റി ഗോൾ കീപ്പർ ജിയാൻലൂജി ഡൊന്നറുമ്മയുടെ മികച്ച സേവുകളും നീലപ്പടയെ തടഞ്ഞു. നിലവിൽ ആറാം സ്ഥാനത്തുള്ള ചെൽസി (48) ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള പോരാട്ടത്തിൽ ലിവർപൂളിനേക്കാൾ (52) നാല് പോയന്റ് പിന്നിലാണ്. 19ന് ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് സിറ്റി-ആഴ്സനൽ പോരാട്ടം. 32 മത്സരങ്ങളിൽ ആഴ്സനലിന് 70ഉം 31 കളികളിൽ സിറ്റിക്ക് 64ഉം പോയന്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.