സ്റ്റേഡിയത്തിലെ വെളിച്ചമൊക്കെ അണഞ്ഞ്, ആരവങ്ങളൊക്കെ ഒടുങ്ങി, ഒരു വലിയ നിശബ്ദതയിലേക്ക് ഈ നാട് വീഴുമ്പോൾ ഉള്ളിൽ പെയ്യുന്ന ഒരു തരം തണുപ്പുണ്ട്. അത് വെറുമൊരു കളി കഴിഞ്ഞതിന്റെ സങ്കടമല്ല. നമ്മുടെയൊക്കെ ജീവിതത്തിലേക്ക് നാല് വർഷത്തിലൊരിക്കൽ പെയ്തിറങ്ങുന്ന ഒരു വലിയ വസന്തത്തിന്റെ കൊഴിഞ്ഞുപോക്കാണ്. നമ്മൾ എത്രയോ നാളായി കാത്തിരുന്ന ആ ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോയത്!
ഓർത്തുനോക്കൂ, ഈ കഴിഞ്ഞ ഒരു മാസക്കാലം നമ്മൾ ജീവിച്ചത് മറ്റേതോ ഒരു ലോകത്തായിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ, ഉറക്കത്തെപ്പോലും തോൽപ്പിച്ച് നമ്മൾ കാൽപ്പന്തിന്റെ ആ താളത്തിലേക്ക് വഴിമാറിയ നാളുകൾ. ജാതിയും മതവും രാഷ്ട്രീയവും ഒക്കെ മനുഷ്യൻ്റെ അതിരുകളായി നിൽക്കുമ്പോഴും, അതൊക്കെ മറന്ന് പ്രായഭേദമന്യേ നമ്മളെല്ലാവരും ഒരൊറ്റ വികാരത്തിലേക്ക്, ഒരൊറ്റ നെഞ്ചിടിപ്പിലേക്ക് ചുരുങ്ങിപ്പോയ മാന്ത്രികദിനങ്ങൾ. ചായക്കടകളിലും കവലകളിലും വീടുകളിലും ഒരേയൊരു ചർച്ച മാത്രം.
സ്നേഹിച്ച ടീം ജയിക്കുമ്പോൾ നെഞ്ചുവിരിച്ചു നടന്നവനും, തോറ്റപ്പോൾ ആരും കാണാതെ കണ്ണു തുടച്ചവനും ഈ ഒരു മാസത്തെ നമ്മുടെ കാഴ്ചകളായിരുന്നു. ഇനിയിപ്പോൾ പതുക്കെ ആ കൊടികളും തെരുവിൽ കെട്ടിപ്പൊക്കിയ വലിയ ഫ്ലെക്സുകളുമൊക്കെ അഴിച്ചുമാറ്റപ്പെടും. രാത്രികളിൽ ഒന്നിച്ച് കളി കാണാൻ, ഓരോ ഗോളിനും ഒന്നിച്ച് തൊണ്ടപൊട്ടുമാറ് ആർത്തുവിളിക്കാൻ കാത്തിരുന്ന ആ ചങ്ങാതിക്കൂട്ടങ്ങൾ വീണ്ടും അവരവരുടെ ജീവിതത്തിരക്കുകളിലേക്ക്, നാളെ രാവിലെ ഓടിയെത്തേണ്ട ജോലികളിലേക്ക് മടങ്ങും. എങ്കിലും, ഈ ലോകകപ്പ് നമ്മുടെയൊക്കെ ജീവിതത്തിൽ ബാക്കിവെച്ചു പോകുന്ന ചിലതുണ്ട്.
മൈതാനങ്ങളിലെ ആ വാശിയേറിയ ഫാൻ ഫൈറ്റുകൾക്കപ്പുറം, സ്നേഹത്തിന്റെ എത്രയോ മനോഹരമായ നിമിഷങ്ങൾക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്! ഒരു ഗോൾ വീഴുമ്പോൾ, അതുവരെ പേരുപോലും അറിയാത്ത, അപരിചിതനായ ഒരാളെ കെട്ടിപ്പിടിച്ച് ആനന്ദം പങ്കിട്ട ആ നിമിഷങ്ങളുണ്ടല്ലോ, അതായിരുന്നു ഈ കളി നമുക്ക് തന്ന ഏറ്റവും വലിയ ലഹരി. ഫുട്ബോൾ എന്ന വികാരം മനുഷ്യരെ എങ്ങനെയാണ് പരസ്പരം കോർത്തിണക്കുന്നത് എന്നതിന്റെ ജീവനുള്ള അടയാളങ്ങൾ!
പക്ഷേ, ഈ ലോകകപ്പിന്റെ വിടപറച്ചിൽ തരുന്ന സങ്കടത്തിന് ആഴം കുറച്ചുകൂടിയാണ്. കാരണം, നമ്മൾ ജനിച്ച കാലം മുതൽ കണ്ട്, നെഞ്ചോട് ചേർത്തുവെച്ച ഒരു സുവർണ്ണ തലമുറയുടെ അവസാനത്തെ ആട്ടമായിരുന്നു ഇത്. ഇനി ഒരിക്കലും ലോകകപ്പിന്റെ ആ വലിയ മണ്ണിൽ അവരുടെ മാന്ത്രിക നീക്കങ്ങൾ കാണാനാകില്ല എന്ന സത്യം ഉൾക്കൊള്ളാൻ ഫുട്ബോൾ പ്രേമികളുടെ മനസ്സ് ഇപ്പോഴും മടിക്കുകയാണ്. ലയണൽ മെസ്സിയുടെ ആ ഇടങ്കാലൻ മാന്ത്രികതയോ, പ്രായത്തെപ്പോലും തോൽപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അചഞ്ചലമായ പോരാട്ടവീര്യമോ, കാണികളെ വിസ്മയിപ്പിച്ച നെയ്മറിന്റെ സുന്ദരമായ ഡ്രിബ്ലിംഗുകളോ ഇനി ആ വേദിയിലുണ്ടാകില്ല. ജർമ്മനിയുടെ കോട്ട കാത്ത ഭീമൻ മാനുവൽ നോയറും, ക്രൊയേഷ്യയുടെ മധ്യനിരയിൽ തന്ത്രങ്ങൾ നെയ്ത ലൂക്കാ മോഡ്രിച്ചും ഇനി ലോകകപ്പിന്റെ ആ പച്ചപ്പുല്ലിലേക്ക് ബൂട്ടണിഞ്ഞ് ഇറങ്ങില്ല. ഒരു യുഗമാണ് ഇവിടെ അവസാനിക്കുന്നത്. അവരില്ലാത്ത ഒരു ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലും ആരാധകർക്ക് കഴിയില്ല, നെഞ്ചിൽ ഒരു വലിയ ശൂന്യത ബാക്കിയാകും.
മൈതാനം വിജനമായാലും, ഗാലറികൾ ഒഴിഞ്ഞാലും ഈ ഒരു മാസക്കാലം നമ്മുടെ ഉള്ളിലേക്ക് പടർന്ന ആ ആവേശവും സന്തോഷവും അത്രപെട്ടെന്നൊന്നും മാഞ്ഞുപോകില്ല. നാളെ മുതൽ രാത്രികളിൽ ആ ടെലിവിഷൻ സ്ക്രീനിലേക്ക് നോക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ചെറിയൊരു ശൂന്യത അനുഭവപ്പെടുമെന്നത് തീർച്ചയാണ്. എങ്കിലും, ഓർമ്മകളുടെ സുഗന്ധം പരത്തി ഈ വസന്തം കൊഴിയുമ്പോൾ, നിറഞ്ഞ കണ്ണുകളോടെയും നിറഞ്ഞ മനസ്സോടെയും നമുക്ക് അടുത്ത കാത്തിരിപ്പിലേക്ക് നീങ്ങാം. പുതിയ താരങ്ങൾ ഉദിച്ചുയരുന്ന, പുതിയ സ്വപ്നങ്ങളിലേക്ക് പന്തുരുളുന്ന ആ അടുത്ത നാല് വർഷത്തിനപ്പുറമുള്ള വസന്തത്തിനായി കാൽപ്പന്തുലോകം വീണ്ടും കാത്തിരിക്കാൻ തുടങ്ങുകയാണ്. നന്ദി, ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്, ഹൃദയം നിറച്ചതിന്, വീണ്ടും കാത്തിരിക്കാൻ പ്രചോദിപ്പിക്കുന്നതിന്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.